
കൊച്ചി: ഭർത്താവ് ലഹരി ഉപയോഗിച്ച് തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കുന്നുവെന്ന അധ്യാപികയായ യുവതിയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിൽ ഉടനടി നടപടിയെടുത്ത് പൊലീസ്. റൂറല്‍ എസ്പി എം ഹേമലത ഇടപെട്ടാണ് കേസെടുത്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. കൊടുവഴങ്ങ സ്വദേശിനിയാണ് ഭര്‍ത്താവ് ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. റൂറല്‍ എസ്പിക്ക് ഇമെയില്‍ വഴി പരാതി നല്‍കുകയും ചെയ്തു.
ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ യുവതി സമീപത്തുളള അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസം മാറിയിരുന്നു. എന്നിട്ടും ഭര്‍ത്താവ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുകയാണ് എന്നായിരുന്നു യുവതിയുടെ പരാതി. ജീവിതം അവസാനിപ്പിക്കുന്ന മാനസികാവസ്ഥയിലാണെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഇത് കണ്ടയുടനെ റൂറല്‍ എസ്പി എം ഹേമലത നടപടി സ്വീകരിക്കാന്‍ ബിനാനിപുരം പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
ബിനാനിപുരം ഇന്‍സ്‌പെക്ടര്‍ വി ആര്‍ സുനില്‍ അന്വേഷണം നടത്തി യുവതിയുടെ ഭര്‍ത്താവ് മാമലകണ്ടം സ്വദേശി രാജേഷിനെ അറസ്റ്റുചെയ്തു. സെക്യൂരിറ്റി സേവനങ്ങള്‍ നല്‍കുന്നയാളാണ് രാജേഷ്. യുവതി ഗസ്റ്റ് ലക്ച്ചററാണ്.
Content Highlights:Teacher's Instagram post alleges domestic violence: Police immediately register case and arrest husband