

ന്യൂയോര്‍ക്ക്: ഡിസംബര്‍ 16ന് ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ പദ്ധതിയിടുന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സുരക്ഷയില്‍ ബംഗ്ലാദേശിലെ തരീഖ് റഹ്മാന് സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന് മൈക്കല്‍ റൂബിന്. ന്യൂയോര്‍ക്കില്‍ നടന്ന 'ബംഗ്ലാദേശിന്റെ ഭാവി' (Bangladesh's Future) എന്ന സെമിനാറില്‍ പങ്കെടുക്കവെയാണ് 2002 മുതല്‍ 2004 വരെ പെന്റഗണില്‍ സേവനമനുഷ്ഠിച്ച റൂബിന് ധാക്കയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കിയത്. 2024 ഓഗസ്റ്റില്‍ ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കഴിയുന്ന ഷെയ്ഖ് ഹസീന ചടങ്ങില്‍ വെര്‍ച്വലായി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. മടങ്ങിയെത്തുന്ന ഹസീനയുടെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം ബംഗ്ലാദേശ് സര്‍ക്കാരിനായിരിക്കുമെന്നും, ഹസീനയുടെ ഒരു മുടിയിഴയ്ക്ക് പോലും പോറലേല്ക്കാന് അനുവദിക്കരുതെന്നും മൈക്കല്‍ റൂബിന് പറഞ്ഞു.
'പ്രധാനമന്ത്രി റഹ്മാനോടും (തരീഖ് റഹ്മാന്) മറ്റുള്ളവരോടും മുന്‍കൂട്ടി പറയാനുള്ള സമയമാണിത്, ഷെയ്ഖ് ഹസീനയുടെയോ അവരോടൊപ്പം മടങ്ങിയെത്തുന്ന മറ്റാരുടെയെങ്കിലുമോ തലമുടിക്ക് പോലും ഒരു പോറലേറ്റാല്‍, അതിന് അവര്‍, അവര്‍ മാത്രമായിരിക്കും പൂര്‍ണ ഉത്തരവാദികള്‍,' റൂബിന് പറഞ്ഞു.

ധാക്കയിലെ ഭരണകൂടത്തിന് ഈ മുന്നറിയിപ്പ് കൃത്യമായി കൈമാറാന്‍ യുഎസ് അംബാസഡറോടും മറ്റ് വിദേശ നയതന്ത്രജ്ഞരോടും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഷെയ്ഖ് ഹസീനയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ബംഗ്ലാദേശ് അധികാരികളുമായി യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും, ഹസീനയ്ക്കുള്ള പിന്തുണ തുടരണമെന്നും അദ്ദേഹം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.
ബംഗ്ലാദേശില്‍ ഹസീന പുറത്തായ ശേഷം ഇടക്കാല ഭരണത്തലവന് മുഹമ്മദ് യൂനുസിന്റെ കാലയളവില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള ഗ്രൂപ്പുകള്‍ സ്വാധീനം ഉറപ്പിച്ചതായി റൂബിന് ആരോപിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതിനെക്കുറിച്ചും യുഎസ് എംബസിയില്‍ ഇത്തരം വിഭാഗങ്ങള്‍ സ്വാധീനമുണ്ടാക്കിയതിനെക്കുറിച്ചും അദ്ദേഹം മുന്‍പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2024 ഓഗസ്റ്റിലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കടന്ന ഷെയ്ഖ് ഹസീന, പാകിസ്ഥാനെതിരായ 1971ലെ വിമോചന യുദ്ധ വിജയത്തിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 16ന് (വിജയ് ദിവസ്) ബംഗ്ലാദേശിലേക്ക് തിരികെ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രയ്ക്കായി റദ്ദാക്കിയ പാസ്പോര്‍ട്ട് നല്‍കാനും ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ വിമാനം ദല്‍ഹിയില്‍ നിന്ന് ധാക്കയിലേക്ക് ഏര്‍പ്പാടാക്കാനും ഹസീന ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2024ലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ആയിരത്തിലധികം പേര് കൊല്ലപ്പെട്ട സംഭവവത്തില്‍ ബന്ധപ്പെട്ട് ഹസീനയ്ക്കെതിരെ വധശിക്ഷ വിധിച്ചിട്ടുണ്ട്. അവര്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് തരീഖ് റഹ്മാന് സര്‍ക്കാരിന്റെ നിലപാട്.
