
കൊച്ചി: ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. നമുക്കിനി പൊലീസും കോടതിയും വേണ്ടെന്നും വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ ആര് കുറ്റവാളിയാണ്, ആരല്ല എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കന്യാസ്ത്രീകൾ കുറ്റക്കാരല്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണത്തിനെതിരെയാണ് പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ബിലാസ്പുർ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എൻഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്‌പോർട്ട് എൻഐഎ കോടതിയിൽ നൽകണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എൻഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്.
രണ്ടാഴ്ചയിൽ ഒരിക്കൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, അന്വേഷണ ഏജൻസി ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യാൻ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തിൽ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എൻഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും കോടതി നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ വൈകിട്ടോടെ കന്യാസ്ത്രീകൾ പുറത്തിറങ്ങിയിരുന്നു.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായിരുന്നത്.
അതേസമയം, മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും കന്യാസ്ത്രീകൾ നിരപരാധികളാണെന്നും കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ റിപ്പോർട്ടറിനോട് വെളിപ്പെടുത്തി. ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമ്മയുടെ നേതൃത്വത്തിൽ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് പെൺകുട്ടികൾ ആരോപിച്ചു. പൊലീസ് നോക്കി നിൽക്കെയായിരുന്നു മർദ്ദനം. റേപ്പ് ചെയ്യുമെന്ന് ഒപ്പമുള്ളവർ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടികൾ പറയുന്നു. കന്യാസ്ത്രീകൾക്കൊപ്പം പോയ പെൺകുട്ടികൾ ആദ്യമായാണ് ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
'സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം പോയത്. പാചക ജോലിക്കാണെന്നും സംരക്ഷണം നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. മതപരിവർത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ല', പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പെൺകുട്ടികളുടെ പ്രതികരണം. കന്യാസ്ത്രീകൾ നിരപരാധികളാണ്. ജോലിക്ക് പോയത് മാതാപിതാക്കളുടെ സമ്മതപ്രകാരമാണ്. ജ്യോതി ശർമയെ ജയിലിൽ അടയ്ക്കണം. പരാതിയുമായി മുന്നോട്ട് പോകുമെന്നും പെൺകുട്ടികൾ പറഞ്ഞു.
സത്യം പറയരുതെന്നും താൻ പറയുന്നതേ പറയാവൂ എന്നും ജ്യോതി ശർമ ഭീഷണിപ്പെടുത്തി. പൊലീസുകാരും ഭീഷണിപ്പെടുത്തി. വീട്ടിൽ പോകണോ ജയിലിൽ പോകണോ എന്ന് ഭീഷണിപ്പെടുത്തി. ചെറുപ്പം മുതൽ തങ്ങൾ ക്രൈസ്തവ വിശ്വാസികളാണ്. മതപരിവർത്തനം ഉണ്ടായിട്ടില്ല. കന്യാസ്ത്രീകൾക്കെതിരായ ആരോപണങ്ങൾ തെറ്റാണ്. ജോലി ചെയ്ത് കുടുംബം പോറ്റണം. സംരക്ഷിക്കാം, ജോലി നൽകാം എന്നാണ് കന്യാസ്ത്രീകൾ പറഞ്ഞത്. പഠിപ്പിക്കാം എന്നും കന്യാസ്ത്രീകൾ പറഞ്ഞുവെന്ന് പെൺകുട്ടികൾ വെളിപ്പെടുത്തി.
നിയമനടപടിയുമായി മുന്നോട്ടെന്ന് തന്നെയാണ് പെൺകുട്ടികൾ പറയുന്നത്. ഇവരുടെ പരാതിയിൽ നിലവിൽ ബജ്റംഗ് ദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. നാരായൺപൂരിൽ സിപിഐ സംരക്ഷണയിലാണ് ഇപ്പോൾ ഈ പെൺകുട്ടികൾ ഉള്ളത്. നക്‌സൽ ബാധിത മേഖലയിലെ കാട്ടിലൂടെ 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് റിപ്പോർട്ടർ ആദിൽ പാലോടും വീഡിയോ ജേർണലിസ്റ്റ് മനു ബാലകൃഷ്ണനും പെൺകുട്ടികളുടെ പ്രതികരണം എടുത്തത്.
Content Highlights: Swami Chidananda Puri against bjp on nun's arrest