
ചേര്‍ത്തല: തിരുനെല്ലൂര്‍ സ്വദേശി ജയദേവന്റെ മരണത്തിന് പിന്നിലും ചേര്‍ത്തല തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യനാണെന്ന് സംശയം. സെബാസ്റ്റ്യന്റെ അടുത്ത സുഹൃത്താണ് ജയദേവന്‍. എഫ്‌സിഐ ഉദ്യോഗസ്ഥനായ ജയദേവന്‍ 2008 ഏപ്രില്‍ ഏഴിനാണ് മരിച്ചത്. റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തിലായിരുന്നു ജയദേവന്റെ മൃതദേഹം കണ്ടെത്തിയത്.
നിലവില്‍ നാല് സ്ത്രീകളുടെ തിരോധാനവും മരണവും സംബന്ധിച്ചുള്ള കേസുകളില്‍ സെബാസ്റ്റ്യന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ജയദേവനെ കൊന്നോയെന്ന സംശയം ഉയരുന്നത്. സെബാസ്റ്റ്യന്‍ ജയദേവന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നുവെന്നും ബന്ധു റെജി മോന്‍ പ്രതികരിച്ചു.
മരിക്കുമ്പോള്‍ ജയദേവന് കോടികളുടെ ആസ്തിയുണ്ടായിരുന്നുവെന്നും ചിട്ടിനടത്തിയ തുക അടക്കം കോടികള്‍ ജയദേവന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും റെജി മോന്‍ പറഞ്ഞു. 'പണം എങ്ങോട്ട് പോയെന്നതും ദുരൂഹം. സെബാസ്റ്റ്യന്റെ വിവാഹം നടത്തിയത് ജയദേവനാണ്. ജയദേവന്‍ തിരുനെല്ലൂര്‍ ശ്രീ വിശാഖപുരം ക്ഷേത്ര കമ്മിറ്റി ഖജാന്‍ജിയായിരുന്നു. ക്ഷേത്രത്തിന്റെ പണം ഉള്‍പ്പടെ കൈകാര്യം ചെയ്തത് ജയദേവനായിരുന്നു', റെജി മോന്‍ പറഞ്ഞു.
അതേസമയം സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടേതാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്‍ പണയം വച്ചതും വിറ്റതുമായ സ്വര്‍ണാഭരണങ്ങളും ജെയ്നമ്മയുടേത് തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ജെയ്നമ്മയുടെ ഫോണ്‍ സിഗ്‌നലുകള്‍ ഏറ്റവും ഒടുവില്‍ ലഭിച്ചത് സെബാസ്റ്റ്യന്റെ വീടിന് സമീപത്തുനിന്നായിരുന്നു. ഇതും സെബാസ്റ്റ്യനിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവായി. ഈ ഫോണ്‍ സെബാസ്റ്റ്യന്‍ ഉപയോഗിച്ചതിന്റെയും സിം റീചാര്‍ജ് ചെയ്തതിന്റേയും സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല.
അതേസമയം പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. എന്നാല്‍ കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു. 2024 ഡിസംബര്‍ 20നാണ് ജെയ്നമ്മയെ കാണാതായത്. ഇവര്‍ തന്റെ സുഹൃത്തായിരുന്നുവെന്നും പ്രാര്‍ത്ഥനായോഗങ്ങളില്‍വെച്ചാണ് പരിചയപ്പെട്ടതെന്നും സെബാസ്റ്റ്യന്‍ മൊഴിനല്‍കിയിരുന്നു.
Content Highlights: Jayadevan s relative doubted Sebastian also accused in Jayadevan murder