ചികിത്സയ്‌ക്കെത്തിയ രോഗിയോട് പ്രണയം,22കാരിയുടെ മൃതദേഹത്തിനൊപ്പം കാൾ കഴിഞ്ഞത് 7 വർഷം;അത്യപൂർവ പ്രണയകഥ

മരിച്ച രോഗിയെ പ്രണയിച്ച, മൃതദേഹത്തിനൊപ്പം ഏഴുവര്‍ഷം ജീവിച്ച കാള്‍ ടാന്‍സ്ലെര്‍ എന്നയാളുടെ പ്രണയകഥ.

dot image

പ്രണയത്തിന് വേണ്ടി ചിലര്‍ എന്തും ചെയ്തുകളയും. അത്തരമൊരു പ്രണയകഥയാണ് കാള്‍ ടാന്‍സ്‌ലെറിന്റെ വണ്‍വേ പ്രണയം. അത്യപൂര്‍വമെന്ന് തന്നെ വിശേഷിപ്പിച്ചാല്‍ തെറ്റില്ലാത്ത ഒന്ന്. താന്‍ പ്രണയിച്ചിരുന്ന എലെന ഡി ഹോയോസ് എന്ന 22കാരിയുടെ മൃതദേഹത്തിനൊപ്പം ഇയാള്‍ ജീവിച്ചത് ഏഴുവര്‍ഷമാണ്. ഇനി കഥയിലേക്ക് വരാം.

1931ല്‍ ക്ഷയ രോഗ ബാധിതയായാണ് എലെന ഡി ഹൊയോസിനെ ഫ്‌ളോറിഡയിലുള്ള മറൈന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത്. അന്ന് ക്ഷയം മരണം സംഭവിച്ചേക്കാവുന്ന രോഗമായിരുന്നു. അതേ ആശുപത്രിയിലാണ് കാള്‍ ജോലി ചെയ്തിരുന്നത്. എലെനയെ കാള്‍ കാണുന്നതും അവളോട് പ്രണയം തോന്നുന്നതും അപ്പോഴാണ്. അയാള്‍ ഡോക്ടറായിരുന്നില്ല, മറിച്ച് റേഡിയോളജിക് ടെക്‌നീഷ്യനായിരുന്നു. എങ്കിലും തനിക്ക് എലെനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചു. അതിനായി അസ്വാഭാവികമെന്ന് തോന്നുന്ന ചികിത്സാരീതികള്‍ വരെ കാള്‍ പരീക്ഷിച്ചു. നാളുകള്‍ക്ക് ശേഷം തന്റെ പ്രണയം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. എന്നാല്‍ എലെന ആ പ്രണയത്തെ രോഗക്കിടക്കിയില്‍ കിടന്നുകൊണ്ടുതന്നെ നിരസിച്ചു.

ഒരു ചികിത്സയ്ക്കും അവളെ രക്ഷിക്കാനും കഴിഞ്ഞില്ല. 1931 ഒക്ടോബര്‍ 21ന് എലെന മരിച്ചു. എലെനയുടെ ശവസംസ്‌കാരത്തിന്റെ ചെലവുകളെല്ലാം വഹിച്ചത് കാള്‍ ആയിരുന്നു. അവള്‍ക്കായി വലിയൊരു ശവകുടീരം അയാള്‍ പണിതുയര്‍ത്തി. അയാളുടെ കയ്യില്‍ മാത്രമായിരുന്നു അതിന്റെ താക്കോല്‍. എല്ലാ ദിവസവും രാത്രി അയാള്‍ ശവകുടീരത്തില്‍ പൂക്കളും സമ്മാനങ്ങളുമായി പോകും. രണ്ടുവര്‍ഷത്തോളം അത് തുടര്‍ന്നു. ഒരിക്കല്‍ അവിടെ ടെലഫോണ്‍ പോലും അയാള്‍ സ്ഥാപിച്ചു. ഇക്കാലയളവില്‍ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

1940കളിലാണ് കാള്‍ എലെനയുടെ മൃതദേഹത്തിനൊപ്പം താമസിക്കുന്നതായി അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇയാള്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വാങ്ങുന്നതും, സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നതും പലരും കണ്ടിരുന്നു. ഇയാളുടെ പല ചെയ്തികളും ആളുകളില്‍ സംശയം ജനിപ്പിച്ചു. വലിയൊരു പാവയ്‌ക്കൊപ്പം ഇയാള്‍ നൃത്തം ചെയ്യുന്നത് ഒരു അയല്‍ക്കാരന്‍ കണ്ടിരുന്നു. തന്നെയമല്ല എലെനയുടെ ശവകുടീരത്തിലേക്കുള്ള യാത്രയും നിലച്ചു. ഇതോടെയാണ് സംശയം ബലപ്പെടുന്നതും എലെനയുടെ സഹോദരി ഫ്‌ളോറിന്‍ഡ കാളിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തുന്നതും. കേട്ടറിഞ്ഞതെല്ലാം സത്യമാണെന്ന് അവള്‍ക്ക് ബോധ്യപ്പെട്ടു. മൃതദേഹം ആദ്യം കണ്ട സഹോദരി കരുതിയത് എലെനയുടെ അതേ വലിപ്പത്തിലുള്ള മാതൃക ഇയാള്‍ ഉണ്ടാക്കിയതാണെന്നാണ്. എന്നാല്‍ പിന്നീട് അത് മൃതദേഹം തന്നെയാണെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. മൃതദേഹം അഴുകുന്നത് തടയുന്നതിനായി തനിക്കറിയാവുന്ന വിദ്യകളെല്ലാം കാള്‍ ആ മൃതദേഹത്തില്‍ പ്രയോഗിച്ചിരുന്നു. കോട്ട് ഹാങ്ങറുകളും മെഴുകും സുഗന്ധലേപനങ്ങളും ഉപയോഗിച്ചാണ് ആ മൃതദേഹം അയാള്‍ സംരക്ഷിച്ചിരുന്നത്.

