2035-ഓടെ ക്രിസ്തുമതത്തെ മറികടക്കും, ഇസ്‌ലാം ലോകത്തെ ഏറ്റവും വലിയ മതമാകും; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

2020 മുതൽ 2070 വരെയുള്ള അമ്പത് വർഷക്കാലയളവിൽ ലോകത്തെ പ്രധാന മതവിഭാഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഗവേഷകർ വിശദമായി പഠിച്ചത്

2035-ഓടെ ക്രിസ്തുമതത്തെ മറികടക്കും, ഇസ്‌ലാം ലോകത്തെ ഏറ്റവും വലിയ മതമാകും; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്
dot image

വരുന്ന 10 വർഷങ്ങൾക്കുള്ളിൽ ആഗോള മതജനസംഖ്യയിൽ നിർണ്ണായകമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് പ്രമുഖ അമേരിക്കൻ ഗവേഷണ സ്ഥാപനമായ 'പ്യൂ റിസർച്ച് സെന്ററി'ന്റെ പുതിയ റിപ്പോർട്ട്. നിലവിലെ ജനസംഖ്യാ വളർച്ചാ നിരക്ക് തുടരുകയാണെങ്കിൽ 2035-ഓടെ ക്രിസ്തുമതത്തെ പിന്തള്ളി ഇസ്‌ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. വരും വർഷങ്ങളിൽ ഇരു മതവിഭാഗങ്ങളിലെയും വിശ്വാസികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെങ്കിലും മുസ്‌ലിം ജനസംഖ്യ താരതമ്യേന വേഗത്തിൽ വളരുന്നതാണ് ഈ മാറ്റത്തിന് വഴിയൊരുക്കുന്നത്.

2020 മുതൽ 2070 വരെയുള്ള അമ്പത് വർഷക്കാലയളവിൽ ലോകത്തെ പ്രധാന മതവിഭാഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഗവേഷകർ വിശദമായി പഠിച്ചത്. മുസ്‌ലിം, ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ, ജൂത വിഭാഗങ്ങൾക്കൊപ്പം പ്രത്യേക മതവിശ്വാസമില്ലാത്തവരുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'പ്യൂ-ടെമ്പിൾട്ടൺ ഗ്ലോബൽ റിലീജിയസ് ഫ്യൂച്ചേഴ്‌സ് പ്രോജക്റ്റി'ന്റെ ഭാഗമായാണ് ഈ ആഗോള പഠനഫലങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

മുസ്‌ലിം ജനസംഖ്യയിലുണ്ടാകുന്ന ഈ കുതിപ്പിന് പിന്നിൽ മതപരിവർത്തനമല്ല, മറിച്ച് ഉയർന്ന ജനനനിരക്കും യുവാക്കളുടെ എണ്ണക്കൂടുതലുമാണ് പ്രധാന കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2070-ഓടെ ആഗോള മുസ്‌ലിം ജനസംഖ്യ 360 കോടി കടക്കുമെന്നും ലോകജനസംഖ്യയുടെ 36 ശതമാനത്തോളം വരുമെന്നുമാണ് വിലയിരുത്തൽ. ഇതേ കാലയളവിൽ ക്രിസ്ത്യൻ ജനസംഖ്യ ഏകദേശം 300 കോടിയായി ഉയരുമെങ്കിലും ആഗോള ജനസംഖ്യയിലെ അവരുടെ വിഹിതം 29 ശതമാനമായി തുടരുമെന്നും പഠനം പറയുന്നു.

അതേസമയം, ഈ കണക്കുകൾ ഭാവിയിൽ ലോകത്ത് സംഭവിക്കാവുന്ന എല്ലാ മാറ്റങ്ങളുടെയും അന്തിമ പ്രവചനമല്ലെന്ന് പ്യൂ റിസർച്ച് സെന്റർ വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലുണ്ടായേക്കാവുന്ന യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവ ജനങ്ങളുടെ ജീവിതത്തെയും വിശ്വാസങ്ങളെയും സ്വാധീനിച്ചേക്കാമെന്നും അതിനനുസരിച്ച് ജനസംഖ്യാ കണക്കുകളിൽ മാറ്റങ്ങൾ വരാമെന്നും ഗവേഷകർ വ്യക്തമാക്കി.

Content Highlights: Islam is projected to overtake Christianity as the world's largest religion by 2035, according to a new report by the Pew Research Center released on November 18, 2026. The projections estimate that Muslims will number around 2.57 billion by 2035, compared with 2.52 billion Christians.

dot image
To advertise here,contact us
dot image