'പറഞ്ഞത് കൃത്യമാണ്, കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ'; എം വി ഗോവിന്ദനെ പിന്തുണച്ച് ഗീവര്‍ഗീസ് മാർ കൂറിലോസ്

ജോസഫ് പാംപ്ലാനിക്കെതിരെ എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് മാർ കൂറിലോസിന്‍റെ പ്രതികരണം

dot image

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിന്തുണച്ച് യാക്കോബാ സഭ നിരണം ഭദ്രാസന അധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണ അറിയിച്ചത്. 'ഗോവിന്ദൻ മാഷ് പറഞ്ഞത് കൃത്യമാണ്. ഒപ്പം..., കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ...' എന്നാണ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചത്. എം വി ഗോവിന്ദന്റെ ചിത്രത്തോടൊപ്പമാണ് കുറിപ്പ്.

പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാൾ ഇല്ലെന്നും എം വി ഗോവിന്ദൻ വിമർശിച്ചിരുന്നു. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഗോവിന്ദന്റെ കടന്നാക്രമണം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതി. അച്ചന്മാർ കേക്കും കൊണ്ട് സോപ്പിടാൻ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

എന്നാൽ അതേ നാണയത്തിൽ തലശ്ശേരി അതിരൂപതയും മറുപടി നൽകിയിരുന്നു. എകെജി സെന്റിൽനിന്നും തിട്ടൂരം വാങ്ങിയതിന് ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാർ പ്രസ്താവന നടത്താൻ പാടുള്ളൂ എന്ന സമീപനം ഉള്ളിൽ ഒളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണെന്നായിരുന്നു തലശ്ശേരി അതിരൂപതയുടെ വിമർശനം. ഗോവിന്ദച്ചാമി സംസാരിക്കുന്നതുപോലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കരുതെന്നായിരുന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിലിന്റെ പ്രതികരണം. മൈക്കും കുറേ ആളുകളെയും കാണുമ്പോൾ സ്ഥലകാലബോധം നഷ്ടപ്പെട്ടാണ് എം വി ഗോവിന്ദന്റെ പ്രതികരണമെന്നാണ് ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞത്. പാംപ്ലാനിക്കെതിരായ വിമർശനത്തിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.

Content Highlights: Geevarghese Mar Coorilose supports M V Govindan on Joseph Pamplany controversy

dot image
To advertise here,contact us
dot image