മുഖം പ്ലാസ്റ്റര്‍ ഉപയോഗിച്ച് പുനനിര്‍മിച്ചു, ഗ്ലാസ് കൊണ്ടുള്ള കണ്ണുകള്‍ നല്‍കി. മുടിക്ക് പകരം വിഗ് പിടിപ്പിച്ചു. വസ്ത്രങ്ങള്‍ ധരിപ്പിച്ച് ആഭരണങ്ങള്‍ അണിയിച്ചാണ് എലെനയെ അയാള്‍ കിടത്തിയിരുന്നത്. മൃതദേഹം പരിരക്ഷിക്കുന്നതിനായി കേട്ടാല്‍ അസ്വസ്ഥരാകുന്ന തരത്തിലുള്ള. സ്വകാര്യഭാഗത്ത് പിടിപ്പിച്ചിരുന്ന ട്യൂബ് പോലുള്ള, മോഡിഫിക്കേഷനുകളെല്ലാം അയാള്‍ ചെയ്തതായി മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹവുമായി ലൈംഗികബന്ധം നടത്തിയതിന്റെ തെളിവുകള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.

മരണപ്പെട്ടെങ്കിലും എലെനയെ മടക്കിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന് തന്നെയാണ് കാള്‍ വിശ്വസിച്ചിരുന്നത്. 1933 ഏപ്രിലില്‍ കുഴിമാടം തകര്‍ത്ത് മൃതദേഹം തന്റെ വസതിയില്‍ എത്തിച്ചതായി കാള്‍ സമ്മതിച്ചു. വിമാനത്തിന്റെ ആകൃതിയിലുള്ള ഒരു ലാബ് അയാള്‍ പണികഴിപ്പിച്ചിരുന്നു. എലെനയുടെ എയര്‍ഷിപ്പ് എന്നാണ് അയാള്‍ അതിനെ വിശേഷിപ്പിച്ചിരുന്നത്. വിശ്വസിക്കാനാവാത്ത പലകാര്യങ്ങളും താന്‍ ചെയ്തതായി അയാള്‍ അവകാശപ്പെടുകയും ചെയ്തു.

സംഗതി പ്രണയംകൊണ്ട് ചെയ്തതാണെങ്കിലും കുഴിമാട കവര്‍ച്ച എന്ന കുറ്റമാരോപിച്ച് ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. എന്നാല്‍ ആ കേസ് നിലനിന്നില്ല, തള്ളിപ്പോയി. പൊതുജനത്തിനാകട്ടെ കാളിനോട് സഹതാപമായിരുന്നു. കാളില്‍ നിന്ന് വീണ്ടെടുത്ത എലെനയുടെ മൃതദേഹം വീണ്ടും സംസ്‌കരിച്ചു. അതിന് മുന്നോടിയായി നടത്തിയ പൊതുദര്‍ശനത്തില്‍ എലെനയെ കാണാനെത്തിയത് ആറായിരത്തോളം ആളുകളാണ്.

1877ല്‍ ഓസ്ട്രിയയില്‍ ജനിച്ച കാള്‍ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായിരുന്നു. 1920ലാണ് അയാള്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ പിന്നീട് ഫ്‌ളോറിഡയിലേക്ക് അയാള്‍ എത്തിയതോടെ ആ ബന്ധം പിരിഞ്ഞു. ശേഷമാണ് ഇയാള്‍ എലെനയെ കാണുന്നതും പ്രണയത്തിലാകുന്നതും. കറുത്ത മുടിയുള്ള ഒരു പെണ്‍കുട്ടിയിലായിരിക്കും കാളിന് യഥാര്‍ഥ പ്രണയം കണ്ടെത്താനാകുക എന്നൊരു ദര്‍ശനം കാളിന് ലഭിച്ചിരുന്നുവത്രേ. അത് എലെനയാണെന്നാണ് അയാള്‍ വിശ്വസിച്ചിരുന്നത്.

1952ല്‍ കാള്‍ ലോകത്തോട് വിടപറഞ്ഞു. എലെനയുടെ അതേ വലിപ്പത്തിലുള്ള പാവയുമൊത്താണ് അതുവരെ അയാള്‍ കിടന്നുറങ്ങിയിരുന്നതെന്ന് പറയപ്പെടുന്നു. ചിലര്‍ കാളിനെ നെക്രോഫൈല്‍(ശവരതിചെയ്യുന്നവന്‍) എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും മൃതദേഹ പരിശോധനയില്‍ എലെനയുടെ മൃതദേഹത്തോട് അയാള്‍ അത്തരത്തില്‍ പെരുമാറിയിരുന്നതിന് തെളിവുകളില്ല. മറിച്ച് തനിക്കേറെ ഇഷ്ടമുള്ള എലെനയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. അവളുടെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയും നൃത്തം ചെയ്തുമെല്ലാം അയാള്‍ ഒന്നിച്ചുള്ള ജീവിതം അയാളുടെ ലോകത്ത് ആസ്വദിക്കുകയായിരുന്നുവത്രേ. ഇയാളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം മാനസികാരോഗ്യ വിദഗ്ധര്‍ പഠനം നടത്തിയിരുന്നു.

Content Highlights: A Doctor’s Unusual Lovestory: The Story of Carl Tanzler and Elena de Hoyos

dot image
To advertise here,contact us
dot image