
തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭനെയും ഉള്‍പ്പെടുത്തി. ഇന്ന് പുറത്തുവന്ന കോര്‍ കമ്മിറ്റി പട്ടികയില്‍ നിന്നും സി കെ പത്മനാഭനെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് സി കെ പത്മനാഭന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരെ വിളിച്ച് രാജി വെക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ ബിജെപി പുതിയ സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു.
നാളെ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും സി കെ പത്മനാഭന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ സര്‍ക്കുലര്‍ മാറ്റി ഉടന്‍ പുറത്തിറക്കുകയായിരുന്നു. സി കെ പത്മനാഭനെ കൂടാതെ എ എന്‍ രാധാകൃഷ്ണന്‍, ഡോ. കെ എസ് രാധാകൃഷ്ണന്‍, ഒ രാജഗോപാല്‍ എന്നിവരെയും പുറത്താക്കിയിരുന്നു. മുന്‍ അധ്യക്ഷന്മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ കമ്മിറ്റിയില്‍ തുടരും. ഉപാധ്യക്ഷന്മാരായ ഷോണ്‍ ജോര്‍ജ്, ബി ഗോപാലകൃഷ്ണന്‍, കെ സോമന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരെയായിരുന്നു ജനറല്‍ സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.
ജനറല്‍ സെക്രട്ടറിമാരില്‍ വി മുരളീധരന്‍ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ചര്‍ച്ചയായിരുന്നു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ, ഡോ കെ എസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍, ഡോ. അബ്ദുള്‍ സലാം, അഡ്വ. കെ കെ അനീഷ്‌കുമാര്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറര്‍.
Content Highlights: BJP include CK Pathmanabhan in state core committee after his resignation threat