
തിരുവനന്തപുരം: സ്കൂൾ സമയ മാറ്റത്തിൽ സർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും ചെറിയ വിഭാഗത്തിന് വേണ്ടി ലക്ഷക്കണക്കിന് കുട്ടികളുടെ സമയം മാറ്റാൻ സാധിക്കില്ലെന്ന് മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. സ്‌കൂള്‍ സമയ മാറ്റത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി എ പി സമസ്തയും രംഗത്ത് എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ വിമർശനം.
'ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്‌നമല്ല. പൊതുപ്രശ്‌നമാണ്. 47 ലക്ഷത്തോളം വരുന്ന കുട്ടികളുണ്ട്. അതില്‍ എല്ലാ മതവിഭാഗക്കാരും മതം ഇല്ലാത്തവരും ഉണ്ട്. സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അല്ലാത്തവര്‍ സ്വന്തം റിസ്‌ക്കില്‍ ചെയ്യണം. ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ സമയം മാറ്റാനായി സാധിക്കില്ല. പ്രതിഷേധമുണ്ടെങ്കില്‍ കോടതിയില്‍ പോകുന്നതാവും നല്ലത്', വി ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ആലോചനയോടെ വേണമെന്ന് എ പി വിഭാഗം സമസ്ത അഭിപ്രായപ്പെട്ടു. മാറ്റങ്ങള്‍ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകണമെന്നും കാന്തപുരം വിഭാഗം വിമര്‍ശിച്ചു. സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ സമരം നയിക്കുമെന്ന് വ്യക്തമാക്കി ഇന്നലെയാണ് ഇ കെ സമസ്ത അംഗങ്ങള്‍ രംഗത്തെത്തിയത്. സമസ്തയുടെ മദ്രസ പഠനം നിയന്ത്രിക്കുന്ന മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനിലായിരുന്നു തീരുമാനം. ഓഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിലും ധര്‍ണ നടത്താനാണ് തീരുമാനം. മദ്രസാതല പ്രതിഷേധം മുതല്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു.
വര്‍ഷത്തില്‍ 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്‌കൂളില്‍ 1,100 മണിക്കൂര്‍ പഠന സമയം വേണം. സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ അധിക സമയം നിര്‍ദേശിച്ചത്.
Content Highlight : 'We cannot change the time of lakhs of children for the sake of any small group'; Minister V Sivankutty