ടാറ്റ ട്രസ്റ്റിന് തിരിച്ചടി: ബോർഡ് യോഗം മാറ്റിവയ്ക്കില്ല; ഹർജി തള്ളി ബോംബെ ഹൈക്കോടതി

എന്‍ ചന്ദ്രശേഖരനെ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി വീണ്ടും നിയമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കോടതിയുടെ ഇടപെടല്‍

ടാറ്റ ട്രസ്റ്റിന് തിരിച്ചടി: ബോർഡ് യോഗം മാറ്റിവയ്ക്കില്ല; ഹർജി തള്ളി ബോംബെ ഹൈക്കോടതി
tata sons dispute
dot image

മുംബൈ: ടാറ്റ സണ്‍സിന്റെ നിര്‍ണായക ബോര്‍ഡ് യോഗം മാറ്റിവയ്ക്കണമെന്ന ടാറ്റ ട്രസ്റ്റിന്റെ ആവശ്യം തള്ളി ബോംബെ ഹൈക്കോടതി. ഇതോടെ നവംബര്‍ 30ന് നിശ്ചയിച്ചിട്ടുള്ള ബോര്‍ഡ് യോഗം നടക്കും. എന്‍ ചന്ദ്രശേഖരനെ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി വീണ്ടും നിയമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കോടതിയുടെ ഇടപെടല്‍.

യോഗം സ്റ്റേ ചെയ്യുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന ടാറ്റ ട്രസ്റ്റിന്റെ ഹര്‍ജിയാണ് തള്ളിയത്. എന്നാല്‍ യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഹര്‍ജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ അടുത്ത വാദം 2027 ജനുവരി 21ന് നടക്കും.

2027 ഫെബ്രുവരി 21 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി എന്‍ ചന്ദ്രശേഖരനെ ചെയര്‍മാനായി നിയമിക്കാനുള്ള സെപ്റ്റംബര്‍ 17ലെ ബോര്‍ഡ് തീരുമാനമാണ് തര്‍ക്കത്തിന് കാരണമായത്. ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരിയുള്ള ടാറ്റ ട്രസ്റ്റ് ഈ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് തീരുമാനമെടുത്തതെന്നാണ് ട്രസ്റ്റിന്റെ വാദം.

tata sons bombay house
ടാറ്റ സണ്‍സ് ബോംബൈ ഹൗസ്

ബോര്‍ഡില്‍ നടന്ന വോട്ടെടുപ്പില്‍ നാലുപേര്‍ അനുകൂലിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തു. എന്‍ ചന്ദ്രശേഖരന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ടാറ്റ ട്രസ്റ്റ് നാമനിര്‍ദേശം ചെയ്ത ഡയറക്ടര്‍ നോയല്‍ ടാറ്റ തീരുമാനത്തെ എതിര്‍ത്തപ്പോള്‍ വേണു ശ്രീനിവാസന്‍ അനുകൂലിച്ചു. ഹരീഷ് മന്‍വാനിയുടെ കാസ്റ്റിങ് വോട്ട് ഉപയോഗിച്ചാണ് പ്രമേയം പാസാക്കിയതെന്നും ഇത്തരമൊരു തീരുമാനത്തിന് ട്രസ്റ്റ് നാമനിര്‍ദേശം ചെയ്ത ഡയറക്ടര്‍മാരില്‍ ഭൂരിപക്ഷത്തിന്റെ അംഗീകാരം വേണമെന്നുമാണ് ടാറ്റ ട്രസ്റ്റിന്റെ വാദം. ഹര്‍ജിയില്‍ 65 കോടി രൂപ നഷ്ടപരിഹാരവും ടാറ്റ ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നവംബര്‍ 30ലെ യോഗം മാറ്റിവച്ചാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം പാലിക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ടാറ്റ സണ്‍സ് കോടതിയെ അറിയിച്ചു. ഡിസംബര്‍ 10നകം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം. യോഗം മാറ്റിവച്ചാല്‍ ഈ സമയപരിധിക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കാനാകില്ലെന്ന് ടാറ്റ സണ്‍സിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. ലിസ്റ്റിങ് നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുപോയാല്‍ 2027ല്‍ ടാറ്റ സണ്‍സിന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാകുമെന്നുമായിരുന്നു വാദം.

Content Highlights: The Bombay High Court has rejected Tata Trusts' plea to postpone the November 30 Tata Sons board meeting over N Chandrasekaran's reappointment. The meeting will proceed, but its decisions will remain subject to the court's final verdict

dot image
To advertise here,contact us
dot image