
വാഷിങ്ടണ്‍: മാസങ്ങള്‍ നീണ്ട തര്‍ക്കത്തിന് ശേഷം 'മസ്‌ക് ഒരു നല്ല മനുഷ്യനാണ്' എന്ന് വ്യക്തമാക്കിക്കൊണ്ട് ട്രംപ് രംഗത്ത്. ഇലോണ്‍ മസ്‌കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്നിരുന്ന തുറന്ന വാക്ക് പോരാട്ടത്തിന് ശേഷമാണ് ഇപ്പോള്‍ മസ്‌കിനെ പുകഴ്ത്തിക്കൊണ്ട് ട്രംപ് രംഗത്തെത്തിയത്. ഒരു സര്‍വേ ഫലത്തില്‍ അമേരിക്കയില്‍ ഏറ്റവും ജനപ്രീതി കുറഞ്ഞ പൊതുപ്രവര്‍ത്തകനായി മസ്‌കിനെ തിരഞ്ഞെടുത്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മസ്‌കിനെ പ്രശംസിച്ചുകൊണ്ട് ട്രംപ് സംസാരിച്ചത്.
'സര്‍വേ എത്രത്തോളം കൃത്യമാണെന്ന് എനിക്കറിയില്ല, പക്ഷെ മസ്‌ക് വളരെ നല്ല വ്യക്തിയാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് അയാള്‍ കടന്ന് പോയത്. എങ്കിലും മസ്‌ക് വളരെ നല്ല മനുഷ്യനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.' ട്രംപ് വ്യക്തമാക്കി.
രാജ്യാന്തര ഗവേഷണ സ്ഥാപനമായ ഗാലപിൻ്റെ സര്‍വേയിലായിരുന്നു ഏറ്റവും ജനപ്രീതി കുറഞ്ഞ പൊതുപ്രവര്‍ത്തകനായി മസ്‌കിനെ കണ്ടെത്തിയത്. മസ്‌കും ട്രംപും തമ്മിലുണ്ടായ തുറന്ന വാക്‌പോരിന് ശേഷം മാസങ്ങള്‍ കഴിഞ്ഞ് ട്രംപ് മസ്‌കിനെ പ്രശംസിച്ചതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
നേരത്തെ ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ഡോണൾഡ് ട്രംപിന്റെ പേരുമുണ്ടെന്ന ആരോപണം മസ്ക് എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതിനാലാണെന്നായിരുന്നു മസ്കിൻ്റെ വെളിപ്പെടുത്തൽ. ഇതോടെയാണ് ഇരുവരും തമ്മിലുള്ള വാക്ക്പോര് രൂക്ഷമായത്. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുംഏക്സ് പോസ്റ്റിലൂടെ മസ്ക് ആവശ്യപ്പെട്ടിരുന്നു.
അധികാരം ഏറ്റെടുത്ത ഉടനെ ഡോജിൻ്റെ തലവനായി ട്രംപ് ഇലോൺ മസ്കിനെ നിയമിച്ചിരുന്നു. ജോലി വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മസ്കിൻ്റെ നിലപാടുകൾ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും മസ്കും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്. പിന്നാലെ മസ്ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയതോടെയാണ് മസ്ക് ട്രംപ് പോര് പരസ്യമായത്. ബില്ലിനെതിരെ മസ്ക് പരസ്യമായി രംഗത്ത് വന്നിരുന്നു.
Content Highlight; He's a Good Person: Trump on Elon Musk