
തിരുവനന്തപുരം: യുവമോർച്ച പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തിൽ അച്ചടക്കനടപടി. പുനഃസംഘടനയെ വിമർശിച്ച മൂന്ന് നേതാക്കൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ യുവമോർച്ച നേതാക്കൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. വിപിൻകുമാർ, എസ് എസ് ശ്രീരാഗ്, വിഷ്ണു കൈപ്പള്ളി എന്നിവർക്ക് എതിരെയാണ് നടപടി മൂന്നു പേരെയും ബിജെപി നേതൃത്വം സസ്പെൻഡ് ചെയ്തു. പുനഃസംഘടനയിൽ ഒരു വിഭാഗം നേതാക്കളെ ഒഴിവാക്കി എന്ന ആരോപണം ഉന്നയിച്ചതിനാണ് നടപടി.
യുവമോർച്ച പുനഃസംഘടനയ്ക്ക് പിന്നാലെ ബിജെപിയെ ബിസിനസ് ജനതാ പാർട്ടിയാക്കി മാറ്റിയെന്ന് ഒബിസി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് കൂടിയായ വിപിൻ കുമാർ ഫോസ്ബുക്കിലൂടെ വിമർശിച്ചിരുന്നു. കോർപ്പറേറ്റ് ബുദ്ധിയും കൊണ്ട് സംഘടന ഓടിക്കാൻ വന്ന രാജീവ് ചന്ദ്രശേഖറിന് പിഴവ് പറ്റിയെന്നും വിപിൻ കുമാർ പറഞ്ഞിരുന്നു.
തെറ്റ് പറ്റിയത് പാർട്ടിക്കാണോ അതോ നേതാക്കളുടെ പിടിവാശിയാണോയെന്നായിരുന്നു എസ് എസ് ശ്രീരാഗിൻ്റെ വിമർശനം. യുവമോർച്ച ജില്ലാ പ്രസിഡന്റ് സജിത്തിനെ ഒഴിവാക്കിയതിനെതിരെയായിരുന്നു ബിജെപിയുടെ പെരുങ്കടവിള പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ എസ് എസ് ശ്രീരാഗിൻ്റെ വിമർശനം. പാർട്ടിയെ വളർത്തിയവരെ പാർട്ടി മറന്നെന്നും അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാൻ ചിഹ്നം നൽകിയില്ലെങ്കിലും കുഴപ്പമില്ലെന്ന വെല്ലുവിളിയും ശ്രീരാഗ് നടത്തിയിരുന്നു.
Content Highlights: Yuva Morcha reorganization Disciplinary action against leaders who criticized