

ന്യൂഡല്‍ഹി: രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കുന്നതിന് ശക്തവും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിക്കാനും നക്സലിസം തിരികെ വരുന്നത് തടയാനും ദാരിദ്ര്യനിര്‍മാര്‍ജനം വേഗത്തിലാക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയതിന് പിന്നാലെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 11 സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. സാമ്പത്തിക കാര്യ സെക്രട്ടറി അനുരാധ ഠാക്കൂര്‍, സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി സഞ്ജയ് ലോഹ്യ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.

ലഹരി ഉപയോഗത്തില്‍ നിന്ന് രാജ്യത്തെ വിമുക്തമാക്കാനുള്ള 'ഡ്രഗ്സ് ഫ്രീ ഇന്ത്യ' (Drugs-Free India) പ്രചാരണം പൂര്‍ണമായി വിജയിപ്പിക്കുന്നതിനായി ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്കി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മയക്കുമരുന്ന് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഏറെ വികാരാധീനനായാണ് മോദി സംസാരിച്ചത്. പട്ടിണി പോലെ രാജ്യത്ത് നിന്ന് ലഹരി മരുന്ന് സൃഷ്ടിക്കുന്ന ഭീഷണിയും ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാരിന് സാധിച്ചെങ്കില്‍, ലഹരിയെന്ന ഭീഷണിയെ മറികടക്കാന്‍ കഴിയാതിരിക്കാന്‍ യാതൊരു കാരണവുമില്ല,' മോദിയുടെ വാക്കുകള്‍ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഹരിമരുന്ന് ഉപയോഗവും അത് തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും പ്രധാന രാഷ്ട്രീയ ചര്‍ച്ചാവിഷയമായി മാറിയ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതും നക്സലിസം ഇല്ലാതാക്കിയതുമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്ത രണ്ട് കാര്യങ്ങള്‍. 2011നും 2023നും ഇടയില്‍ 50 കോടി ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് മോചിതരായതായി ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇതിലൂടെ ഇന്ത്യയിലെ കടുത്ത ദാരിദ്ര്യ നിരക്ക് 90 ശതമാനം കുറയുകയും, ജനസംഖ്യയിലെ നാലിലൊന്നില്‍ കൂടുതല്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് 38ല്‍ ഒന്നായി താഴുകയും ചെയ്തു.

പതിറ്റാണ്ടുകളായി 'ഗരീബി ഹഠാവോ' എന്നത് ഒരു വെറും മുദ്രാവാക്യം മാത്രമായി അവശേഷിച്ചപ്പോള്‍, സ്വന്തം ക്ഷേമ പദ്ധതികളിലൂടെ ദാരിദ്ര്യം വിജയകരമായി കുറയ്ക്കാന്‍ നിലവിലെ സര്‍ക്കാരിന് സാധിച്ചതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ഈ ചരിത്ര നേട്ടത്തിന് മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഫീല്‍ഡ് വര്‍ക്കര്‍മാര്‍ എന്നിവരെ അഭിനന്ദിച്ച അദ്ദേഹം, സര്‍ക്കാരിന്റെ സംയോജിത സമീപനമാണ് (whole-of-government approach) ഇതിന് വഴിയൊരുക്കിയതെന്ന് കൂട്ടിച്ചേര്‍ത്തു.
ബാങ്കിങ് ശൃംഖലയുടെ വിപുലീകരണവും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (DBT) പദ്ധതികളും ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വലിയ വേഗം നല്‍കിയതായി യോഗം വിലയിരുത്തി. 50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചെങ്കില്‍, സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുന്ന 2047ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാന്‍ തീര്‍ച്ചയായും സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അധികാരത്തില്‍ വന്ന സമയത്ത് 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ആശയത്തെ പലരും പരിഹസിച്ചിരുന്നെങ്കിലും ആ ലക്ഷ്യത്തിലേക്ക് താന്‍ തുടര്‍ന്നും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ചതായി അദ്ദേഹം ഓര്‍ത്തെടുത്തു.
മാവോയിസ്റ്റ് സ്വാധീനത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കിയ പ്രദേശങ്ങളില്‍ ഒരു തരത്തിലും അക്രമമോ നക്സലിസമോ തിരിച്ചുവരുന്നില്ലെന്ന് ഉദ്യോഗസ്ഥരും മന്ത്രാലയങ്ങളും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Content Highlight: Prime Minister Narendra Modi has called for coordinated efforts to make India drug-free and prevent the resurgence of Naxalism. He said that if the government could lift millions of people out of poverty, it could also overcome the threat of drug abuse. The cabinet meeting also discussed poverty reduction, with Modi highlighting the reported achievement of lifting 500 million people out of extreme poverty between 2011 and 2023, according to World Bank data.