
കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ പരാതിയുമായി എസ്എഫ്‌ഐ. കാസര്‍കോട് എക്‌സിക്യൂട്ടീവ് സീറ്റിലെ യുഡിഎസ്എഫ് വിജയത്തിലാണ് പരാതി. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. യുയുസിമാരില്‍ പലരും വോട്ട് ചെയ്യാന്‍ എത്തിയില്ലെന്നും ഇവരുടെ കള്ളവോട്ട് പലരും ചെയ്തിട്ടുണ്ടെന്നുമാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.
വേണ്ട നടപടിയെടുക്കണമെന്ന് സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കാസര്‍കോട് എക്‌സിക്യൂട്ടീവ് ആയി യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത് ഒരു വോട്ടിനായിരുന്നു. എംഎസ്എഫിന്റെ ഫിദ എംടിപിയാണ് വിജയിച്ചത്.
അതേസമയം കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ 26ാം തവണയും എസ്എഫ്‌ഐ നിലനിര്‍ത്തി. അഞ്ച് ജനറല്‍ സീറ്റുകളിലും എസ്എഫ്‌ഐക്കാണ് വിജയം. നന്ദജ് ബാബുവാണ് ചെയര്‍പേഴ്‌സണ്‍. എം ദില്‍ജിത്ത് വൈസ് ചെയര്‍പേഴ്‌സണായും അല്‍ന വിനോദ് വൈസ് ചെയര്‍പേഴ്‌സണായും ലേഡി സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി അധിഷ കെയും തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂര്‍ എക്‌സിക്യൂട്ടീവിലും എസ്എഫ്‌ഐക്കാണ് വിജയം. എന്നാല്‍ കാസര്‍കോടിനെ കൂടാതെ വയനാട് ജില്ലാ എക്‌സിക്യൂട്ടീവിലും യുഡിഎസ്എഫ് വിജയിച്ചു. വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് നിഹാല്‍ വിജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐയായിരുന്നു വിജയിച്ചത്.
Content Highlights: Kannur University election SFI alleged fake vote occured