
ആലപ്പുഴ: മലപ്പുറത്തെ കുറിച്ച് വീണ്ടും വിദ്വേഷ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് മുസ്‌ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും വോട്ട് ബാങ്ക് കാണിച്ച് മുസ്‌ലിംകൾ സർക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്‌ലിം ലീഗ് അവരുടെ രാജ്യം സൃഷ്ടിച്ച് ശരീഅത്ത് നിയമം നടപ്പാക്കാനും മലപ്പുറം സംസ്‌കാരം സ്ഥാപിക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുട്ടനാട്ടിലെ ഒരു ചടങ്ങിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം.
മലപ്പുറത്തുനിന്ന് കൽപ്പിക്കുന്നതിനനുസരിച്ച് ചാടുന്ന കുഞ്ഞുരാമന്മാരാകരുത് രാഷ്ട്രീയക്കാർ. കേരളത്തിൽ ആര് ഭരിക്കണമെന്ന് സമസ്ത തീരുമാനിക്കുന്ന നിലയിലായി കാര്യങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറം പ്രസംഗം വളച്ചൊടിച്ച് തന്റെ കോലം കത്തിച്ചതുകൊണ്ട് സത്യം അസത്യമാവില്ല. കോൺഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ നടന്നുപോകാനാവില്ല. മുല്ലപ്പള്ളിയും സുധീരനുമെല്ലാം സമുദായത്തിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Vellapally Natesan hate speech about malappuram