വലിഞ്ഞു കേറി വന്നവളല്ല; പുഷ്പവതിയെ ഞങ്ങള്‍ക്കറിയാം അടൂര്‍ സാര്‍

എല്ലാ സാമൂഹിക ഇടങ്ങളിലുമെന്ന പോലെ കലയിലും ജാതീയതയുണ്ടെന്നും അതിന്റെ ഭാഗമാണ് താന്‍ നേരിടുന്ന മാറ്റിനിര്‍ത്തപ്പെടലെന്നും വ്യക്തമായി മനസ്സിലാക്കി, അതില്‍ വിലപിച്ച് നില്‍ക്കാതെ പാട്ടിലൂടെ പ്രതിരോധം സാധ്യമാക്കിയ സമരവനിതയാണ് അവര്‍.

dot image

Who is She?
എനിക്കവരെ അറിയില്ല!
വഴിയേ പോകുന്ന എല്ലാ സ്ത്രീകള്‍ക്കും കയറി സംസാരിക്കാനുള്ള സ്ഥലമാണോ സിനിമാ കോണ്‍ക്ലേവ്? അതും ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍? ഇതെന്താ ചന്തയാണോ? മന്ത്രിയുള്‍പ്പെടെയുള്ളവര്‍ എന്തുകൊണ്ട് അവരെ തടഞ്ഞില്ല! മലയാള സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരനെന്ന് പുറം ലോകം വാഴ്ത്തുന്ന അടൂര്‍ ഗോപാലകൃഷ്ണനന്റെ ചോദ്യമാണിത്, ഉദ്ദേശിച്ചത്, പുഷ്പവതി പൊയ്പ്പാടത്ത് എന്ന ഗായികയെക്കുറിച്ചും.

സിനിമാനയം രൂപീകരിക്കാന്‍ തലസ്ഥാനത്ത് ചേര്‍ന്ന കോണ്‍ക്ലേവില്‍, അങ്ങനെ വഴിയേ പോകുമ്പോള്‍, കയറി അഭിപ്രായം പറഞ്ഞ സ്ത്രീയല്ല സര്‍, പുഷ്പവതി പൊയ്പാടത്ത്. അവര്‍ കേരളത്തിലെ സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയായ ഒരു ദളിത് വനിതയാണ്… എന്തിന് ദളിത് വനിത എന്നെടുത്തു പറയുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്.

ഒന്നാംറാങ്കോടെ ഗാനഭൂഷണവും ഗാനപ്രവീണയും പാസ്സായിട്ടും ഒരു സര്‍ക്കാര്‍ ജോലിയിലും പരിഗണിക്കപ്പെടാതെ പോയ ഒരു ദളിത് സ്ത്രീയാണ് അവര്‍, താന്‍ പാടിയ ചെമ്പാവ് പൂന്നെല്ലിന്‍ ചോറോ എന്ന ഗാനം കേരളം മുഴുവന്‍ ഏറ്റുപാടിയിട്ടും ചാനലുകളിലും സ്റ്റേജ് ഷോകളിലും അത് മറ്റുള്ളവര്‍ പാടുന്നത് നോക്കിനില്‍ക്കേണ്ടി വന്നിട്ടുള്ള ഗായിക.

അതിനെല്ലാം കാരണം വെള്ളത്തിലെ ഉപ്പുപോലെ എല്ലായിടത്തുമുള്ള ജാതിയാണെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുള്ളവരാണ് അവര്‍. എല്ലാ സാമൂഹിക ഇടങ്ങളിലുമെന്ന പോലെ കലയിലും ജാതീയതയുണ്ടെന്നും അതിന്റെ ഭാഗമാണ് താന്‍ നേരിടുന്ന മാറ്റിനിര്‍ത്തപ്പെടലെന്നും വ്യക്തമായി മനസ്സിലാക്കി, അതില്‍ വിലപിച്ച് നില്‍ക്കാതെ പാട്ടിലൂടെ പ്രതിരോധം സാധ്യമാക്കിയ സമരവനിതയാണ് അവര്‍. കേട്ടിട്ടില്ലേ അവരുടെ ആസാദി മുദ്രാവാക്യ ഗാനം, എത്രയെത്ര മതിലുകള്‍ തകര്‍ത്തെറിഞ്ഞ കേരളം.. എന്ന വിപ്ലവഗാനം.

