ഗോവിന്ദച്ചാമി ചാടിയത് ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കില്‍ നിന്ന്

പത്താം ബ്ലോക്കിന് പ്രത്യേകം വേറെ മതിലും ഗേറ്റുമുണ്ട്. പുറത്തിറങ്ങിയാല്‍ നാല് ഭാഗവും ചുമരാണ്. അത് കടന്നുവേണം പ്രധാന മതിലിന് അടുത്ത് എത്താന്‍. മതിലിനോട് ചേര്‍ന്ന് പത്തടി ആഴത്തില്‍ കുഴിയുണ്ട്

dot image

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ചാടിയത് ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കില്‍ നിന്ന്. കൊടും ക്രിമിനലുകളെ പാര്‍പ്പിക്കുന്ന പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത്. ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ പാര്‍പ്പിക്കുന്ന ബ്ലോക്കാണിത്. ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ അതീവ സുരക്ഷാ ബ്ലോക്ക് ആക്കിയിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന സമയത്ത് ബ്ലോക്കില്‍ മൂന്ന് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. കണ്ണൂര്‍ ജയിലില്‍ ജീവനക്കാരുടെ വലിയ കുറവുണ്ടെന്നും ആരോപണമുയരുന്നുണ്ട്. ജീവനക്കാരുടെ കുറവ് ജയിലിന്റെ സുരക്ഷയെയാണ് ബാധിക്കുന്നത്.

ഒരു ഹെഡ് വാര്‍ഡനും രണ്ട് വാര്‍ഡന്‍മാരും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് മുഴുവന്‍ സമയ ഡ്യൂട്ടിയുളള ഇടമാണ് പത്താം ബ്ലോക്ക്. ഉണര്‍ന്നിരിക്കുന്ന തടവുകാരെ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും ഡ്യൂട്ടിയില്‍ ഉളളവര്‍ വരാന്തയിലൂടെ മുഴുവന്‍ സമയവും നടക്കും. സ്‌ക്വയര്‍ ആകൃതിയിലാണ് ബ്ലോക്ക്. രണ്ട് എല്‍ തിരിച്ചിട്ട രീതിയിലാണ് ബ്ലോക്ക് കെട്ടിടങ്ങള്‍. അതീവ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ്. പത്താം ബ്ലോക്കിന് പ്രത്യേകം വേറെ മതിലും ഗേറ്റുമുണ്ട്. പുറത്തിറങ്ങിയാല്‍ നാല് ഭാഗവും ചുമരാണ്. അത് കടന്നുവേണം പ്രധാന മതിലിന് അടുത്ത് എത്താന്‍. മതിലിനോട് ചേര്‍ന്ന് പത്തടി ആഴത്തില്‍ കുഴിയുണ്ട്. വാള്‍ ഡ്യൂട്ടി പകല്‍ സമയത്ത് ഉദ്യോഗസ്ഥന്‍ വേറെയുണ്ടാകും.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരാള്‍ പത്താം ബ്ലോക്കില്‍ നിന്ന് ജയില്‍ ചാടിയിരുന്നു. അന്ന് ഭക്ഷണം ക്രമീകരിച്ച് ശരീരം മെലിഞ്ഞ് പ്രത്യേകം തയ്യാറെടുപ്പ് നടത്തിയാണ് അയാള്‍ ജയിലിന്റെ മതില്‍ ചാടിയത്.

അതേസമയം, സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. ഗോവിന്ദച്ചാമി ജയില്‍ ചാടിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും ജയിലുകളുടെ സുരക്ഷ സംബന്ധിച്ച് ഓഡിറ്റ് നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'ജയില്‍ ചാടാനുളള നീക്കം പൊലീസ് തടയേണ്ടതാണ്. കണ്ണൂര്‍ ജയിലിനെക്കുറിച്ച് നേരത്തെയും പരാതിയുണ്ട്. പുറത്തുനിന്ന് സഹായം ലഭിച്ചുവെന്ന് ഉറപ്പാണ്. ജയില്‍ വകുപ്പിന്റെ ഗുരുതര വീഴ്ച്ചയാണ്. പ്രതിയെ ഉടന്‍ പിടികൂടണം. ആഭ്യന്തര വകുപ്പിന്റെ പരാജയമാണിത്'- രമേശ് ചെന്നിത്തല പറഞ്ഞു.

കൊടുംകുറ്റവാളിയെ താമസിപ്പിക്കേണ്ടിടത്ത് സുരക്ഷാ വീഴ്ച്ചയുണ്ടായെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. സിസിടിവി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ലെന്നും ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 'ഗോവിന്ദച്ചാമിക്ക് ജയിലില്‍ നിന്നും സഹായം ലഭിച്ചുവെന്ന് സംശയിക്കുന്നു. കണ്ണൂര്‍ ജയിലില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊടുംകുറ്റവാളികളെ താമസിപ്പിക്കരുതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അങ്ങനെയുളള ജയിലില്‍ എങ്ങനെ പ്രതിയെ താമസിപ്പിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കണം'-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇന്ന് പുലർച്ചെ 1.15 നാണ്  സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും. ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം.

Content Highlights: Govindachamy jumped from the 10th block of kannur jail

dot image
To advertise here,contact us
dot image