'കള്ളക്കേസെന്ന് വ്യക്തമെങ്കിലും തുടർന്നുള്ള നിയമനടപടികളിൽ നിന്ന് സിസ്റ്റർമാരെ രക്ഷിച്ചെടുക്കണം'; ടി സിദ്ദിഖ്

കോൺഗ്രസ് എംപിമാരുടെയും എംഎൽഎമാരുടെയും പ്രതിഷേധവും ഈ വിഷയത്തിൽ ഫലം കണ്ടുവെന്നും ടി സിദ്ദിഖ്

dot image

കൊച്ചി: കന്യാസ്ത്രീകളുടെ മോചനത്തിൽ കെ സി വേണുഗോപാലിന് നന്ദി പറഞ്ഞ് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. വിഷയം അറിഞ്ഞപ്പോൾ ആദ്യം ഇടപെട്ടത് കെ സി വേണുഗോപാൽ ആണെന്നും ഛത്തീസ്ഗഡിലേക്ക് കോൺഗ്രസ് എംപിമാരെ അയച്ചതും കന്യാസ്ത്രീകളുടെ വീട് സന്ദർശിച്ച് വാഗ്ദാനം നല്‍കി യതുമായ കെ സിയുടെ നിരവധി ഇടപെടലുകൾ വിഷയത്തിൽ ഏറെ നിർണായകമായി എന്നും ടി സിദ്ദിഖ് പറഞ്ഞു. കോൺഗ്രസ് എംപിമാരുടെയും എംഎൽഎമാരുടെയും പ്രതിഷേധവും ഈ വിഷയത്തിൽ ഫലം കണ്ടുവെന്നും ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

"ഞങ്ങൾ ഇവിടുത്തെ പൗരരല്ലേ?"

ഒമ്പത് ദിവസം നീണ്ടുനിന്ന പീഡാനുഭവങ്ങൾക്ക് ശേഷം സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദനാ ഫ്രാൻസിസും ജയിലിൽ നിന്ന് പുറത്തുവരികയാണ്. ആശ്വാസമുണ്ട്. പക്ഷെ, കേസ് നിലനിൽക്കുന്നതിലെ ആശങ്ക ബാക്കിയാകുന്നു. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമാണ് സന്ന്യാസിനിമാർക്കെതിരെ ചുമത്തിയിരിക്കുന്നത്. സിബിസിഐ സെക്രട്ടറി ജനറൽ, ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പങ്കുവെയ്ക്കുന്ന ആശങ്ക കാണാതെ പോകാൻ കഴിയില്ല. സർക്കാർ സംരക്ഷണയിൽ കഴിയുന്ന യുവതികളെ സമ്മർദ്ദത്തിലൂടെ മൊഴിമാറ്റാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കള്ളക്കേസെന്ന് വ്യക്തമെങ്കിലും തുടർന്നുള്ള നിയമനടപടികളിൽ നിന്ന് സിസ്റ്റർമാരെ രക്ഷിച്ചെടുക്കണം.

ഓഫീസ്, ആശുപത്രി ജോലിക്കായി കൂടെ കൂട്ടിയ മൂന്ന് യുവതികളോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ബജ്‌റംഗ്ദള്‍ കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. യുവതികള്‍ മൂന്ന് പേരും പ്രായപൂര്‍ത്തിയായവരാണ്. കുടുംബത്തോടൊപ്പമാണ് അവര്‍ സ്റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്നും വ്യക്തമാക്കി. യുവതികളുടെ വീട്ടില്‍ നിന്നും മാതാപിതാക്കള്‍ എഴുതി നല്‍കിയ സമ്മതപത്രവും സന്ന്യാസിനിമാരുടെ പക്കലുണ്ടായിരുന്നു. എന്നാല്‍ പൊലീസ് ഇതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. ബജ്‌റംഗ്ദളും പൊലീസും ഛത്തീസ്ഗഡ് സര്‍ക്കാരും ഒരേ മനസോടെ കന്യാസ്ത്രീമാര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണുണ്ടായത്. സംഘ്പരിവാർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന രാഷ്ട്രത്തിൽ ജീവകാരുണ്യ പ്രവർത്തനം കുറ്റകൃത്യമാണ്.

