
മലപ്പുറം: ദേശീയ തലത്തില്‍ ശ്രദ്ധേയമായ ചെമ്മാട് ദാറുല്‍ ഹുദാ സര്‍വകലാശാലയ്‌ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിലൂടെ സിപിഐഎമ്മിന്റെ മനസ്സിലിരുപ്പ് സമൂഹത്തിന് വ്യക്തമായതായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ. എന്ത് വിലകൊടുത്തും ദാറുല്‍ഹുദയെ മുസ്‌ലിം ലീഗ് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സ്വകാര്യ വ്യക്തികളുടെ കച്ചവടസ്ഥാപനങ്ങള്‍ നിലംനികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ അവയ്ക്കു നേരെ കണ്ണടയ്ക്കുകയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ മുസ്‌ലിം സാംസ്‌കാരിക സ്ഥാപനത്തിന് നേരെ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നതിലൂടെ കേരളത്തില്‍ ആര്‍എസ്എസിന്റെയും ബജ്‌റംഗ്ദളിന്റെയും ആവശ്യമില്ലെന്ന് സിപിഐഎം തെളിയിച്ചിരിക്കുന്നു. എന്തുവിലകൊടുത്തും ദാറുല്‍ഹുദയെ മുസ്‌ലിം ലീഗ് സംരക്ഷിക്കുമെന്നും പി അബ്ദുല്‍ഹമീദ് പറഞ്ഞു.
ദാറുല്‍ഹുദക്കെതിരായ ഏതു നീക്കത്തെയും ചെറുത്തുതോല്‍പിക്കും. ഇത്തരം ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് മുസ്‌ലിം ലീഗ് രക്ഷാകവചമൊരുക്കും. ദാറുല്‍ഹുദക്കെതിരായ സിപിഐഎം പ്രക്ഷോഭത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച അദ്ദേഹം വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടാകണമെന്നും ആഹ്വാനം ചെയ്തു.
കുടിവെള്ളം മലിനമാക്കുന്നു, പാടം മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ചാണ് സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. ദാറുല്‍ ഹുദയില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലത്തിന് പരിഹാരം കാണുക, മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ ഉന്നയിച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്വിയാണ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍. ബഹാഉദ്ദീന്‍ നദ്വിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മാര്‍ച്ചിന് ശേഷം നടന്ന യോഗത്തില്‍ സിപിഐഎം ഉന്നയിച്ചത്.
ബഹാഉദ്ദീന്‍ നദ്വിക്ക് പ്രത്യേക കൃമികടിയാണെന്ന് സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം സി. ഇബ്രാഹിംകുട്ടി പറഞ്ഞു. ബഹാഉദ്ദീന്‍ നദ്വി മുസ്ലിം ലീഗിന്റെ കോളാമ്പിയായി പ്രവര്‍ത്തിക്കുന്നയാള്‍. ചുവന്ന കൊടി കണ്ടാല്‍ ഹാലിളകുന്ന ആളാണ് ബഹാഉദ്ദീന്‍ നദ്വി. അദ്ദേഹത്തിന് ഇടക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്താവനകള്‍ നടത്തിയില്ലെങ്കില്‍ ഉറക്കം വരില്ലെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
Content Highlights: Will resist moves against Darul Huda Islamic University; Muslim League