
വിലക്കുറവിൽ മാക്ബുക്ക് സ്വന്തമാക്കുന്നതിനൊപ്പം വിയറ്റ്‌നാമിൽ അടിച്ചുപൊളിച്ച് ആഘോഷിച്ച് തിരിച്ചുവന്ന യുവാവാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇയാളുടെ സ്മാർട്ട് പ്ലാനിങിനെ പുകഴ്ത്തുകയാണ് ഭൂരിപക്ഷവും. നിങ്ങൾ ഇന്ത്യയിൽ രണ്ടു ലക്ഷം രൂപയോളം വിലയുള്ള മാക്ബുക്കോ ഐഫോണോ വാങ്ങാൻ താൽപര്യപ്പെടുന്നെങ്കിൽ ആ പൈസയ്ക്ക് ഒരു യാത്ര നടത്തിവരാമെന്നാണ് യുവാവ് സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റിൽ പങ്കുവച്ചത്. തന്റെ ഒരു സിമ്പിൾ ഐഡിയ എങ്ങനെയാണ് പണം സേവ് ചെയ്യാൻ സഹായിച്ചതെന്നും ആ പണം കൊണ്ട് ഒരു വെക്കേഷൻ അടിച്ചുപൊളിച്ചെന്നുമാണ് യുവാവ് പറയുന്നത്. വില കുറഞ്ഞ റൗണ്ട് ട്രിപ്പ് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത ഇയാൾ ഹനോയ്‌ലേക്ക് വച്ചുപിടിച്ചു. ജോലി ആവശ്യങ്ങൾക്കായി പലപ്പോഴും അവിടേക്ക് പോകുന്നതിനൊപ്പം ആ നഗരം ചുറ്റിക്കാണുന്നതും ഈ യുവാവിന് പ്രിയപ്പെട്ട കാര്യമാണ്. ഈ യാത്ര പക്ഷേ കൃത്യമായ പദ്ധതിയോടെയായിരുന്നു എന്നാണ് യുവാവ് പറയുന്നത്.
വിയറ്റ്‌നാമിൽ ആപ്പിൾ ഉത്പന്നങ്ങൾക്ക് പൊതുവേ കുറഞ്ഞ വിലയാണ്. മാത്രമല്ല അവിടെ വിനോദ സഞ്ചാര സൗഹൃദമായ വാറ്റ് റീഫണ്ട് സിസ്റ്റം നിലവിലുണ്ട്. ഈ രണ്ടുകാര്യങ്ങളും നന്നായി തന്ന ഉപയോഗിക്കാനായിരുന്നു ഇയാളുടെ തീരുമാനം. ഏത് കടയിലാണോ സാധനം വാങ്ങാൻ കയറുന്നത് അവരോട് എയർപോർട്ടിലേക്കുള്ള വാറ്റ് റീഫണ്ട് ഡോക്യുമെന്റ്‌സ് ഉണ്ടോയെന്ന് പ്രത്യേകം ചോദിക്കണമെന്ന് ഇയാൾ ഓർമിപ്പിക്കുന്നു.
ഇന്ത്യയിലാണെങ്കിൽ ഇയാൾക്ക് വേണ്ട മാക്ബുക്കിന് കാർഡ് ഓഫറുകൾ ഉണ്ടെങ്കിൽ പോലും വില 1,85,000 രൂപയാണ്. മതിയായ വാറ്റ് ഡോക്യുമെന്റ് ഇഷ്യു ചെയ്യുന്ന വിയറ്റ്‌നാമിലെ ഏതെങ്കിലും കടയിൽ നിന്നാണ് ഈ മാക്ബുക്ക് വാങ്ങുന്നതെങ്കിൽ, എയർപോർട്ടിൽ റീഫണ്ട് അവകാശപ്പെടാം. അപ്പോൾ ഇതേ മോഡലിന് നൽകേണ്ടി വരിക 1,48,000 രൂപയാണ്. അവിടെ 36,500 രൂപ ലാഭം. ഏകദേശം വിമാനടിക്കറ്റിനുള്ള പണത്തിന് തുല്യമാണിത്. ഈ യാത്രയുടെ മുഴുവൻ ചിലവാണ് നിലവിലെ താരം. മാക്ബുക്, വിമാനടിക്കറ്റ്, താമസം, ഭക്ഷണം മറ്റുകാര്യങ്ങൾ എല്ലാംകൂടി 2,80,000 രൂപ ആയിരുന്നു യുവാവിന് ചിലവായത്. വാറ്റ് റീഫണ്ട് ലഭിച്ചപ്പോൾ, ആകെ ചിലവായത് ഏകദേശം 1,97,000രൂപയോളമാണ്. മാക്ബുക്കിന്റെ വില കുറച്ചാൽ, വിയറ്റ്‌നാമിൽ അടിച്ചുപൊളിച്ചതിന് ആകെ ചിലവ് 48,000 രൂപ മാത്രമെന്നാണ് യുവാവ് പറയുന്നത്.
യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പലരും അയാളുടെ പദ്ധതിയെ പുകഴ്ത്തിയപ്പോൾ സേവിങ്‌സായി കിട്ടിയ തുക, മുഴുവൻ ട്രിപ്പിന് ചിലവഴിച്ച തുകയ്‌ക്കൊപ്പം തന്നെ ലഭിച്ചത് കുറേപേർക്ക് ആശ്ചര്യമാണ് ഉണ്ടാക്കിയത്. മറ്റുചിലർ അവരുടെയും സമാനമായ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്.
Content Highlights: If you want to buy a 2 lakh worth MacBook in lower price Fly to Vietnam