

13 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ റോക്ക്സ്റ്റാർ ഗെയിംസിന്റെ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' അഥവാ GTA 6 ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. ഗെയിമിന്റെ വരവിനോടനുബന്ധിച്ച് ഗെയിമിംഗ് ആരാധകരായ ജീവനക്കാർക്ക് അവധി അനുവദിച്ചാണ് ഇന്ത്യയിലെയും വിദേശത്തെയും ചില കമ്പനികൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
പ്രമുഖ ഇന്ത്യൻ ഇലക്ട്രോണിക്സ് ബ്രാൻഡായ ബോട്ട് ജീവനക്കാർക്ക് നവംബർ 19-ന് ഓപ്ഷണൽ അവധി അനുവദിച്ചു. ചെന്നൈ ആസ്ഥാനമായുള്ള ഇന്റീരിയർ ഡിസൈൻ സ്ഥാപനമായ 'ഇൻഡെ ബൈ ചെയർസ്കാർട്ടെ' ജീവനക്കാർക്കും ഇന്റേണുകൾക്കും ഫ്രീലാൻസർമാർക്കും ഈ ദിവസം അവധി പ്രഖ്യാപിച്ചു. മറ്റൊരു ഇന്ത്യൻ കമ്പനിയായ Influish-ഉം 50 ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചിട്ടുണ്ട്.
ആഗോള ടെക് കമ്പനിയായ ലോജിടെക് 'ലോജി ഗെയിം ഡേ' എന്ന പേരിൽ ഏകദേശം 7,000 ജീവനക്കാർക്ക് ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചു. ഇഷ്ടമുള്ള ഏത് വീഡിയോ ഗെയിമും കളിക്കാൻ ഈ അവധി ഉപയോഗിക്കാം. ജാപ്പനീസ് ഗെയിമിംഗ് സ്റ്റുഡിയോയായ പോക്കറ്റ്പെയർ നവംബർ 19 മുതൽ 23 വരെ അഞ്ച് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയിലെ ബർഗർ മോട്ടോർസ്പോർട്സ് നവംബർ 19-ന് പ്രവർത്തനം നിർത്തുമെന്ന് അറിയിച്ചപ്പോൾ, കാനഡയിലെ എഡിസൺ മോട്ടോഴ്സ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
എച്ച് ആർ സോഫ്റ്റ്വെയർ കമ്പനിയായ ബാംബൂ എച്ച് ആറിന്റെ പഠനമനുസരിച്ച്, നവംബർ 19-ലെ അവധി അപേക്ഷാനിരക്ക് മുൻവർഷങ്ങളിലെ സമാന ദിവസങ്ങളേക്കാൾ അമേരിക്കയിൽ 13 ശതമാനം കൂടുതലാണ്. 3.4 ദശലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുടെ വിവരങ്ങൾ പരിശോധിച്ചാണ് കമ്പനി ഈ കണക്ക് പുറത്തുവിട്ടത്. കൂടാതെ, സർവേയിൽ പങ്കെടുത്ത ശമ്പളക്കാരായ ജീവനക്കാരിൽ 18 ശതമാനം പേർ ഗെയിം പുറത്തിറങ്ങുന്ന ദിവസം അവധിയെടുക്കാൻ പദ്ധതിയിടുന്നതായും വ്യക്തമാക്കി.
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള ജി ടി എ ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ വീഡിയോ ഗെയിം ഫ്രാഞ്ചൈസികളിലൊന്നാണ്. റോക്ക്സ്റ്റാർ ഗെയിംസ് വികസിപ്പിക്കുന്ന ഈ ഓപ്പൺ വേൾഡ് ആക്ഷൻ-അഡ്വഞ്ചർ ഗെയിമിൽ വലിയൊരു സാങ്കൽപ്പിക ലോകത്ത് സ്വതന്ത്രമായി സഞ്ചരിക്കാനും വാഹനങ്ങൾ ഓടിക്കാനും വിവിധ ദൗത്യങ്ങൾ പൂർത്തിയാക്കാനും കളിക്കാർക്ക് സാധിക്കും.
2013-ൽ പുറത്തിറങ്ങിയ ജി ടി എ 5 വിൽപ്പനയിൽ വലിയ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് 13 വർഷത്തെ ഇടവേളയ്ക്കുശേഷം ജി ടി എ 6 എത്തുന്നത്. അമേരിക്കയിലെ ഫ്ലോറിഡയെ മാതൃകയാക്കിയുള്ള സാങ്കൽപ്പിക സംസ്ഥാനമായ ലിയോനിഡയും അതിലെ വൈസ് സിറ്റിയുമാണ് പുതിയ ഗെയിമിന്റെ പശ്ചാത്തലം. മയാമിയുടെ സ്വാധീനമുള്ള വൈസ് സിറ്റിയിലേക്കുള്ള തിരിച്ചുവരവാണ് പുതിയ പതിപ്പിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
Content Highlights: The excitement surrounding Grand Theft Auto VI has prompted companies in India and abroad to offer employees special holidays and paid leave ahead of its November 19, 2026 launch. Logitech is giving around 7,000 employees a paid gaming day, while Indian brands including boAt, Inde by ChairsCarte and Influish have announced leave arrangements. Japanese studio Pocketpair has also declared a five-day break for its employees