

ടെല്‍ അവീവ്: ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നീക്കങ്ങളുടെ ഭാഗമായി, കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ പാര്‍ട്ടിയായ 'ലിക്കുഡ്' (Likud)നെ സഖ്യചര്‍ച്ചകള്‍ക്ക് ക്ഷണിച്ച് ഗാഡി ഐസന്‍കോട്ട്. ഐസന്‍കോട്ടിന്റെ സെന്ററിസ്റ്റ് പാര്‍ട്ടിയായ യാഷര്‍ പാര്‍ട്ടിയും ലിക്കുഡ് പാര്‍ട്ടിയും തമ്മിലുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ ഞായറാഴ്ച (നവംബര്‍ 22) മുതല്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാന രാഷ്ട്രീയ ബ്ലോക്കുകള്ക്കൊന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഗാഡി ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചുമതല ലഭിച്ചത്. അടുത്ത മാസം വരെയാണ് അദ്ദേഹത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. സാധ്യമായ ഏറ്റവും വിശാലമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധതയാണ് ഈ ചര്‍ച്ചകളെന്ന് യാഷര്‍ പാര്‍ട്ടി പറഞ്ഞു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും, ആവശ്യമായ വഴിത്തിരിവുണ്ടാക്കാന്‍ യാതൊരു ശ്രമവും ബാക്കിവെക്കില്ലെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നെതന്യാഹുവിനെ എതിര്‍ക്കുന്ന ഐസന്‍കോട്ടിന്റെ ക്യാമ്പില്‍ നിലവില്‍ വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തീവ്ര ഓര്‍ത്തഡോക്സ് പാര്‍ട്ടികളുമായോ അറബ് ഭൂരിപക്ഷ പാര്‍ട്ടികളുമായോ സഖ്യമുണ്ടാക്കണമോ, അതോ നെതന്യാഹുവിന്റെ ബ്ലോക്കുമായി ചേര്‍ന്ന് ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമോ എന്ന കാര്യത്തിലാണ് ഈ ഭിന്നത.
അതിനിടെ, ഐസന്‍കോട്ടിന്റെ ക്യാമ്പിലെ പ്രധാന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നാഫ്താലി ബെന്നറ്റ്, ഐസന്‍കോട്ടിന്റെ നേതൃത്വത്തില്‍ 'സയണിസ്റ്റ് ഐക്യ സര്‍ക്കാര്‍' (Zionist unity government) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബെഞ്ചമിന്‍ നെതന്യാഹുവുമായോ അദ്ദേഹത്തിന്റെ രാഷ്ട്രീയ ബ്ലോക്കുമായോ ഒരു കാരണവശാലും സഖ്യമുണ്ടാക്കില്ലെന്നും ബെന്നറ്റ് വ്യക്തമാക്കി.
ലിക്കുഡ് പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് ഐസന്‍കോട്ട് സൂചന നല്‍കിയിട്ടുണ്ടെങ്കിലും, നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരില്‍ പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ഐക്യ സര്‍ക്കാര്‍ ആവശ്യമാണെന്നാണ് നെതന്യാഹുവിന്റെ വാദം. ഐസന്‍കോട്ടിന്റെ ക്ഷണത്തിന് പിന്നാലെ ലിക്കുഡ് പാര്‍ട്ടി തങ്ങളുടെ നിലപാടുകളും നിബന്ധനകളും വ്യക്തമാക്കിയിട്ടുണ്ട്. നെതന്യാഹുവിനും സര്‍ക്കാരിനുമെതിരായ വ്യക്തിപരമായ ആക്രമണങ്ങളും പ്രകോപനങ്ങളും രാഷ്ട്രീയ ബഹിഷ്കരണങ്ങളും അവസാനിപ്പിക്കണം. ഇസ്രയേലിനെ യഹൂദജനതയുടെ രാഷ്ട്രമായി അംഗീകരിക്കുന്ന പാര്‍ട്ടികളെ മാത്രം ഉള്‍പ്പെടുത്തി ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണം. അറബ് പാര്‍ട്ടികളെ ഒഴിവാക്കണം. ഫലസ്തീന് രാഷ്ട്രരൂപീകരണം തള്ളിക്കളയുക, സിറിയ, ലെബനന്, ഗസ എന്നിവിടങ്ങളിലെ ഇസ്രയേലിന്റെ 'സുരക്ഷാ മേഖലകള്‍' നിലനിര്‍ത്തുക, തീവ്ര ഓര്‍ത്തഡോക്സ് വിഭാഗക്കാരുടെ സൈനിക സേവനവുമായി ബന്ധപ്പെട്ട് ആ സമുദായ നേതാക്കളുമായി വിശാല ധാരണയിലെത്തുക എന്നതാണ് ലിക്കുഡ് പാര്‍ട്ടിയുടെ നിബന്ധനകള്‍.

അതേസമയം, സഖ്യചര്‍ച്ചകള്‍ നീണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് വെള്ളിയാഴ്ച (നവംബര്‍ 20) ഗാഡി ഐസന്‍കോട്ട് വ്യക്തമാക്കിയിരുന്നു. വിശാലമായ സഖ്യസര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍, പാര്‍ലമെന്റിന്റെ വോട്ടെടുപ്പിനായി ഒരു 'മൈനോറിറ്റി നാഷണല്‍ എമര്‍ജന്‍സി സര്‍ക്കാര്‍' (Minority national emergency government) മുന്നോട്ടുവെക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
Content Highlight: Gadi Eisenkot's centrist Yashar party has invited Benjamin Netanyahu's right-wing Likud party for intensive coalition talks as efforts to form Israel's next government continue. The move comes amid divisions within Eisenkot's camp over alliances with ultra-Orthodox and Arab-majority parties or a national unity government involving Likud. Former Prime Minister Naftali Bennett has called for a Zionist unity government led by Eisenkot while ruling out any alliance with Netanyahu. Likud has outlined several conditions for joining a unity government, including rejecting Palestinian statehood and excluding Arab parties. Eisenkot has also indicated his willingness to form a minority national emergency government if broader coalition negotiations fail.