

നിക്ഷേപിച്ച പണം എത്ര വർഷം കൊണ്ട് ഇരട്ടിയാകുമെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവർ ഉണ്ടോ. പക്ഷെ കണക്ക് കൂട്ടി എടുക്കലാണ് പാട്. എന്നാല് ഇതേക്കുറിച്ചുള്ള ഏകദേശ കണക്കിന് സഹായിക്കുന്ന ലളിതമായ ഫോർമുലയാണ് റൂൾ ഓഫ് 72 (Rule of 72). വാർഷിക കോമ്പൗണ്ടഡ് റിട്ടേൺ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൂട്ടൽ. നിക്ഷേപകർക്ക് തങ്ങളുടെ പണത്തിന്റെ വളർച്ച മനസ്സിലാക്കാനും സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാനും ഈ നിയമം സഹായിക്കും.
നിക്ഷേപം ഇരട്ടിയാകാൻ വേണ്ട വർഷങ്ങൾ കണ്ടെത്താൻ 72-നെ പ്രതീക്ഷിക്കുന്ന വാർഷിക റിട്ടേൺ നിരക്ക് കൊണ്ട് ഹരിച്ചാൽ മതി. ഉദാഹരണത്തിന്, ഒരു നിക്ഷേപത്തിന് വർഷം 6 ശതമാനം റിട്ടേൺ ലഭിച്ചാൽ 12 വർഷം കൊണ്ട് പണം ഇരട്ടിയാകാം. 8 ശതമാനം റിട്ടേണിൽ 9 വർഷവും 10 ശതമാനത്തിൽ 7.2 വർഷവും 12 ശതമാനത്തിൽ ഏകദേശം 6 വർഷവും വേണ്ടിവരും.
ഒരു ലക്ഷം രൂപ 12 ശതമാനം വാർഷിക കോമ്പൗണ്ടഡ് റിട്ടേൺ ലഭിക്കുന്ന രീതിയിൽ നിക്ഷേപിച്ചുവെന്ന് കരുതുക. ഏകദേശം ആറു വർഷം കൊണ്ട് ഈ തുക രണ്ട് ലക്ഷമാകും. 12 വർഷം കൊണ്ട് നാല് ലക്ഷമായും 18 വർഷം കൊണ്ട് എട്ട് ലക്ഷമായും വളരാം. കോമ്പൗണ്ടിങ്ങിന്റെ ശക്തി മനസ്സിലാക്കാൻ ഈ ഉദാഹരണം സഹായിക്കും.
വ്യത്യസ്ത നിക്ഷേപങ്ങളുടെ റിട്ടേൺ താരതമ്യം ചെയ്യാനും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാനും റൂൾ ഓഫ് 72 പ്രയോജനകരമാണ്. എന്നാൽ ഇത് ഒരു ഏകദേശ കണക്കുകൂട്ടൽ മാത്രമാണ്. യഥാർഥ നിക്ഷേപങ്ങളിൽ ലഭിക്കുന്ന റിട്ടേൺ മാറാം. ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് ഉറപ്പായ റിട്ടേൺ ഇല്ല. അതിനാൽ നികുതിയും നിക്ഷേപച്ചെലവുകളും കൂടി കണക്കിലെടുക്കണം.
അതേസമയം, എസ്ഐപി (SIP) വഴി നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടിയാകുന്ന സമയം കണക്കാക്കാൻ റൂൾ ഓഫ് 72 നേരിട്ട് ഉപയോഗിക്കാനാവില്ല. എസ്ഐപിയിൽ ഓരോ മാസവും വ്യത്യസ്ത സമയങ്ങളിലാണ് നിക്ഷേപം നടക്കുന്നത്. അതിനാൽ ഓരോ തവണയും നിക്ഷേപിക്കുന്ന തുകയ്ക്ക് വളരാൻ ലഭിക്കുന്ന കാലയളവും വ്യത്യസ്തമായിരിക്കും.
Content Highlights: The Rule of 72 is a simple formula to estimate how long an investment takes to double. Divide 72 by the expected annual rate of return to get the approximate number of years. For example, at an annual return of 8%, ₹1 lakh could grow to ₹2 lakh in approximately nine years, assuming annual compounding and a consistent return.