'ഉമ്മൻ ചാണ്ടിക്കൊപ്പം നിന്ന നേതാക്കളെ അവഗണിക്കുന്നു'; മല്ലികാർജുൻ ഖർഗെക്ക് പരാതി നല്‍കി എ ഗ്രൂപ്പ്

കെ സി ജോസഫിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ എഐസിസി അധ്യക്ഷന് പരാതി നല്‍കിയത്

'ഉമ്മൻ ചാണ്ടിക്കൊപ്പം നിന്ന നേതാക്കളെ അവഗണിക്കുന്നു'; മല്ലികാർജുൻ ഖർഗെക്ക് പരാതി നല്‍കി എ ഗ്രൂപ്പ്
dot image

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം തലപൊക്കിയതിന് പിന്നാലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് പരാതി നല്‍കി എ ഗ്രൂപ്പ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയുടെ ഒപ്പം നിന്നവരെ അവഗണിക്കുന്നതായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കെ സി ജോസഫിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ എഐസിസി അധ്യക്ഷന് പരാതി നല്‍കിയത്. ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരും എഐസിസി അധ്യക്ഷനെ കണ്ടു. നാല് ദിവസം മുമ്പാണ് നേതാക്കള്‍ പരാതി നല്‍കിയത്.

ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം നിന്നിരുന്ന ആരേയും ചര്‍ച്ചയുടെ ഭാഗമാക്കിയില്ലെന്ന് നേതാക്കൾ ഉന്നയിച്ചു. മുഖ്യമന്ത്രി വി ഡി സതീശനെയും സണ്ണി ജോസഫിനെയും കാര്യങ്ങള്‍ അറിയിച്ചിരുന്നെങ്കിലും അതില്‍ യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് എഐസിസി അധ്യക്ഷനെ നേരിട്ട് കാണാന്‍ നേതാക്കൾ തീരുമാനിച്ചത്. സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനം ഇല്ലെന്നും അതില്‍ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ മന്ത്രി സഭാ യോഗത്തില്‍ മന്ത്രിമാര്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാകാലത്തും നിയമന ചര്‍ച്ചകള്‍ നടത്തുമ്പോൾ ഗ്രൂപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ വി ഡി സതീശന്‍ സര്‍ക്കാരിന്റ കാലത്ത് നയപരമായ കാര്യത്തില്‍ പോലും കൂടിയാലോചനകള്‍ ഇല്ല എന്നാണ് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. അവഗണന രൂക്ഷമായതിന് പിന്നാലെ എ ഗ്രൂപ്പ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റ് ചര്‍ച്ചകള്‍ കൂടി പുരോഗമിക്കുന്ന സാഹര്യത്തില്‍ ഈ പദവിയില്‍ കൂടി പിടിമുറുക്കാനുള്ള ലക്ഷ്യമാണ് എ ഗ്രൂപ്പ് നടത്തുന്നതെന്നാണ് സൂചന. ഇപ്പോഴേ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ നിര്‍ണായക നിയമനങ്ങളിലും തീരുമാനങ്ങളിലും ഗ്രൂപ്പിന് വേണ്ടത്ര പ്രാധാന്യ ലഭിക്കില്ല എന്ന വിലയിരുത്തലാണ് എ ഗ്രൂപ്പിന്റ നീക്കത്തിന് കാരണം.

യുഡിഎഫ് പ്രതിപക്ഷത്തുള്ള സമയം പ്രതിസന്ധി പരിഗണിച്ച് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം എ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിച്ച് അധികാരത്തിലെത്തുക എന്നതായിരുന്നു അന്ന് എടുത്ത തീരുമാനം. കോണ്‍ഗ്രസിലെ ഏറ്റവും പരമ്പരാഗതവും സംഘടിതവുമായി ഗ്രൂപ്പ് ആയിരുന്നു എ ഗ്രൂപ്പ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറ് മാസം പിന്നിടുമ്പോള്‍ തന്നെ എ ഗ്രൂപ്പ് സംഘടിക്കപ്പെടുന്നത് വി ഡി സതീശന് തലവേദനമയാകും എന്നാണ് വിലയിരുത്തല്‍. കെസി പക്ഷം അടക്കം പില്‍ക്കാലത്ത് ഉണ്ടായി വന്നിരുന്നെങ്കലും പഴയ എ ഗ്രൂപ്പ് നേതാക്കള്‍ മിക്കവരും തിരുവനന്തപുരത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

Content Highlights: Factional tensions within the Kerala Congress have resurfaced, prompting A Group leaders to submit a complaint to AICC president Mallikarjun Kharge alleging that those who stood with Oommen Chandy are being sidelined. The complaint was led by KC Joseph, with Benny Behanan and Shafi Parambil also meeting Kharge. The leaders reportedly submitted the complaint four days ago, following an earlier grievance raised with the Chief Minister and KPCC president.

dot image
To advertise here,contact us
dot image