ഇന്ത്യയോടുള്ള ആത്മബന്ധമാണ് പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തായത്: സോണിയ ഗാന്ധി

തന്റെ സ്വകാര്യ ജീവിതം പലപ്പോഴും പൊതുജനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്നുവെന്ന് സോണിയ ഗാന്ധി ഓര്‍മിച്ചു

ഇന്ത്യയോടുള്ള ആത്മബന്ധമാണ് പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തായത്: സോണിയ ഗാന്ധി
dot image

ന്യൂഡല്‍ഹി: തന്റെ ഓര്‍മക്കുറിപ്പായ 'ബിലോങിങ് എ ജോര്‍ണി ഓഫ് ലവ്' ഒരു രാഷ്ട്രീയ പുസ്തകമല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തന്റെ ജീവിതത്തിലെയും കുടുംബത്തിലെയും വ്യക്തിപരമായ അനുഭവങ്ങളാണ് പുസ്തകത്തിലൂടെ പങ്കുവെക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി. തന്റെ കുടുംബത്തെക്കുറിച്ച് സത്യസന്ധമായി എഴുതാനാണ് ആഗ്രഹിച്ചതെന്നും സ്‌നേഹിക്കുകയും അടുത്തറിയുകയും ചെയ്ത വ്യക്തികളായാണ് അവരെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

തന്റെ സ്വകാര്യ ജീവിതം പലപ്പോഴും പൊതുജനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്നുവെന്ന് സോണിയ ഗാന്ധി ഓര്‍മിച്ചു. കുടുംബത്തിലെ ദുഃഖകരമായ സംഭവങ്ങളും തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവേശനത്തിനിടയിലും സ്വകാര്യത സംരക്ഷിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചു. പിന്നീട് പൊതുജീവിതത്തിലെ തിരക്കുകളില്‍ നിന്ന് മാറിനിന്ന ശേഷമാണ് സ്വന്തം ജീവിതത്തെ വ്യക്തമായി തിരിഞ്ഞുനോക്കാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.

sonia gandhi and her book
സോണിയ ഗാന്ധി

ഇംഗ്ലണ്ടില്‍വെച്ച് 19 വയസ്സുകാരിയായ ഇറ്റാലിയന്‍ യുവതി ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതയാത്ര ആരംഭിച്ചതെന്ന് സോണിയ കുറിച്ചു. പിന്നീട് പുതിയ രാജ്യത്തിലേക്കും കുടുംബത്തിലേക്കും എത്തിയ ജീവിതം, ഇന്ദിര ഗാന്ധിയുമായുള്ള ബന്ധം, താന്‍ മക്കളെ വളര്‍ത്തിയ കാലം എന്നിവയും സോണിയ പുസ്തകത്തില്‍ വിവരിക്കുന്നു. ഇന്ദിര ഗാന്ധിയെയും ഭര്‍ത്താവ് രാജീവ് ഗാന്ധിയെയും നഷ്ടപ്പെട്ട വേദനാജനകമായ അനുഭവങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭര്‍ത്താവിനോടുള്ള സ്‌നേഹവും ഇന്ത്യയോടുള്ള ആത്മബന്ധവുമാണ് പ്രതിസന്ധികളെ അതിജീവിക്കാന്‍ തനിക്ക് കരുത്തായത്. ഇന്ത്യയിലാണ് തനിക്ക് യഥാര്‍ഥത്തില്‍ സ്വന്തമെന്ന തോന്നല്‍ ഉണ്ടായതെന്നും സോണിയ ഗാന്ധി പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യയില്‍ ജീവിച്ച അനുഭവങ്ങളും രാജ്യത്തുണ്ടായ മാറ്റങ്ങള്‍ക്ക് സാക്ഷിയായതും പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്.

ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പുസ്തകം നവംബര്‍ 10നാണ് പുറത്തിറങ്ങുക. സഞ്ജയ് ഗാന്ധിയുടെ വിമാനാപകട മരണം, 1984ലെ ഇന്ദിര ഗാന്ധിയുടെ വധം, 1991ലെ രാജീവ് ഗാന്ധിയുടെ വധം തുടങ്ങിയ ഗാന്ധി കുടുംബത്തെ ബാധിച്ച പ്രധാന സംഭവങ്ങളും 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രധാനമന്ത്രി പദം ഏറ്റെടുക്കാതെ കോണ്‍ഗ്രസിനും സഖ്യസര്‍ക്കാരിനും നേതൃത്വം നല്‍കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനവും ഇതില്‍ ഉള്‍പ്പെടുന്നു.

Content Highlights: Sonia Gandhi’s upcoming memoir, ‘Belonging: A Journey of Love’, offers a personal account of her life, family and relationships rather than a political narrative. The book, set for release on November 10, reflects on her experiences in India and the people who have shaped her journey

dot image
To advertise here,contact us
dot image