'കുറ്റവാളികളെ കൈമാറുന്ന രീതിയിലല്ലാതെ ഒരു ഭീകരരെയും തിരിച്ചുവരാന്‍ അനുവദിക്കില്ല. കൈവിലങ്ങണിയിച്ച് മാത്രമായിരിക്കും അവരെ തിരികെ കൊണ്ടുവരിക,' എന്നാണ് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍ ഹസീനയുടെ വരവിനെ കുറിച്ച് പറഞ്ഞത്.
ഹസീനയെ തിരികെ അയയ്ക്ക്ുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ രണ്ട് നിബന്ധനകള്‍ മുമ്പോട്ട് വെച്ചിരുന്നു. ഷെയ്ഖ് ഹസീനയെ തിരികെ കൊണ്ടുപോകുന്നതിന്റെ ചുമതല ബംഗ്ലാദേശ് സൈന്യം തന്നെ ഏറ്റെടുക്കണം എന്നതാണ് ഇന്ത്യ താരിഖ് റഹ്മാന് സര്‍ക്കാരിന് മുമ്പില്‍ വെച്ച ആദ്യ നിബന്ധന. ഹസീന ഇന്ത്യയിലെത്തിയതുപോലെ തന്നെ, ബംഗ്ലാദേശ് സൈന്യത്തിന്റെ പ്രത്യേക വിമാനത്തിലോ അല്ലെങ്കില്‍ കര അതിര്‍ത്തിയിലെ നിശ്ചിത കേന്ദ്രത്തില്‍ വെച്ചോ സൈന്യം അവരെ ഏറ്റെടുത്ത് സുരക്ഷിതമായി കൊണ്ടുപോകണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.
2024 ജൂലൈയിലെ കൂട്ടക്കൊലപാതക ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വിധിച്ച വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്കാന് അവസരം നല്‍കണം. കൂടാതെ, പുതിയതും സുതാര്യവുമായ വിചാരണ ഉറപ്പാക്കുകയും വേണം. ഈ വിചാരണ നടപടികള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും ആഗോള മാധ്യമങ്ങളുടെയും സജീവ നിരീക്ഷണത്തിലായിരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.
ഹസീനയുടെ മടക്കം സാധ്യമാക്കുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ പശ്ചാത്തല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒക്ടോബര്‍ ആദ്യവാരം ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ ദിനേശ് ത്രിവേദി ന്യൂഡല്‍ഹിയില്‍ വെച്ച് കരസേനാ മേധാവി ജനറല്‍ ധീരജ് സേത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹസീനയുടെ മടക്കത്തില്‍ ബംഗ്ലാദേശ് സൈന്യത്തിന് സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Content Highlight: Former Pentagon official Michael Rubin has warned Bangladesh's Tarique Rahman government that it would be held fully responsible if Sheikh Hasina suffers any harm upon her proposed return to the country on December 16. Speaking at a seminar titled 'Bangladesh's Future' in New York, Rubin urged US diplomats to convey the warning to Dhaka and called on India not to compromise on Hasina's security. Hasina, who has been living in India since being ousted in August 2024, has announced plans to return on Vijay Diwas, the anniversary of Bangladesh's 1971 Liberation War victory. She has reportedly sought the return of her cancelled passport and an aircraft from Biman Bangladesh Airlines for her journey. The report also examines the death sentence imposed on Hasina in connection with the 2024 crackdown, the Tarique Rahman government's position on her arrest, India's reported conditions for facilitating her return, and diplomatic and military-level discussions between India and Bangladesh.