
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ജയിക്കണമെന്ന് സാഹിത്യകാരി ശാരദകുട്ടി ഭാരതകുട്ടി. ഇത് പറയാന്‍ ആരെയും ഭയപ്പെടേണ്ടതില്ലെന്ന് ശാരദകുട്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സ്വരാജ് വിജയിക്കണമെന്നും ആ സാന്നിധ്യം നിയമസഭയില്‍ അനിവാര്യമാണെന്നും വിശ്വസിച്ചിരുന്നുവെന്നും അവര്‍ കുറിച്ചു. എഴുത്തുകാര്‍ സ്വരാജിനെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ശാരദകുട്ടിയും പിന്തുണച്ച് രംഗത്തെത്തിയത്.
'നിലമ്പൂരിലെ വോട്ടര്‍മാരോട് സഖാവ് സ്വരാജിനു വേണ്ടി വോട്ടഭ്യര്‍ഥിക്കുന്നത് സഖാവ് സ്വരാജിന്റെ ഉറച്ച രാഷ്ട്രീയ നിലപാടുകളും അതിലെ സത്യസന്ധതയുമാണ്. അതിനും മുകളില്‍ കയറി നിന്ന് എന്റെ പേരോ സ്ഥാനമോ അടയാളപ്പെടുത്താനാവില്ല. അതിനോട് സര്‍വ്വബഹുമാനത്തോടെയും ഞാനെന്റെ ഐക്യദാര്‍ഢ്യം എപ്പോഴേ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്', ശാരദകുട്ടി പറഞ്ഞു.
ഏതെല്ലാം രാഷ്ട്രയാപചയങ്ങള്‍ക്കിടയിലും താന്‍ മനസ്സുറപ്പോടെ ചാരിനില്‍ക്കാന്‍ തെരഞ്ഞെടുക്കുന്ന ഒരു ചുമരാണ് ഇടതുപക്ഷമെന്നും ശാരകുട്ടി പറഞ്ഞു. മികച്ച എംഎല്‍എയാകാനുള്ള നിരീക്ഷണപാടവം സ്വരാജിനുണ്ടെന്ന് ശാരദകുട്ടി കൂട്ടിച്ചേര്‍ത്തു. 'ഒരു മികച്ച നിയമസഭാ സാമാജികന് വേണ്ട നിരീക്ഷണ പാടവവും വാക്ചാതുരിയും ചരിത്രബോധവും പക്വതയും നിയമാവബോധവും സ്വരാജിനുണ്ടെന്നുള്ളത് ഞാന്‍ സാക്ഷ്യപ്പെടുത്താതെ തന്നെ നിലമ്പൂരെ ജനതക്കറിയാം. എതിര്‍പക്ഷത്തുള്ള സ്ഥാനാര്‍ഥിയുടെ യോഗ്യതകളെ കുറിച്ചന്വേഷിക്കാനും എന്റെ ആവശ്യമില്ല. ആരോഗ്യകരമായ ഈ മത്സരത്തില്‍ സ്വരാജ് ജയിക്കണമെന്നു തന്നെയാണ് ഞാനാഗ്രഹിക്കുന്നത്', ശാരദകുട്ടി പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനുശേഷം കെ സച്ചിദാനന്ദന്‍, കെ ആര്‍ മീര, റഫീക്ക് അഹമ്മദ് തുടങ്ങി നിരവധി സാഹിത്യകാരന്മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതില്‍ സാഹിത്യകാരന്മാര്‍ പരസ്യ രാഷ്ട്രീയ നിലപാട് പറഞ്ഞതിനെതിരെ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസും രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം നിലമ്പൂരിലേക്കില്ലേ എന്നൊരു സുഹൃത്ത് മെസഞ്ചറില്‍. എനിക്ക് വ്യക്തമായ ഉത്തരമുണ്ട്. നിരാശ തോന്നുന്ന ചില ഘട്ടങ്ങളില്‍ ഞാനിനി വോട്ടു ചെയ്യാനില്ല, ഒരു പക്ഷത്തിനൊപ്പവുമില്ല എന്നൊക്കെ ക്ഷുഭിതയാകാറുണ്ടെങ്കിലും തിരഞ്ഞെടുപ്പുകാലമടുക്കുമ്പോള്‍ എന്റെ പക്ഷമെനിക്ക് പറയാതെ വയ്യ. അതിതാണ്.
