

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ വീടുകളിൽ 20 കോടി (200 മില്യൺ) എയർ കണ്ടീഷണറുകൾ കൂടി സ്ഥാപിക്കപ്പെടുമെന്നും, ഇതോടെ ആഗോള ഊർജ്ജ ഉപഭോഗ വളർച്ചയിൽ ഇന്ത്യ ഒന്നാമതെത്തുമെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി. 'വേൾഡ് എനർജി ഔട്ട്ലുക്ക് 2026' റിപ്പോർട്ടിലാണ് ഈ നിർണ്ണായക വിവരങ്ങളുള്ളത്. നിലവിൽ ഇന്ത്യയിലും ഇന്തോനേഷ്യയിലും അഞ്ചിലൊന്ന് വീടുകളിൽ താഴെ മാത്രമാണ് എസിയുള്ളത്. എന്നാൽ 2035-ഓടെ ആഗോള എസി വിപണിയിൽ ഇന്ത്യയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും വിഹിതം 10 ശതമാനത്തിൽ താഴെയുള്ളതിൽ നിന്നും 20 ശതമാനമായി ഉയരും.
ഊർജ്ജ ചരിത്രത്തിൽ ആദ്യമായി, കെട്ടിടങ്ങൾ ചൂടാക്കുന്നതിനേക്കാൾ കൂടുതൽ ഊർജ്ജം അവ തണുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. വരുന്ന ദശകത്തിൽ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം പ്രതിവർഷം 6 ശതമാനം വീതം വളരുമെന്നാണ് കണക്കാക്കുന്നത്. ഇത് പ്രധാന രാജ്യങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണ്. കൂടാതെ, ഇന്ത്യയുടെ ആകെ ഊർജ്ജ ആവശ്യകത പ്രതിവർഷം 2.5 ശതമാനം വർദ്ധിക്കുമെന്നും, ഇത് ആഗോള ശരാശരിയുടെ മൂന്നിരട്ടിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഉഷ്ണതരംഗങ്ങൾ കൂടുതൽ ശക്തമാവുകയും നീണ്ടുനിൽക്കുകയും ചെയ്താൽ എസി ഉപയോഗവും വൈദ്യുതി ആവശ്യകതയും പ്രതീക്ഷിച്ചതിലും 40 ശതമാനം വരെ അധികമാകാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, ഇന്ത്യയിൽ പ്രതിദിനം 12,000-ത്തിലധികം പുതിയ കാറുകൾ നിരത്തിലിറങ്ങുമെന്നും കെട്ടിട നിർമ്മാണ മേഖലയിൽ 33 ശതമാനം വർദ്ധനവുണ്ടാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ഇതോടെ ഊർജ്ജ മേഖലയിലെ നിക്ഷേപം 2025-നെ അപേക്ഷിച്ച് 2035-ഓടെ 85 ശതമാനം വർദ്ധിക്കും.
2025-ൽ ഇന്ത്യ ഏകദേശം 2,114 ടെറാവാട്ട്-അവർ വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. 2035-ഓടെ ഇത് 3,585 TWh ആയി ഉയരുമെന്നും, ഇതിൽ 51 ശതമാനവും ഫോസിൽ ഇതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നായിരിക്കുമെന്നും ഐഇഎ വിലയിരുത്തുന്നു. എങ്കിലും കൽക്കരി പ്രധാന ഊർജ്ജ സ്രോതസ്സായി തുടരുമെന്നും, ഇന്ത്യയുടെ കാർബൺ ബഹിർഗമനം 2040-ഓടെ മാത്രമേ ഏറ്റവും ഉയർന്ന നിലയിലെത്തി കുറഞ്ഞുതുടങ്ങുകയുള്ളൂ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlights: India is expected to add 200 million (20 crore) air conditioners to households over the next decade, according to the International Energy Agency (IEA).