ഇസ്രയേല്‍ സര്‍ക്കാര്‍ രൂപീകരണം; നെതന്യാഹുവിനെയും സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന് ഗാഡി ഐസന്‍കോട്ട്

ജെറുസലേമിലെ ഹെര്‍സോഗിന്റെ ഓഫീസില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

ഇസ്രയേല്‍ സര്‍ക്കാര്‍ രൂപീകരണം; നെതന്യാഹുവിനെയും സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന് ഗാഡി ഐസന്‍കോട്ട്
dot image

ജെറുസലേം: ബെഞ്ചമിന്‍ നെതന്യാഹുവിനെയും തന്റെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മുന്‍ ഇസ്രയേലി പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ട്. ഇസ്രയേലിലെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് ഐസന്‍കോട്ടിന്റെ പ്രതികരണം. ജെറുസലേമിലെ ഹെര്‍സോഗിന്റെ ഓഫീസില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നെതന്യാഹുവിന്റെ മന്ത്രിസഭയിലെ തീവ്രവലതുപക്ഷ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിചിനെയും തന്റെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ഐസന്‍കോട്ട് സൂചിപ്പിച്ചു.

ഐക്യത്തിനുള്ള സമയമാണിതെന്ന് ലിക്കുഡ്, റിലീജിയസ് സിയോണിസ്റ്റ് പാര്‍ട്ടി എന്നിവയിലെ അംഗങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ടെങ്കില്‍, തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും താന്‍ മുന്നോട്ടുവെച്ച തത്വങ്ങളെയും അവര്‍ പിന്തുണയ്ക്കാതിരിക്കാന്‍ ഒരു കാരണവും കാണാന്‍ കഴിയുന്നില്ലെന്ന് ഐസന്‍കോട്ട് പറഞ്ഞു. നെതന്യാഹുവിന്റെ പ്രധാന എതിരാളിയായി മത്സരിച്ച ഐസന്‍കോട്ടിന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആറാഴ്ചത്തെ സമയമുണ്ട്. പൊതുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ഇസ്രായേല്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുമെന്നും ഐസന്‍കോട്ട് വ്യക്തമാക്കി.

Also Read:

അതേസമയം, അമേരിക്കയില്‍ നവംബര്‍ 3 ന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം രാജ്യം അനിശ്ചിതത്വത്തെ നേരിടുകയാണെന്ന് ഹെര്‍സോഗ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിനെയും, ഇസ്രായേലിന് അമേരിക്ക നല്‍കുന്ന സൈനിക പിന്തുണയെയും വിമര്‍ശിക്കുന്ന നിരവധി രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ വിജയമാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. അമേരിക്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയ ഹെര്‍സോഗ് ഇസ്രായേലിന് ഒരു സുസ്ഥിര സര്‍ക്കാര്‍ ആവശ്യമാണ് എന്ന് പറഞ്ഞു. 2015 മുതല്‍ 2019 വരെ ഇസ്രയേല്‍ സൈന്യത്തെ നയിച്ച ഐസന്‍കോട്ട്, 2023 ഒക്ടോബറില്‍ ഗാസയില്‍ ആരംഭിച്ച ഇസ്രയേല്‍ വംശഹത്യയുടെ ആദ്യ എട്ട് മാസങ്ങളില്‍ നെതന്യാഹുവിന്റെ യുദ്ധ മന്ത്രിസഭയില്‍ ഒരു നിരീക്ഷകനായി ഉണ്ടായിരുന്നു. എന്നാല്‍ നെതന്യാഹുവിന് പകരക്കാരനായി ഐസന്‍കോട്ടിനെ അധികാരത്തിലേറ്റാന്‍ അറബ് നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രയേലില്‍ ഒക്ടോബര്‍ 27-ന് നടന്ന തെരഞ്ഞെടുപ്പില്‍ ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള നാല് കക്ഷികളുടെ സഖ്യം 48 സീറ്റുകളാണ് നേടിയത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം 53 സീറ്റുകള്‍ സ്വന്തമാക്കി. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ നേടുന്നതില്‍ ഇരുപക്ഷത്തിനും സാധിച്ചില്ല. ഇസ്രായേലിലെ പലസ്തീന്‍ പൗരന്മാരെ പ്രതിനിധീകരിക്കുന്ന, അറബ് വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ റെക്കോര്‍ഡ് നേട്ടമായി 19 സീറ്റുകളാണ് സ്വന്തമാക്കിയത്.

അതേസമയം ഗാഡി ഐസന്‍കോട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തകിടം മറിക്കാനും, വിശ്വാസവോട്ട് നേടാനുള്ള നീക്കങ്ങളെ അട്ടിമറിക്കാനും നെതന്യാഹുവിന് ഇപ്പോഴും സമയമുണ്ടെന്നാണ് വിലയിരുത്തല്‍. നെതന്യാഹു ഇപ്പോഴും താല്‍ക്കാലിക പ്രധാനമന്ത്രിയായി തുടരുകയാണ്. ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നാല്‍, അടുത്തതായി ആ ചുമതല ലഭിക്കാന്‍ സാധ്യതയുള്ളത് നെതന്യാഹുവിനാണ്. അദ്ദേഹത്തിനും അതിന് സാധിച്ചില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. അപ്പോഴും നെതന്യാഹുവിന് താല്‍ക്കാലിക പ്രധാനമന്ത്രിയായി തുടരാനാകും.

Content Highlights: Former Israeli opposition leader Gadi Eisenkot has said he is willing to include Benjamin Netanyahu in his political coalition. His remarks came after President Isaac Herzog formally invited him to form the country's next government. Speaking at a ceremony at Herzog's office in Jerusalem on Sunday, Eisenkot also indicated that Finance Minister Bezalel Smotrich, a member of Netanyahu's cabinet, would be welcome in the coalition.

dot image
To advertise here,contact us
dot image