'തൽക്കാലം കുഞ്ഞാപ്പൻ്റെ കുട്ട്യോള് പോയി പള്ള നിറച്ച് പത്തിരിയും കോഴിക്കറിയും തിന്ന് റെസ്റ്റ് എടുക്കാൻ നോക്ക്'

കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിനെ മാറ്റണമെന്ന പരാതിക്ക് പിന്നാലെ എംഎസ്എഫിനെ പരസ്യമായി അധിക്ഷേപിച്ച് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ

dot image

കാസർകോട്: കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിനെ മാറ്റണമെന്ന പരാതിക്ക് പിന്നാലെ എംഎസ്എഫിനെ പരസ്യമായി അധിക്ഷേപിച്ച് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ. 'മുന്നണിയും മര്യാദയുമെല്ലാം ഞങ്ങളുടെ മാത്രം ബാധ്യത ആണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ആ ബാധ്യത ഞങ്ങളങ്ങ് സൗകര്യപൂർവ്വം മറക്കാനും വെറുക്കാനും തയാറാവുമെന്ന് ഓർമ്മിപ്പിക്കുകയാണ്' എന്ന് ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു. കെഎസ്‌യു എന്ത് ചെയ്യണം ആരെ സ്ഥാനത്തിരുത്തണമെന്നൊക്കെ തീരുമാനിക്കാൻ തങ്ങൾക്കറിയാം. തൽക്കാലം കുഞ്ഞാപ്പൻ്റെ കുട്ട്യോള് പോയി പള്ള നിറച്ച് പത്തിരിയും കോഴിക്കറിയും തിന്ന് റെസ്റ്റ് എടുക്കാൻ നോക്ക് എന്നു പറഞ്ഞാണ് ഗോകുൽ കുറിപ്പ് അവസാനിപ്പിക്കുന്നത്. കണ്ണൂർ ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.

ഗോകുൽ ഗുരുവായൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

മുന്നണിയും, മര്യാതയും എല്ലാം ഞങ്ങളുടെ മാത്രം ബാധ്യത ആണെന്ന് ആരെങ്കിലും കരുതുന്നുണ്ട് എങ്കിൽ ആ ബാധ്യത ഞങൾ അങ്ങ് സൗകര്യപൂർവ്വം മറക്കാനും, വെറുക്കാനും തയ്യാറാവും എന്ന് ഓർമ്മിപ്പിക്കുകയാണ് ….
KSU എന്ത് ചെയ്യണം, ആരെ സ്ഥാനത്തിരുത്തണമെന്നും ഓക്കേ തീരുമാനിക്കാൻ ഞങ്ങൾക്കറിയാം….
തൽക്കാലം കുഞ്ഞാപ്പൻ്റെ കുട്ടോള് പോയി പള്ള നിറച്ച് പത്തിരിയും,കോഴിക്കറിയും തിന്ന് റെസ്റ്റ് എടുക്കാൻ നോക്ക്……!

കണ്ണൂർ സർവ്വകലാശാല തെരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നണി മര്യാദ ലംഘിച്ചെന്നും ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ വഞ്ചിച്ചെന്നും കാണിച്ചാണ് എംഎസ്എഫ് ഡിസിസിക്കും കെപിസിസിക്കും പരാതി നൽകിയത്. കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ല എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് യുഡിഎസ്എഫ് സ്ഥാനാർത്ഥി ജയിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. എന്നാൽ ഈ വിജയം ഇല്ലാതാക്കാൻ കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡന്റ് ശ്രമിച്ചെന്നാണ് എംഎസ്എഫിന്റെ പരാതി.

17 യുയുസിമാർ എംഎസ്എഫിനും നാല് യുയുസിമാർ കെഎസ്‌യുവിനും കാസർകോട് ജില്ലയിലുണ്ട്. ഇതിൽ മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ കെഎസ്‌യു യുയുസിയെ ജില്ലാ പ്രസിഡന്റ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡണ്ടിനും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എംഎസ്എഫ് പരാതി നൽകുകയായിരുന്നു.

Content Highlights: gokul guruvayoor against msf

dot image
To advertise here,contact us
dot image