
നിരവധി നാടകീയ നിമിഷങ്ങള്‍ക്ക് ഓവല്‍ ടെസ്റ്റ് സാക്ഷിയായിരുന്നു. ഇന്ത്യന്‍ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും തമ്മില്‍ സ്ലെഡ്ജ് ചെയ്ത് ചൂടുപിടിപ്പിച്ച രംഗങ്ങള്‍ക്കും ഓവല്‍ വേദിയായിരുന്നു. ഇപ്പോഴിതാ ഓവല്‍ ടെസ്റ്റിനിടെ ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍ ഇംഗ്ലണ്ട് താരത്തെ സ്ലെഡ്ജ് ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനമാണ് രസകരമായ സംഭവമുണ്ടായിരിക്കുന്നത്. കളിക്കളത്തില്‍ പലപ്പോഴും 'കൂള്‍' ആയി കാണപ്പെടാറുള്ള താരമായ കെ എല്‍ രാഹുലാണ് ഇത്തവണ രസകരമായി സ്ലെഡ്ജ് ചെയ്തിരിക്കുന്നത്. ഒരു വാക്കുപോലും മിണ്ടാതെയാണ് താരം ഇംഗ്ലണ്ടിനെ സ്ലെഡ്ജ് ചെയ്തതെന്നാണ് മറ്റൊരു പ്രത്യേകത.
ഓവലിലെ നിര്‍ണായകമായ അഞ്ചാം ദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന്റെ 11-ാമനായാണ് ക്രിസ് വോക്‌സ് ക്രീസിലെത്തിയത്. ഒമ്പതാമനായി ജോഷ് ടോംഗ് (0) പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി മടങ്ങിയതിന് പിന്നാലെ, ആദ്യ ദിനം പരിക്കേറ്റ ക്രിസ് വോക്‌സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്രയം. പരിക്കേറ്റ കൈയുമായി ക്രിസ് വോക്‌സ് ക്രീസിലെത്തുമ്പോള്‍ ഇംഗ്ലണ്ടിനും ഇന്ത്യക്കും വിജയത്തിനിടയില്‍ 17 റണ്‍സിന്റെതായിരുന്നു അകലം.
വോക്‌സിനെ മറുവശത്ത് നിര്‍ത്തി, സ്‌ട്രൈക്ക് നിലനിര്‍ത്തുകയായിരുന്നു ക്രീസിലുണ്ടായിരുന്ന ഗസ് ആറ്റ്കിന്‍സണിന്റെ പ്ലാന്‍. കൂറ്റനടികളില്‍ മിടുക്കനായ ആറ്റ്കിന്‍സണ്‍ ആ ലക്ഷ്യം മനോഹരമായി നിറവേറ്റുകയും ചെയ്തു. വോക്‌സിന് ബാറ്റുചെയ്യുന്ന സാഹചര്യം ഒഴിവാക്കി.
ഇതിനിടെ ആറ്റ്കിന്‍സന്റെ ഒരു ഡിഫന്‍സീവ് ഷോട്ട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത കെ എല്‍ രാഹുലിന്റെ അടുത്തേക്ക് ഉരുണ്ട് വന്നിരുന്നു. ഇംഗ്ലണ്ട് താരത്തെ പരിഹസിക്കുന്നതുപോലെ ആ പന്ത് കൈ കൊണ്ട് എടുക്കുന്നതിന് പകരം കാലുകൊണ്ടാണ് രാഹുല്‍ എടുത്തത്. കാലിലെ ബൂട്ടുകൊണ്ട് ഫുട്‌ബോള്‍ പോലെ ജഗ്ള്‍ ചെയ്താണ് രാഹുല്‍ പന്ത് എടുത്തത്. ഈ ബോള്‍ ഫ്‌ളിക്ക് ചെയ്ത് മുകളിലേക്കിട്ട ശേഷം പലതവണ കാലുകൊണ്ട് മുകളിലേക്കും അവസാനം കൈയിലേക്ക്് എടുത്ത് ത്രോ ചെയ്യുകയായിരുന്നു.
ഇതിലൂടെ ഇംഗ്ലണ്ട് താരങ്ങളെ യഥാര്‍ത്ഥത്തില്‍ രാഹുല്‍ സ്ലെഡ്ജ് ചെയ്യുകയാണെന്നാണ് ആരാധകരുടെ വാദം. കാരണം മറുഭാഗത്ത് പരിക്കേറ്റ ക്രിസ് വോക്‌സായതിനാല്‍ സിംഗിളെടുക്കാനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ആറ്റ്കിന്‍സന്‍ ശ്രമിക്കില്ലെന്നുറപ്പാണ്. ഇതാണ് രാഹുല്‍ പന്ത് കാലുകൊണ്ട് തട്ടി സയമെടുത്ത് കൈയിലാക്കിയത്.
How to sledge a batsmen without words.@klrahul #AndersonTendulkarTrophy #KiaOval pic.twitter.com/86YEoVg5fq
— SAI MONISH REDDY(Yedari Reddy) (@SAIMONISHREDDY) August 5, 2025
രസകരമായ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാഹുല്‍ ഒരു ഫുട്‌ബോള്‍ സ്‌റ്റൈലില്‍ സ്ലെഡ്ജ് ചെയ്യുമ്പോള്‍ ഓവലിലെ കാണികള്‍ ആര്‍പ്പുവിളിക്കുന്നുമുണ്ടായിരുന്നു. പന്തുകൊണ്ടുള്ള രാഹുലിന്റെ 'പ്രകടനം' കണ്ട് ആറ്റ്കിന്‍സണ്‍ അമ്പരന്നുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
Content Highlights: KL Rahul sledging England without uttering a single word almost goes unnoticed, Video Goes Viral