ഇന്ത്യൻ വംശജനായ വിദ്യാർത്ഥി, 18-ാം വയസിൽ മില്യൺ ഡോളറിന് ഉടമ; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് വിജയി

ദുബായിൽ ജനിച്ച വെയ്നിന്റെ മാതാപിതാക്കൾ മുംബൈയിൽ നിന്നുള്ളവരാണ്

dot image

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ റാഫിൾ നറുക്കെടുപ്പിൽ വിജയിച്ച് ഇന്ത്യൻ വംശജനായ വിദ്യാർത്ഥി. 18 വയസ് മാത്രമുള്ള വെയ്ൻ നാഷ് ഡിസൂസയാണ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി മാറിയത്. അമേരിക്കയിലെ ഇല്ലിനോയ് ഉർബാന-ചാമ്പെയ്‌നിലെ ഏറോസ്‌പേസ് എൻജിനീയറിങ് വിദ്യാർത്ഥിയാണ് വെയ്ൻ നാഷ്. ജൂലൈ 26-ന് പഠനത്തിനായി യുഎസിലേക്ക് പോകുമ്പോൾ ദുബായ് എയർപോർട്ടിൽ നിന്നാണ് വെയ്ൻ ടിക്കറ്റ് വാങ്ങിയത്.

ദുബായിൽ ജനിച്ച വെയ്നിന്റെ മാതാപിതാക്കൾ മുംബൈയിൽ നിന്നുള്ളവരാണ്. താനും കുടുംബവും ദുബായ് ഡ്യൂട്ടി ഫ്രീ പ്രൊമോഷനുകളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്ന് വെയ്ൻ പറഞ്ഞു. 'എന്റെ മാതാപിതാക്കൾ യാത്ര ചെയ്യുമ്പോൾ പതിവായി ടിക്കറ്റുകൾ വാങ്ങാറുണ്ട്. എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ മുതൽ ഞാൻ യാത്ര ചെയ്യുന്നുണ്ട്. അവർ ഒരുപക്ഷേ 30 വർഷത്തിലേറെയായി ഇത്തരം ടിക്കറ്റുകൾ എടുക്കുന്നുണ്ടാവാം.' വെയ്ൻ പ്രതികരിച്ചു.

ഉറക്കത്തിനിടെയാണ് താൻ മില്യൺ ഡോളറിന് ഉടമയായ വാർത്ത അറിഞ്ഞതെന്ന് വെയ്ൻ പറയുന്നു. 'യൂണിവേഴ്സൽ സ്റ്റുഡിയോസിൽ ഒരു ദിവസം മുഴുവൻ കറങ്ങിയതിന്റെ ക്ഷീണത്തിലായിരുന്നതിനാൽ ഫോൺ കോൾ വന്നപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു. ആദ്യം എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല, അത് യാഥാർത്ഥ്യമായി തോന്നിയതുമില്ല.' വെയ്ൻ കൂട്ടിച്ചേർത്തു.

സമ്മാനത്തുക താനും സഹോദരിയും ഉൾപ്പെടെയുള്ളവരുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുമെന്നാണ് വെയ്ൻ പറയുന്നത്. ബാക്കിയുള്ള പണം ദുബായിൽ ഭൂമി വാങ്ങാനോ നിക്ഷേപിക്കാനോ ഉപയോഗിക്കുമെന്നും വെയ്ൻ വ്യക്തമാക്കുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ സമൂഹമാധ്യമങ്ങളിൽ പറയുന്നത് അനുസരിച്ച്, 1999-ൽ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഒരു മില്യൺ ഡോളർ നേടുന്ന 255-ാമത്തെ ഇന്ത്യൻ പൗരനാണ് വെയ്ൻ.

Content Highlights: 18-year-old Indian-origin boy wins $1 million in Dubai Duty Free draw

dot image
To advertise here,contact us
dot image