
കുവൈത്തില്‍ അബ്ദലി അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി ആയുധങ്ങളും വെടിയുണ്ടകളും കടത്താനുളള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇറാഖില്‍ നിന്ന് എത്തിയ കുവൈത്ത് പൗരന്റെ ശരീര പരിശോധനയില്‍ രണ്ട് തോക്കുകളും 50 വെടിയുണ്ടകളും പിടികൂടി. ഇതിന് പുറമെ കുവൈത്തില്‍ നിന്ന് ഇറാഖിലേക്ക് പോകാന്‍ ശ്രമിച്ച ഇറാഖി പൗരന്റെ വാഹനത്തില്‍ നിന്ന് 12 മില്ലീമീറ്റര്‍ വലുപ്പമുള്ള 1,395 ഷോട്ട്ഗണ്‍ വെടിയുണ്ടകളും പിടിച്ചെടുത്തു.
ഇറാഖിൽ നിന്ന് വന്ന ഒരു കുവൈത്ത് പൗരനെയാണ് ആദ്യ സംഭവത്തിൽ പിടികൂടിയത്. ഇയാളെ വിശദമായി പരിശോധിച്ചപ്പോൾ, രഹസ്യമായി സൂക്ഷിച്ചിരുന്ന 9 എം.എം. ഗ്ലോക്ക് പിസ്റ്റളുകളും 50 റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തു.
രണ്ടാമത്തെ സംഭവത്തിൽ വാഹനത്തില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു തോക്കും വെടിയുണ്ടകളും സൂക്ഷിച്ചിരുന്നത്. നിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിനുള്ള തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഭാഗമായി പരിശോധന കൂടുതല്‍ ശക്തമായി തുടരുമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
രണ്ട് സംഭവങ്ങളിലെയും പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടർ നിയമനടപടികൾക്കായി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ഇത്തരം കള്ളക്കടത്ത് ശ്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ കര, കടൽ, വ്യോമ തുറമുഖങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Kuwait Customs officers at Abdali border post foiled an attempt to smuggle weapons