സാംസ്‌കാരിക പ്രവര്‍ത്തകയോ എഴുത്തുകാരിയോ എന്ന നിലയില്‍ എന്നെ അറിയുന്നതിലും എത്രയോ അധികം ആളുകളുടെ ബഹുമാനവും അംഗീകാരവും രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ നേടിയിട്ടുള്ള ആളാണ് സഖാവ് എം സ്വരാജ്. നിലമ്പൂരിലെ വോട്ടര്‍മാരോട് സഖാവ് സ്വരാജിനു വേണ്ടി വോട്ടഭ്യര്‍ഥിക്കുന്നത് സഖാവ് സ്വരാജിന്റെ ഉറച്ച രാഷ്ട്രീയ നിലപാടുകളും അതിലെ സത്യസന്ധതയുമാണ്. അതിനും മുകളില്‍ കയറി നിന്ന് എന്റെ പേരോ സ്ഥാനമോ അടയാളപ്പെടുത്താനാവില്ല. അതിനോട് സര്‍വ്വബഹുമാനത്തോടെയും ഞാനെന്റെ ഐക്യദാര്‍ഢ്യം എപ്പോഴേ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.
എന്റെ ഇടതുപക്ഷ അനുഭാവം യോജിപ്പുകളോടെയും ചില ചില വിയോജിപ്പുകളോടെയും പലയാവര്‍ത്തി വ്യക്തമാക്കിക്കഴിഞ്ഞതാണ്. എങ്കിലും അത് നിലമ്പൂരില്‍ എന്നല്ല കേരളത്തില്‍ എവിടെയും തിരഞ്ഞെടുപ്പുകാലത്ത് ഞാനെടുക്കുന്ന ഉറച്ച നിലപാടിനെ ഇളക്കുന്ന ഒന്നല്ല. ഏതെല്ലാം രാഷ്ട്രയാപചയങ്ങള്‍ക്കിടയിലും ഞാന്‍ മനസ്സുറപ്പോടെ ചാരിനില്‍ക്കാന്‍ തെരഞ്ഞെടുക്കുന്ന ഒരു ചുമരാണത്.
തിരഞ്ഞെടുപ്പ് സമയം എന്റെ രാഷ്ട്രീയ നിലപാട് വെളിപ്പെടുത്താന്‍ കിട്ടുന്ന അവസരമാണ്. അതില്‍ പരം എനിക്കതിനകത്ത് മറ്റ് സ്വകാര്യനേട്ടങ്ങളേതുമില്ല. എല്ലാവര്‍ക്കും ഉള്ള പക്ഷപാതങ്ങള്‍ പോലെ കണ്ടാല്‍ മതി അത്. സ്വകാര്യ നേട്ടങ്ങള്‍ക്കായാണ് നിങ്ങള്‍ ഒരു പക്ഷത്തു ചേര്‍ന്നു നില്‍ക്കുന്നതെങ്കില്‍ എന്നെയും അങ്ങനെയേ നിങ്ങള്‍ക്കു കാണാനാകൂ. എനിക്കതില്‍ പരാതിയില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സഖാവ് സ്വരാജ് വിജയിക്കണമെന്നും ആ സാന്നിധ്യം നിയമസഭയില്‍ അനിവാര്യമാണെന്നും വിശ്വസിച്ചിരുന്നതുമാണ്. വൈകിയെങ്കിലും അത് ഇത്തവണ സാധ്യമാകുമെന്ന് തന്നെ ഉറപ്പിക്കട്ടെ. അതു പറയാന്‍ ആരേയും ഭയപ്പെടേണ്ടതുമില്ല.
ഒരു മികച്ച നിയമസഭാ സാമാജികന് വേണ്ട നിരീക്ഷണ പാടവവും വാക്ചാതുരിയും ചരിത്രബോധവും പക്വതയും നിയമാവബോധവും സ്വരാജിനുണ്ടെന്നുള്ളത് ഞാന്‍ സാക്ഷ്യപ്പെടുത്താതെ തന്നെ നിലമ്പൂരെ ജനതക്കറിയാം. എതിര്‍പക്ഷത്തുള്ള സ്ഥാനാര്‍ഥിയുടെ യോഗ്യതകളെ കുറിച്ചന്വേഷിക്കാനും എന്റെ ആവശ്യമില്ല. ആരോഗ്യകരമായ ഈ മത്സരത്തില്‍ സ്വരാജ് ജയിക്കണമെന്നു തന്നെയാണ് ഞാനാഗ്രഹിക്കുന്നത്.
Content Highlights: Writer Saradakutty Bharathikutty support M Swaraj in Nilambur By Election