
ബോളിവുഡിലെ പ്രശസ്ത നടനും നിര്‍മാതാവുമാണ് ജോണ്‍ എബ്രഹാം. പിതാവ് മലയാളിയായതിനാല്‍ തന്നെ ജോണ്‍ എബ്രഹാമിന് കേരളവുമായി ഒരു കണക്ഷനുണ്ട്. കേരളത്തെയും മലയാളികളെയും കുറിച്ച് ജോണ്‍ എബ്രഹാം ഇടയ്ക്കിടെ സംസാരിക്കാറുമുണ്ട്. സിനിമയ്ക്കൊപ്പം പൊതുവിഷയങ്ങളിലും, പ്രത്യേകിച്ച് ജിയോ പൊളിറ്റിക്സുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും വിശകലനങ്ങളും പങ്കുവെക്കുന്ന താരം കൂടിയാണ് ജോണ്‍ എബ്രഹാം. അതിനുള്ള കാരണവും തന്‍റെ മലയാളി വേരുകളിലെ മാര്‍കിസിസ്റ്റ് കണക്ഷനാണെന്ന് പറയുകയാണ് നടന്‍. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
'ചെറുപ്പത്തില്‍ എന്റെ അച്ഛന്‍ എല്ലായ്‌പ്പോഴും എന്നെക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയല്‍ വായിപ്പിക്കുമായിരുന്നു. ഞാനങ്ങനെ എഡിറ്റോറിയല്‍ വായിക്കാന്‍ തുടങ്ങി. അതെന്റെ ശീലമായി. അതിന്‌ശേഷം ഞാന്‍ തുടര്‍ച്ചയായി വായിക്കുമായിരുന്നു. പത്രത്തിന്റെ ആദ്യ പേജ് മുതല്‍ അവസാനപേജ് വരെ. അത് എന്റെ അച്ഛന്‍ എന്നിലുണ്ടാക്കിയ ശീലമാണ്. കുട്ടിക്കാലത്ത് എന്നും രാത്രിയിലെ ഹിന്ദി ന്യൂസ് കാണുമായിരുന്നു. അന്ന് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നില്ല, പിന്നെ ഇന്റര്‍നെറ്റ് വന്നതോടെ അത് ഉപയോഗിക്കാന്‍ തുടങ്ങി ജിയോപൊളിറ്റിക്‌സിനോടുള്ള താല്പര്യം വര്‍ധിച്ചു.
അടുത്തിടെ റഷ്യ ടുഡെയിലെ ഒക്‌സാന ബോയ്‌കോഫുമായി ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അതില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ കുറിച്ച് ഞാന്‍ സംസാരിച്ചു. അതിനുശേഷം ബ്യൂറോയില്‍ നിന്ന് വിളിച്ച് എന്നോട് ചോദിച്ചു നിങ്ങള്‍ക്ക് റഷ്യയെക്കുറിച്ച് എങ്ങനെ ഇത്രയും കാര്യങ്ങള്‍ അറിയാമെന്ന്. ഞാന്‍ കരുതുന്നത് എന്റെ മല്ലു റൂട്‌സില്‍ തന്നെ മാര്‍ക്‌സിസ്റ്റ് സംഗതികള്‍ ഉള്ളതുകൊണ്ടാണെന്നാണ്. എനിക്കെല്ലാ കാലത്തും ജിയോപൊളിറ്റിക്‌സിനോട് താല്പര്യമുണ്ടായിരുന്നു.സിനിമയുടെ ആംഗിളില്‍ നോക്കുകയാണെങ്കില്‍ Schindler's List എന്ന മൂവി കണ്ടതോടെ, ഇങ്ങനെയുള്ള ചിത്രങ്ങള്‍ നിര്‍ബന്ധമായും എടുത്തിരിക്കണം എന്ന് എനിക്ക് തോന്നി,' ജോൺ എബ്രഹാം പറഞ്ഞു.
Content Highlights: John Abraham on his Marxist roots as a Malayali