
ന്യൂഡല്‍ഹി: ഒഡീഷയില്‍ കന്യാസ്ത്രീകളും മലയാളി വൈദികരും അക്രമത്തിനിരയായ സംഭവത്തില്‍ പ്രതികരിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ഛത്തീസ്ഗഡില്‍ നാടകം കളിച്ച കേരളത്തിലെ ബിജെപിക്ക് വിഷയത്തില്‍ എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
'ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മത ന്യൂനപക്ഷങ്ങള്‍ക്കും ക്രൈസ്തവർക്കും നേരെയുള്ള നിരന്തര ആക്രമണത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. ഇതില്‍ ബിജെപിക്ക് എന്താണ് പറയാനുള്ളത്. കേരളത്തിലെ ബിജെപി നേതൃത്വത്തിന് എന്താണ് പറയാനുള്ളത്. ഛത്തീസ്ഗഡില്‍ ഓടിയെത്തി അവിടുത്തെ കന്യാസ്ത്രീകളെ മോചിപ്പിച്ചത് തങ്ങളാണെന്ന് വരുത്തി തീര്‍ത്ത് നാടകങ്ങള്‍ അഭിനയിച്ച ബിജെപിക്ക് ഒഡീഷയില്‍ ആക്രമിച്ച സംഭവത്തില്‍ എന്താണ് പറയാനുള്ളതെന്നും കൊടിക്കുന്നിൽ സുരേഷ് ചോദിച്ചു.
ഒഡീഷയിലെ ജലേശ്വറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്റംഗ്ദൾ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്.
70 പേരടങ്ങുന്ന പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തത്. ചരമ വാര്‍ഷികത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇവര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. അതേസമയം പ്രശ്നമുണ്ടാക്കിയ ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം. അക്രമങ്ങളെ അപലപിച്ച് സിബിസിഐ രംഗത്ത് വന്നു. വൈദികര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും വിശദ പ്രതികരണം നാളെ ഇറക്കുമെന്നും സിബിസിഐ വ്യക്തമാക്കി. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ആക്രമണം നടക്കുകയും ജയിലിലടക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കകമാണ് സമാന സംഭവം ഒഡീഷയില്‍ നടക്കുന്നത്.
Content Highlight: Kodikunnil Suesh against Odisha priest attack