
തിരുവനന്തപുരം: സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ നിലപാട് കടുപ്പിച്ച് സമസ്ത. വിഷയത്തില്‍ സര്‍ക്കാരുമായി ഏത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാറാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാടിനെതിരെയും ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. ആരായാലും മറുപടികള്‍ മാന്യമായിരിക്കണമെന്ന് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ സമയം മാറ്റാനാകില്ലെന്ന് കഴിഞ്ഞ ദിവസം വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.
'സമയം എല്ലാവര്‍ക്കും കണ്ടെത്താമല്ലോ. നമ്മള്‍ സമയം കണ്ടെത്തുകയെന്ന് പറഞ്ഞാല്‍ ആകെ 24 മണിക്കൂറല്ലേയുള്ളൂ. മറുപടികള്‍ മാന്യമായിരിക്കണം ആരായാലും. നിലപാട് അംഗീകരിക്കില്ലായെന്നെല്ലാം ആര്‍ക്കും പറയാമല്ലോ. ആ ചെയ്തി ശരിയല്ല. സമുദായങ്ങള്‍ അല്ലേ സര്‍ക്കാരിന് വോട്ട് ചെയ്തത്. സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി നോക്കാനല്ലേ മന്ത്രിസഭ. ഞങ്ങള്‍ അവഗണിക്കപ്പെട്ടുവെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിക്കാണ് നിവേദനം കൊടുത്തത്. അദ്ദേഹം പറയട്ടെ', ജിഫ്രി തങ്ങള്‍ പറഞ്ഞു.
ഉറങ്ങുന്ന സമയത്ത് ആക്കണോ മദ്രസയെന്നും ജിഫ്രി തങ്ങള്‍ ചോദിച്ചു. മന്ത്രിയെന്താണ് ഇക്കാര്യത്തില്‍ വാശിപോലെ പ്രതികരിക്കുന്നത്. ആലോചിച്ച് തീരുമാനിക്കാമെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഭാഷയില്‍ വ്യത്യാസം ഉണ്ടാവാം. മനുഷ്യരല്ലേ. കടുംപ്പിടിത്തം പാടില്ലയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് സമയം നീട്ടിയത്. സമയം വര്‍ധിപ്പിച്ചതില്‍ പുനഃരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഉത്തരവ്. ഇതിനെതിരെ സമസ്ത പ്രതിഷേധത്തിനൊരുങ്ങുകയാണ്.
അതേസമയം സമയം മാറ്റുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റേത്. 220 ദിവസം പ്രവര്‍ത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് 1,100 മണിക്കൂര്‍ പഠനസമയം വേണം.
Content Highlights: Samastha president Jifri Muthukoya Thangal against V Sivankutty over school time change