'ഇവിടെ ഭരിക്കുന്നത് BJPയാണെന്ന് പറഞ്ഞാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ മർദിച്ചത്'; ഒഡീഷയിൽ മർദ്ദനം നേരിട്ട വൈദികൻ

എൺപതോളം ബജ്‌റംഗ്ദൾ പ്രവർത്തകർ വഴിയിൽ കാത്തുനിൽക്കുകയും വാഹനം തടയുകയും ചെയ്തു, ഫോണ്‍ പിടിച്ചുവാങ്ങി മര്‍ദിക്കുകയായിരുന്നു

dot image

ഭുവനേശ്വർ: ഒഡീഷയിൽ ബജ്രംഗ്ദൾ പ്രവർത്തകരുടെ മർദനമേറ്റത് കുർബാനയ്ക്ക് എത്തി തിരിച്ചു പോകവെയെന്ന് ആക്രമണം നേരിട്ട മലയാളി വൈദികൻ. ഒഡീഷയിലെ ജലേശ്വറിലാണ് ബജ്രംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളേയും മലയാളി വൈദികരേയും മർദിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇടവകയ്ക്ക് കീഴിലുള്ള ഒരു വീട്ടിൽ ചരമവാർഷികത്തോട് അനുബന്ധിച്ചുള്ള കുർബാനയ്ക്ക് പോയതായിരുന്നു. ഒമ്പത് മണിയോടെ വണ്ടിയിൽ തിരിച്ചു വരുന്നതിനിടെ എൺപതോളം ബജ്‌റംഗ്ദൾ പ്രവർത്തകർ വഴിയിൽ കാത്തുനിൽക്കുകയും വാഹനം തടയുകയും ചെയ്തുവെന്ന് ആക്രമണം നേരിട്ട ഫാദർ ലിജോ നിരപ്പേൽ റിപ്പോർട്ടറിനോട് പറഞ്ഞു.

എന്തിനിവിടെ വന്നുവെന്ന് ചോദിച്ചപ്പോൾ പ്രാർത്ഥനയ്ക്ക് എത്തിയതാണെന്നും കാര്യങ്ങൾ വിശദീകരിച്ചെങ്കിലും അവർ തർക്കിക്കാൻ തുടങ്ങി. കൈ കൊണ്ട് പുറത്തടിച്ചു. ബൈക്ക് നശിപ്പിക്കുകയും എല്ലാവരുടേയും മൊബൈൽ പിടിച്ചുവാങ്ങുകയും ചെയ്തു. വണ്ടിയിൽ നിന്ന് പുറത്തിറക്കിയാണ് മർദിച്ചതെന്ന് ഫാദർ പറഞ്ഞു. രാത്രിയിൽ എന്തിനാണ് ആദിവാസി കുടുംബങ്ങളുടെ അടുത്ത് വന്നതെന്നും മതപരിവർത്തനത്തിന് വന്നതല്ലേ എന്നും ചോദിച്ചായിരുന്നു അതിക്രമം. നിങ്ങൾ ഇന്ത്യയെ അമേരിക്കയാക്കാൻ പോകുകയാണോ ഇപ്പോൾ ബിജെപിയാണ് രാജ്യം ഭരിക്കുന്നത് എന്നെല്ലാം പറഞ്ഞ് ബജ്രംഗ്ദൾ പ്രവർത്തകർ ആക്രോശിച്ചു. പൊലീസ് എത്തിയാണ് തങ്ങളെ ഹൈവേ വരെ എത്തിച്ചതെന്നും ഫാദർ ലിജോ നിരപ്പേൽ പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Bajrang Dal activists attack nuns and priests in Odisha

dot image
To advertise here,contact us
dot image