കഴിഞ്ഞ ദിവസം കോടതിക്ക് പുറത്ത് തടിച്ച് കൂടി സന്ന്യാസിനിമാർക്ക് നേരെ ആക്രോശിച്ച ആൾക്കൂട്ടം രാജ്യത്തെ ന്യൂനപക്ഷ വേട്ടയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് "അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക" എന്ന് ആൾക്കൂട്ടം ഇതുപോലെ മുറവിളി കൂട്ടിയിരുന്നു. ഛത്തീസ്​ഗഡ് - കേന്ദ്ര സർക്കാരുകൾ ആ ആക്രോശങ്ങൾക്കൊപ്പമാണ്. കേരളത്തിൽ നിന്ന് പോയ ബിജെപി നേതൃത്വം പീലാത്തോസിനേപ്പോലെ കൈ കഴുകി വെറുതെ തിരികെ പോന്നു.

കേരളത്തിൽ സുവർണാവസരം പരീക്ഷിക്കുന്ന ബിജെപിക്കും അവർ ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഈ കള്ളക്കേസ് റദ്ദ് ചെയ്യാൻ പറ്റാഞ്ഞിട്ടല്ല. പക്ഷെ, അവർ ചെയ്യില്ല. കാരണം അവരുടെ ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള നീചമായ ചുവടുവെയ്പുകളിൽ ഒന്നാണിത്.

"ഞങ്ങൾ ഇവിടുത്തെ പൗരരല്ലേ?"
കേരളത്തിൽ നിന്നുള്ള ജനപ്രതിനിധി സംഘത്തോട് ജയിലിൽ വെച്ച് കന്യാസ്ത്രീമാർ കരഞ്ഞുകൊണ്ട് ചോദിച്ചതാണിത്. ഭീതിദമായ അനുഭവങ്ങളിലൂടെയാണ് സന്ന്യാസിനിമാർ കടന്നുപോയത്. ഭരണഘടനയുടെ 25-ാം അനുഛേദ പ്രകാരം വിശ്വസിക്കാനും തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാനും ഇന്ത്യൻ പൗരന് വ്യക്തി സ്വാതന്ത്ര്യമുണ്ട്. ഭരണഘടന വെട്ടിത്തിരുത്താൻ ശ്രമിക്കുന്നവർ അതിനൊന്നും വില കൽപിക്കുന്നില്ല. 'നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്, ഞങ്ങളുടെ ദയ കൊണ്ട് ഇവിടെ ജീവിച്ച്, ഞങ്ങളുടെ രാജ്യത്തിനെതിരേയും ഞങ്ങളുടെ മതത്തിനെതിരേയും പ്രവർത്തിക്കുന്നോ? മിണ്ടിയാൽ മുഖമടിച്ച് പൊളിക്കും. കൈയും കാലും ഒടിക്കും.' എന്നാണ് ബജ്റം​ഗ്ദൾ നേതാവ് ഭീഷണി മുഴക്കിയത്.

ഇത്തരം ഭീഷണികൾക്ക് മുന്നിൽ മതേതര-ജനാധിപത്യ ഇന്ത്യ കീഴടങ്ങാൻ പോകുന്നില്ല. സമൂഹത്തിൽ വർ​ഗീയമായി ചേരിതിരിവുണ്ടാക്കാനുള്ള പലവിധ ശ്രമങ്ങളെ അതിജീവിച്ചവരാണ് നാം ഇന്ത്യക്കാർ. മത സ്പർദ്ധ വളർത്താനുള്ള എത്രയോ ശ്രമങ്ങളെ, എത്രയോ കാലങ്ങളായി നമ്മുടെ കേരളത്തിൽ നാം സാഹോദര്യം കൊണ്ട് ചെറുക്കുന്നു. ഇനിയും അവർ കേക്കുമായി വരും. നമ്മുടെ വീട്ടിലേക്ക് വരുന്നതല്ലേ. സ്വീകരിച്ച് ഇരുത്താം. ചായയും ലഘുഭക്ഷണവും കൊടുക്കാം. പക്ഷെ, അവർക്ക് ചെവി മാത്രം കൊടുക്കരുത്.

കെ സി വേണുഗോപാൽ നടത്തിയ ശക്തമായ ഇടപെടൽ ഏറെ നിർണ്ണായകമായി. അതോടൊപ്പം കോൺഗ്രസ് എംപിമാരും എം എൽ എമാരും നേതാക്കളും പ്രവർത്തകരും ശക്തമായ പ്രതിഷേധമാണ് ഈ വിഷയത്തിൽ നടത്തിയത്.

ഇന്നലെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുർ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ വൈകിട്ടോടെ കന്യാസ്ത്രീകൾ പുറത്തിറങ്ങിയിരുന്നു.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യകടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ.

dot image
To advertise here,contact us
dot image