ബാഷ അല്ല, 'കൂലി' ട്രെയ്‌ലറിലെ ആ ലുക്ക് മറ്റൊരു രജനി സിനിമയുടെ റഫറൻസ്; വൈറലായി ഫാൻ തിയറികൾ

ട്രെയ്ലറിൻ്റെ അവസാനം രജനിയുടെ ഒരു ഡീ ഏജ്ഡ് ലുക്ക് പ്രത്യക്ഷപ്പെട്ടത് വലിയ ട്രെൻഡിങ് ആയിരുന്നു

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച വരവേൽപ്പായിരുന്നു ട്രെയിലറിന് ലഭിച്ചിരുന്നത്. ട്രെയ്ലറിൻ്റെ അവസാനം രജനിയുടെ ഒരു ഡീ ഏജ്ഡ് ലുക്ക് പ്രത്യക്ഷപ്പെട്ടത് വലിയ ട്രെൻഡിങ് ആയിരുന്നു. സിനിമയുടെ ഫ്ലാഷ്ബാക്ക് സീനിലേക്ക് വേണ്ടിയുള്ളതാണ് ഈ രംഗമെന്നും ബാഷ റഫറൻസ് ആണ് ലോകേഷ് ഉദ്ദേശിച്ചതെന്നും കമന്റുകൾ ഉയർന്നിരുന്നു.

എന്നാൽ രജനിയുടെ ഈ ഫ്ലാഷ്ബാക്ക് ലുക്ക് 1981 ൽ പുറത്തിറങ്ങിയ തീ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഉപയോഗിച്ചതാണെന്നാണ് സോഷ്യൽ മീഡിയയിലെ തിയറികൾ. ആർ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത തീയിൽ രാജ എന്ന കൂലിയായിട്ടാണ് രജനികാന്ത് എത്തിയത്. കൂലി ട്രെയിലറിൽ രജനികാന്ത് ഒരു പ്രത്യേക സ്റ്റൈലിൽ സിഗരറ്റ് വലിക്കുന്നുണ്ട്. തീയിലെ രജനിയുടെ കഥാപാത്രവും ഇതേ സ്റ്റൈലിലാണ് സിഗരറ്റ് വലിക്കുന്നത്. ഒപ്പം, തന്റെ മെറ്റൽ ബാഡ്ജിൽ തീപ്പെട്ടിക്കൊള്ളി ഉരച്ച് സിഗരറ്റ് കത്തിക്കുന്ന ഷോട്ട് കൂലി ട്രെയിലറിൽ കാണാം. ഇത് തീയിലെ രജനികാന്തിന്റെ അതേ സ്റ്റൈൽ ആണെന്നും സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്. തീയുടെ റീമേക്ക് ആണ് ഈ ലോകേഷ് കനകരാജ് ചിത്രം എന്നും സംശയങ്ങൾ ഉയർന്നിരുന്നു.

ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്.

ആമിർ ഖാൻ രജിനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Rajini look from Coolie is from Thee movie

dot image
To advertise here,contact us
dot image