ട്രാഫിക് പിഴകൾക്ക് ഇളവ് വാ​ഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തിയ സംഘം ദുബായിൽ അറസ്റ്റിൽ

ട്രാഫിക് പിഴകള്‍ക്ക് 30 മുതല്‍ 70 ശതമാനം വരെ ഇളവ് ലഭിക്കുമെന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം

dot image

ട്രാഫിക് പിഴകള്‍ക്ക് ഇളവ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം ദുബായില്‍ അറസ്റ്റില്‍. 70 ശതമാനം വരെ ഇളവുകള്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ദുബായ് പോലീസിന്റെ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ട്രാഫിക് പിഴകള്‍ക്ക് 30 മുതല്‍ 70 ശതമാനം വരെ ഇളവ് ലഭിക്കുമെന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം. ഇതിനായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചാരണവും നടത്തി. മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഹാക്കിങിലൂടെ കൈക്കലാക്കിയ ബാങ്കിങ് വിവരങ്ങള്‍ ഉപയോഗിച്ചും പിഴകള്‍ പൂര്‍ണമായും അടക്കുന്നതായിരുന്നു ഇവരുടെ രീതി. തുടര്‍ന്ന് വാഗ്ദാനം ചെയ്ത ഇളവ് കഴിഞ്ഞുള്ള തുക വാഹന ഉടമകളില്‍ നിന്ന് പണമായി കൈപ്പറ്റും.

ഗവര്‍ണമെന്റ് വെബ്സൈറ്റ് വഴി നിയമാനുസൃതമായ രീതിയിലാണ് പണം അടച്ചിരുന്നത്. അതിനാല്‍ തട്ടിപ്പ് രീതികള്‍ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ദുബായ് പൊലീസിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്റർ പ്രതികളെ പിടികൂടി.

ബാങ്കിങ് ഡാറ്റ മോഷണവും സാമ്പത്തിക തട്ടിപ്പും ഉള്‍പ്പെടെയുളള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറിഞ്ഞുകൊണ്ട് ഇത്തരക്കാരുടെ വലയില്‍ വീഴുന്നവരെയും കുറ്റവാളികളായി കണക്കാക്കേണ്ടി വരുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. വാഹന പിഴകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് അറിയിച്ചു.

Content Highlights: Dubai Police makes arrests over traffic fine discount scam

dot image
To advertise here,contact us
dot image