ശാസ്ത്രീയ സംഗീതം പഠിച്ച ഒരുവളെ നാടന്‍പാട്ടിന്റെ ശീലുകള്‍ക്ക് മാത്രം പരിഗണിക്കുന്നതിനോടുള്ള രോഷം അവര്‍ പാട്ടുകളിലൂടെ അറിയിച്ചു. പുറത്താക്കപ്പെട്ട ഇടങ്ങളിലേക്ക്, കഴിവുതെളിയിച്ച് ഇടിച്ചുകയറുക എന്നത് പുഷ്പാവതി ജീവിതത്തിന്റെ ഭാഗമാക്കി. അങ്ങനെയാണ് ശ്രീനാരായണഗുരുവിന്റെയും പൊയ്കയില്‍ അപ്പച്ചന്റെയും കൃതികള്‍ പുഷ്പവതി ഈണം നല്‍കി പാടിത്തുടങ്ങുന്നത്. നൃത്തത്തിലെ ജാതിയെക്കുറിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ സംസാരിച്ചപ്പോള്‍ പാട്ടിലെ ജാതിയെക്കുറിച്ച് പണ്ടേക്ക് പണ്ടേ പാടിയവള്‍. അവളുന്നയിച്ച സാമൂഹിക ആശങ്കകള്‍, നിലപാടുകള്‍ എല്ലാം നിങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ക്കൂടി നിങ്ങളുള്‍പ്പെടുന്ന സമൂഹം ചര്‍ച്ച ചെയ്തിട്ടുണ്ട് മിസ്റ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

സിനിമ ഒരു തൊഴിലാക്കിയവര്‍ ആരും അവിടെ പ്രതിഷേധിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന നിങ്ങളുടെ പ്രസ്താവന തന്നെ തെറ്റിപ്പോയി, നിങ്ങളുള്‍പ്പെടുന്ന സമൂഹം അറിഞ്ഞാലും ഇല്ലെങ്കിലും അവര്‍ ചലച്ചിത്ര പിന്നണി ഗായികയാണ്. ശാസ്ത്രീയ സംഗീതമായാലും നാടന്‍ പാട്ടുകളായാലും സമസ്ത മേഖലയിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടും, മുഖ്യധാരയില്‍ ഉള്ള അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ അവരെ തിരിച്ചറിയാത്തതിനുള്ള കാരണത്തെത്തന്നെയാണ് കോണ്‍ക്ലേവ് നടക്കുന്ന ആ ഹാളില്‍ താനുള്‍പ്പെടെയുള്ള മനുഷ്യരുടെ പ്രതിനിധിയായി അവളെഴുന്നേറ്റ് നിന്ന് ശബ്ദമുയര്‍ത്തി പ്രതിരോധിച്ചത്. നിങ്ങളത് തിരിച്ചറിഞ്ഞില്ലെങ്കില്‍ക്കൂടി നിര്‍ഭാഗ്യവശാല്‍ ആ കാരണം തന്നെയായിരുന്നു നിങ്ങളുടെ പ്രസംഗത്തിന്റെ ഉള്ളടക്കവും.

Also Read:

നിങ്ങള്‍ പറഞ്ഞതുപോലെ പബ്ലിസിറ്റിയില്ല അവരുടെ ഉദ്ദേശ്യം. അവര്‍ക്കത് പണ്ടേയുണ്ട്. അവര്‍ ചോദ്യം ചെയ്തത് സ്വാതന്ത്യം നേടി ഇന്ത്യ 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും താനുള്‍പ്പെടെ ഒരു സമൂഹം ഇപ്പോഴും നേരിടുന്ന പാര്‍ശ്വവല്‍ക്കരണത്തെയാണ്. സിനിമ കോണ്‍ക്ലേവില്‍ സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയും ചലച്ചിത്ര പിന്നണിഗായികയും സംഗീത സംവിധായികയുമായ അവര്‍ക്ക് വരാന്‍ അവകാശമില്ലെന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല സര്‍. ഒരു സ്ത്രീയുടെ പ്രതിരോധത്തെ, ഞാന്‍ എന്നൂറ്റംകൊണ്ടുകൊണ്ട് അവരുടെ സ്ഥാനത്തെയും പദവിയെയും ലിംഗത്തേയും നോക്കിയല്ല അളക്കേണ്ടത്, അവരുയര്‍ത്തിയ വിഷയത്തിന്റെ ഗൗരവത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ്. അത് എലിപ്പത്തായവും അനന്തരവും പോലുള്ള സിനിമകള്‍ ചെയ്ത നിങ്ങളെപ്പോലുള്ള പ്രതിഭാശാലികളില്‍നിന്ന് കേവലം സാധാരണക്കാരായ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

പുഷ്പാവതിയെ താങ്കള്‍ക്ക് അറിയാത്തത് കുറ്റമായി കാണുന്നില്ല. എന്നാല്‍, അത് പ്രകടിക്കുമ്പോഴുള്ള താങ്കളുടെ വാക്കുകളിലും ശരീരഭാഷയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന താന്‍പോരിമയും മാടമ്പിത്തരവും ഈ കാലം വിചാരണ ചെയ്യുമെന്നുറപ്പാണ്.

Content Highlights: Adoor Gopalakrishnan’s remarks on Singer Pushpavathy

dot image
To advertise here,contact us
dot image