

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും രൂക്ഷമായ രാഷ്ട്രീയ സംഘർഷം. ധാക്കയിൽ മുൻ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ 107 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയുന്നതിനായി ഏഴ് ജില്ലകളിലായി 97 പ്ലാറ്റൂണുകളിലെ അതിർത്തി രക്ഷാ സേനയെ വിന്യസിച്ചു. ബുധനാഴ്ച രാത്രി മുതൽ പല ജില്ലകളിലായി ആറ് ബസുകളും പിക്കപ്പ് വാനുകളും കത്തിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികൾ വ്യാഴാഴ്ച ബന്ദ് പ്രഖ്യാപിക്കുകയും മുൻ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിൻ്റെ വീട് കത്തിക്കുകയും ചെയ്തു. ഇതോടെ ബംഗ്ലാദേശിൽ പുതിയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഹസീനയുടെ എതിരാളിയായ താരിഖ് റഹ്മാൻ അധികാരത്തിലെത്തിയത് മുതൽ രാജ്യത്ത് അസ്ഥിരത നിലനിന്നിരുന്നു. നിലവിൽ ഇന്ത്യയിൽ രാഷ്ട്രീയ അഭയാർത്തിയായ ഹസീന ഡിസംബറിൽ തിരിച്ചെത്താൻ പദ്ധതിയിടുന്നുവെന്ന് പറഞ്ഞതോടെയാണ് സംഘർഷങ്ങൾ വർദ്ധിച്ചത്. 2024 ഓഗസ്റ്റിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്നാണ് ഹസീന രാജ്യം വിട്ടത്. രാജ്യത്തിന് പുറത്തുള്ള അവാമി ലീഗ് നേതാക്കൾ നിലവിലെ ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതായി പ്രധാനമന്ത്രി താരിഖ് റഹ്മാൻ്റെ സർക്കാർ ആരോപിച്ചു. 'ഈ രാജ്യത്തെ ഒരു സ്വാശ്രയ ബംഗ്ലാദേശാക്കി മാറ്റാൻ നമ്മൾ ശ്രമിക്കുമ്പോൾ; കൃത്യമായി ഈ സമയത്താണ് തോറ്റ് ഒളിച്ചോടിയ, പുറത്താക്കപ്പെട്ട ഫാസിസ്റ്റ് ശക്തികൾ ബംഗ്ലാദേശിനെതിരെ ഗൂഢാലോചന നടത്താൻ തുടങ്ങിയിരിക്കുന്നത്.' റഹ്മാൻ ബുധനാഴ്ച പാർലമെൻ്റിൽ പറഞ്ഞു.
രാജ്യത്തേക്ക് തിരിച്ചുവരാൻ പുതിയ പാസ്പോർട്ടിനും തിരിച്ചറിയൽ കാർഡിനും വേണ്ടിയുള്ള ഹസീനയുടെ അപേക്ഷ സർക്കാർ നിരസിച്ചതോടെയാണ് അവാമി ലീഗ് പാർട്ടി രാജ്യത്ത് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഒരാഴ്ച നീണ്ടുനിന്ന പ്രതിഷേധങ്ങളക്കും റാലികൾക്കുമൊടുവിൽ, അവാമി ലീഗ് പാർട്ടി വ്യാഴാഴ്ച രാജ്യവ്യാപകമായി ബന്ദ് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ, ബംഗ്ലാദേശിൽ പലയിടത്തുമായി ഡസൻ കണക്കിന് ക്രൂഡ് ബോംബുകൾ പൊട്ടിത്തെറിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി പ്രധാനമന്ത്രി റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ (ബിഎൻപി) രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടു. ഹസീനയുടെ ജന്മനാടായ ഗോപാൽഗഞ്ചിൽ രണ്ട് ബിഎൻപി നിയമസഭാംഗങ്ങളുടെ വീടുകൾ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഗോപാൽഗഞ്ചിലെ ചില മാർക്കറ്റുകൾ ലക്ഷ്യമാക്കി അവാമി ലീഗ് അനുയായികൾ ചില കടകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ധാക്ക-ചട്ടോഗ്രാം ഹൈവേയിൽ വ്യാഴാഴ്ച ഒരു ബസും ഒരു ട്രക്കും കത്തിച്ചതായും പൊലീസ് പറഞ്ഞു. ബസ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം തുറമുഖ നഗരമായ ചട്ടോഗ്രാമിലുള്ള മുൻ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിൻ്റെ വീടിന് ബുധനാഴ്ച വൈകിട്ടാണ് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതികരണത്തിനായി അവാമി ലീഗ് നേതാക്കള ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരിൽ ഭൂരിഭാഗവും ഒളിവിലായിരുന്നതിനാൽ പ്രതികരണം ലഭിച്ചില്ലെന്ന് അന്തരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അക്രമം തടയുന്നതിനായി, അർദ്ധസൈനിക ബോർഡർ ഗാർഡിനെ ഗോപാൽഗഞ്ച്, ഫരീദ്പൂർ എന്നിവയുൾപ്പെടെ ഏഴ് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ധാക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അവാമി ലീഗുമായും അനുബന്ധ സംഘടനകളുമായും ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി നൂറുൽ ഇസ്ലാം നഹിദ് ഉൾപ്പെടെ 107 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് നിയാസ് മെഹെദി പറഞ്ഞു.
അതേസമയം വേതന ആവശ്യങ്ങൾ ഉന്നയിച്ച് വസ്ത്ര തൊഴിലാളികൾ ധാക്കയിലെ പ്രധാന ഹൈവേ ഉപരോധിച്ചതോടെ നിരവധി ഫാക്ടറികൾ അടച്ചുപൂട്ടി. ചൈനയ്ക്ക് പിന്നിൽ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമാണ് ബംഗ്ലാദേശ്.
Content Highlights: Political unrest escalates in Bangladesh as protesters set fire to former interim leader Muhammad Yunus' house. Over 100 people arrested in Dhaka and security forces deployed across seven districts.