

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണശ്രമം സൗദി നേതൃത്വത്തിലുള്ള സഖ്യസേന വിജയകരമായി പ്രതിരോധിച്ചു. വ്യാഴാഴ്ച പുലർച്ചെ റിയാദിൽ ശക്തമായ സ്ഫോടനശബ്ദം കേട്ടതിന് പിന്നാലെയാണ് സഖ്യസേന ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതിനുപുറമെ, യെമൻ അതിർത്തിയോട് ചേർന്ന സൗദിയുടെ തെക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച ക്രൂയിസ് മിസൈലും സൈന്യം ആകാശത്തുവെച്ച് തടഞ്ഞുതകർത്തു.
മിസൈൽ പ്രതിരോധ നടപടിക്കിടെ അവശിഷ്ടങ്ങൾ താഴെ പതിച്ചതിനെ തുടർന്ന് ചിലയിടങ്ങളിൽ ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വിലയിരുത്തിവരികയാണെന്നും സഖ്യസേന വ്യക്തമാക്കി.
ആക്രമണശ്രമത്തെ തുടർന്ന് റിയാദിലെ താമസക്കാർക്ക് സൗദി സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സുരക്ഷാ ഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പിന്നീട് അറിയിച്ചു. അതേസമയം, ഹൂതി നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനാഅയ്ക്ക് നേരെ സൗദി വ്യോമാക്രമണം നടത്തിയതായി ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറുന്നത്.
Content Highlights: Saudi-led coalition forces responded to a Houthi threat targeting Riyadh. Falling debris caused material damage, with authorities assessing the impact.