
സൗത്ത് ആംപ്റ്റണിലെ റെസ്റ്റോറന്റ് ഉടമയായ ഇന്ത്യൻ വംശജൻ ഡിക്ടറ്റീവായി മാറേണ്ടി വന്ന സാഹചര്യമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. പഥാരോ എന്ന റെസ്റ്റോറന്റിന്റെ ഉടമയാണ് അങ്കിത് വഗേല. ഈ റെസ്റ്റോറന്റിന് നേരെ രണ്ടാമതും ഉണ്ടായ ആക്രമണത്തെ തുടർന്നാണ് അങ്കിതിന് ഡിക്ടറ്റീവ് ആകേണ്ടി വന്നത്. ഈസ്റ്റ് സ്ട്രീറ്റിലെ ജനപ്രിയമായ വെജിറ്റേറിയൻ സ്‌പോട്ടായ ഇവിടെ നിന്നും വിലപിടിപ്പുള്ള മദ്യവും പണവും മോഷണം പോയി. റെസ്റ്റോറന്റ് തകർത്ത് അകത്ത് കയറിയാണ് മോഷണം നടത്തിയത്. മോഷണ വിവരം അറിഞ്ഞതിന് പിന്നാലെ അങ്കിത് പൊലീസ് ഹെൽപ് ലൈനിൽ വിളിച്ചു പരാതി അറിയിച്ചു. എന്നാൽ അവരുടെ പ്രതികരണം നിരാശാജനകമായതോടെയാണ് അങ്കിതിന് മാറി ചിന്തിക്കേണ്ടി വന്നത്.
സിസിടിവി ദൃശ്യങ്ങൾ ഇ മെയിൽ ചെയ്യാൻ പൊലീസ് അങ്കിതിനോട് ആവശ്യപ്പെട്ടു. റെസ്റ്റോറന്റിലെത്തി തെളിവെടുപ്പ് നടത്താൻ നാലഞ്ച് ദിവസം പിടിക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് കളളനെ പിടിക്കാൻ എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്ന ചിന്തയിൽ അങ്കിത് തന്നെ തുനിഞ്ഞിറങ്ങി. അന്വേഷണത്തിനിടയിലാണ് റെസ്റ്റോറന്റിന് സമീപത്തുള്ള റോഡിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കാശ് രജിസ്റ്ററും പൊട്ടിയ ലിക്കർ ബോട്ടിലുകളും അദ്ദേഹം കണ്ടെത്തിയത്. ഇതോടെ കേസിൽ ചില വഴിതിരിവുകൾ ഉണ്ടായിരിക്കുകയാണ്. നിലവിൽ കേസ് ഹാംഷെയർ പൊലീസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചതോടെ തന്റെ ഡിക്ടറ്റീവ് കുപ്പായം അങ്കിത് മാറ്റിവച്ചിരിക്കുകയാണ്.
മുമ്പും സമാനമായ തരത്തിൽ മോഷണ ശ്രമം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് അടുത്ത അതിക്രമം റെസ്റ്റോറന്റിന് നേരെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ പക്ഷേ ഒരു സാധനവും നഷ്ടപ്പെട്ടിരുന്നില്ല. റെസ്റ്റോറന്റ് ഫുൾ ഗ്ലാസിലാണ് നിർമിച്ചിരിക്കുന്നത്. ഇത് തകർത്താണ് ഇപ്പോൾ മോഷണം നടന്നത്. ഇന്ത്യൻ വുമൻസ് ക്രിക്കറ്റ് ടീമിന്റെ ആഘോഷങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കപ്പെട്ട റെസ്റ്റോറന്റിന് നേരെയാണ് അതിക്രമം നടന്നിരിക്കുന്നത്. റെസ്റ്റോറിന്റിന്റെ ഗ്ലാസ് ചുമരുകൾ തകർത്തതോടെ ചില്ലുകൾ കാരണം ഉള്ളിൽ കയറാൻ കഴിയാത്ത സ്ഥിതിയായിരുന്നു. നിലവിലെ അവസ്ഥയെല്ലാം നന്നാക്കി ഉടൻ തന്ന റെസ്റ്റോറന്റ് പഴയനിലയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് അങ്കിത് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അന്വേഷണം മോഷ്ടാവിലേക്ക് എത്തിയെന്ന സൂചനയാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്.
Content Highlights: Indian origin man played role of detective after restaurant Burglary in UK