

വാഷിങ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ)യുടെ നാഷണല്‍ ക്രൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍സിഐസി) ഡാറ്റാബേസില്‍ ഹാക്കിങ് നടന്നതായി സംശയം. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്ന രണ്ട് പേരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഫെഡറല്‍, സംസ്ഥാന, പ്രാദേശിക അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് എന്‍സിഐസി. അറസ്റ്റ് വാറന്റുകള്‍, ക്രിമിനല്‍ രേഖകള്‍, പശ്ചാത്തല പരിശോധനകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ട്. സംഭവത്തില്‍ എഫ്ബിഐ ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.
ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താന്‍ വിവരം ഇപ്പോഴാണ് അറിഞ്ഞതെന്ന് പറഞ്ഞു. സംഭവം ആശങ്കാജനകമാണെന്നും ഒട്ടും നല്ലതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, ഇതിലൂടെ മുമ്പ് അറിയാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്സിഐയിലെ വിവരങ്ങള്‍ രാജ്യവ്യാപകമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണെന്ന് മുന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) ഉദ്യോഗസ്ഥന് ഡാന്‍ ലോര്മാന് പറഞ്ഞു. ഇത്തരം വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബര്‍ ആക്രമണങ്ങള്‍ ലോകത്താകെ വര്‍ധിച്ചുവരികയാണെങ്കിലും അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളിലെ വിദഗ്ധരുടെ കഴിവില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറില്‍ ഷൈനി ഹണ്ടേഴ്സ് എന്ന സൈബര്‍ കുറ്റകൃത്യ സംഘവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിലും എഫ്ബിഐ അന്വേഷണം നടത്തിയിരുന്നു. ബ്യൂറോയിലെ ഏകദേശം 38,000 ജീവനക്കാരുടെ വിവരങ്ങള്‍ മോഷ്ടിച്ചതായി സംഘം അവകാശപ്പെട്ടിരുന്നു. വിവരങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നാല്‍ നിലവിലെ ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, അമേരിക്കന്‍ കൃഷിവകുപ്പിന്റെ (യുഎസ്ഡിഎ) കര്‍ഷകര്‍ക്കുള്ള പണമിടപാട് സംവിധാനത്തിനെതിരെയും സൈബര്‍ ആക്രമണം നടന്നതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ജീവനക്കാരെ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ബാങ്കിങ്, വ്യോമഗതാഗതം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സാങ്കേതിക തടസ്സങ്ങള്ക്കിടെയാണ് പുതിയ സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ തടസ്സങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ മൂലമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും നിയമനിര്‍മാതാക്കള്‍ കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്നുണ്ട്. വൈറ്റ് ഹൗസ് നാഷണല്‍ സൈബര്‍ ഡയറക്ടര്‍ സീന്‍ കെയിന്ക്രോസിനെ ഈ ആഴ്ച സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.
Content Highlights: The FBI has reportedly launched an investigation into a suspected hacking incident involving its National Crime Information Center (NCIC) database. The system is used by federal, state and local law enforcement agencies to share information, including arrest warrants, criminal records and background checks. US media reports cited two people familiar with the investigation. The FBI has not yet issued an official response.