
മലപ്പുറം: ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഐഎമ്മിനെതിരെ പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ബഹാഉദ്ദീന്‍ നദ്‌വിയുടെ വിമര്‍ശനങ്ങളെ നേരിടാന്‍ ഇന്നും സിപിഐഎമ്മിന് പ്രാപ്തമല്ല എന്നതാണ് ഇത്തരം കോപ്രായങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്ന് നവാസ് പറഞ്ഞു. മലപ്പുറം ജില്ലയെ കുറിച്ച് വര്‍ഗീയ പ്രസംഗം നിരന്തരം നടത്തിയ വെള്ളാപ്പള്ളി നടേശന് സ്വീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഓടിപ്പായുന്ന കുട പിടിച്ച സിപിഐഎം നേതാക്കള്‍ക്ക് അവരുടെ സമരങ്ങള്‍ ഡോ ബഹാഉദ്ദീന്‍ നദവിയുടെ പടിക്കല്‍ വരെ ഒക്കെ എത്തൂയെന്നും നവാസ് പറഞ്ഞു.
പി കെ നവാസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ദാറുല്‍ ഹുദയിലേക്ക് സമരവുമായി വന്ന സഖാക്കളോട് ഒരു ചോദ്യം.!
എന്താണ് ആ സമര കാരണം.!
ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ വി.സി ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദവി ഒരു ആഗോള മുസ്ലിം പണ്ഡിതനാണ്. അദ്ദേഹം എഴുതുകയും പറയുകയും ചെയ്യുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ വിശദീകരണങ്ങളും വിമര്‍ശനങ്ങളുമുണ്ട്. അതില്‍ ഒന്നാണ് കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ആഗോള ചരിത്രം.
ആ ചരിത്രം പറഞ്ഞതിന്റെ പേരില്‍ ഒരു സാധാരണകാരനെ പോലും വേട്ടയാടാന്‍ അനുവദിക്കില്ല.
ലക്ഷകണക്കിന് മനുഷ്യരെ കൊന്നുതള്ളിയ ഒരു പ്രസ്ഥാനത്തിന്റെ ചരിത്രം ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും.
എന്നാല്‍ അത്തരമൊരു ആഗോള പണ്ഡിതനെതിന്റെ വിമര്‍ശനങ്ങള്‍ക്ക്
'ക്രിമികടി' മറുപടിയായി അല്ല സി.പി. ഐ.എം ആളെ പറഞ്ഞയക്കേണ്ടത്.
ബഹാഉദ്ധീന്‍ ഉസ്താദിന്റെ വിമര്‍ശനങ്ങളെ നേരിടാന്‍ ഇന്നും സി.പി.ഐ.എമ്മിന് പ്രാപ്തമല്ല എന്നതാണ് ഇത്തരം കോപ്രായങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.
മലപ്പുറത്തെ സഖാക്കളോടാണ്.!
നിങ്ങളെ ചാരി നിന്ന ഒരു എം.എല്‍.എ ഉണ്ടായിരുന്നു, അന്‍വര്‍. അദ്ദേഹം ചെങ്ങാത്തം അവസാനിപ്പിച്ചപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. സി.പി.എം ആര്‍.എസ്.എസ് വത്കരിക്കപ്പെടുന്നു എന്നത്.
മലപ്പുറം ജില്ലയെ കുറിച്ച് വര്‍ഗീയ പ്രസംഗം നിരന്തരം നടത്തിയ വെള്ളാപ്പള്ളി നടേശന് സ്വീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഓടിപ്പായുന്ന കുട പിടിച്ച സി.പി.എം നേതാക്കള്‍ക്ക് അവരുടെ സമരങ്ങള്‍ ഡോ ബഹാഉദ്ദീന്‍ നദവിയുടെ പടിക്കല്‍ വരെ ഒക്കെ എത്തൂ.
എത്ര നിങ്ങള്‍ പരിഹസിച്ചാലും, കല്ലെറിഞ്ഞാലും അദ്ദേഹം ഒതുങ്ങിയ ഒരു ചിരിയില്‍ പ്രതികരണം നിര്‍ത്തും മറുപടി അര്‍ഹിക്കുന്നതാണെങ്കില്‍ ഒരാളെ ഭയമില്ലാതെ കനമുള്ള വാക്കിനാല്‍ പറഞ്ഞ് തീര്‍ക്കും.
വര്‍ഗീയതക്കെതിരെ ഗീര്‍വാണ പ്രസംഗങ്ങള്‍ നടത്തുന്ന സി.പി.എം വര്‍ഗീയതക്കെതിരെ എന്ത് ചെയ്തു എന്ന ചോദ്യം നിരന്തരം ബാക്കിയാണ്.
പികെ നവാസ്
കുടിവെള്ളം മലിനമാക്കുന്നു, പാടം മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ചാണ് സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. ദാറുല്‍ ഹുദയില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലത്തിന് പരിഹാരം കാണുക, മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ ഉന്നയിച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്‌വിയാണ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍. ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മാര്‍ച്ചിന് ശേഷം നടന്ന യോഗത്തില്‍ സിപിഐഎം ഉന്നയിച്ചത്.
ബഹാഉദ്ദീന്‍ നദ്വിക്ക് പ്രത്യേക കൃമികടിയാണെന്ന് സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം സി. ഇബ്രാഹിംകുട്ടി പറഞ്ഞു. ബഹാഉദ്ദീന്‍ നദ്വി മുസ്ലിം ലീഗിന്റെ കോളാമ്പിയായി പ്രവര്‍ത്തിക്കുന്നയാള്‍. ചുവന്ന കൊടി കണ്ടാല്‍ ഹാലിളകുന്ന ആളാണ് ബഹാഉദ്ദീന്‍ നദ്വി. അദ്ദേഹത്തിന് ഇടക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്താവനകള്‍ നടത്തിയില്ലെങ്കില്‍ ഉറക്കം വരില്ലെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.