

ചെറുപ്പം മുതൽ താൻ ഒരു അല്ലു അർജുൻ ആരാധികയാണെന്ന് നടി അനശ്വര രാജൻ. ആ സമയത്ത് അല്ലു അർജുൻ ഒരു തെലുങ്ക് നടനാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്താണ് കണ്ടുകൊണ്ടിരുന്നതെന്നും നടി പറഞ്ഞു. അല്ലു അർജുന്റെ ‘ഹാപ്പി’ സിനിമ വീണ്ടും തിയേറ്ററുകളിലെത്തിയപ്പോഴുള്ള അനുഭവവും നടി പങ്കുവെച്ചു. ഗേൾ ഫോർമുലക്ക് നൽകിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.
‘ചെറിയ പ്രായം മുതൽ ഞാൻ അല്ലു അർജുൻ സാറിന്റെ വലിയ ആരാധികയാണ്. അദ്ദേഹം ഒരു തെലുങ്ക് നടനാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് വരുമായിരുന്നു. ആ മലയാളം ഡബ്ബിങ് ചെയ്തിരുന്നത് ഒരു മലയാളം സംവിധായകനായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദം നമുക്ക് വളരെ പരിചിതമായിരുന്നു. അങ്ങനെയാണ് ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടുവളർന്നത്. പിന്നീടാണ് അദ്ദേഹം തെലുങ്ക് നടനാണെന്ന് മനസിലാക്കിയത്', അനശ്വര പറഞ്ഞു.
'ഹാപ്പി കേരളത്തിൽ വീണ്ടും റിലീസ് ചെയ്തപ്പോൾ എനിക്ക് ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നു. പക്ഷേ, എനിക്ക് ആ സിനിമ തിയേറ്ററിൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. എങ്ങനെയെങ്കിലും കാണണമെന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ ഞാനും എന്റെ സുഹൃത്തുക്കളും കൂടി സിനിമ കാണാൻ പോയി. ആ സിനിമയ്ക്ക് പ്രേക്ഷകരിൽനിന്ന് ലഭിച്ച ഊർജം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. അവർ സിനിമ ആഘോഷിക്കുകയായിരുന്നു. പാട്ടുകൾ വരുമ്പോഴെല്ലാം ആളുകൾ തിയേറ്ററിൽ ഡാൻസ് ചെയ്യുകയായിരുന്നു. മലയാളത്തിലെ താരങ്ങളെ നമ്മൾ ആഘോഷിക്കുന്നതുപോലെ തന്നെയായിരുന്നു അത്. ഞാൻ എപ്പോഴും അല്ലു അർജുൻ സാറിന്റെ ആരാധികയാണ്', അനശ്വര കൂട്ടിച്ചേർത്തു.
Content Highlights: Anaswara Rajan talks about allu arjun and his movies