
തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരെ പൂട്ടി സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാര്‍ക്കെതിരെയാണ് നടപടി.
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടാനുള്ള ഉത്തരവിട്ടത്.
അധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. അതുകൊണ്ടാണ് കര്‍ശന നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
Content Highlights: State government fired 51 doctors who are legally absent from services.