സർക്കാർ രൂപീകരിക്കാൻ ഗാഡി ഐസൻകോട്ടിനെ ഔദ്യോഗികമായി ക്ഷണിച്ച് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്

സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് ഇനി 28 ദിവസത്തെ സമയമാണ് ലഭിക്കുക. ആവശ്യമെങ്കിൽ 14 ദിവസം കൂടി കാലാവധി നീട്ടിനൽകാം

സർക്കാർ രൂപീകരിക്കാൻ ഗാഡി ഐസൻകോട്ടിനെ ഔദ്യോഗികമായി ക്ഷണിച്ച് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്
dot image

ടെൽഅവീവ്: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിന് ഔദ്യോഗിക ക്ഷണിച്ച് പ്രസിഡന്റ് ഐസക് ഹെർസോഗ്. പ്രസിഡന്റ് വസതിയിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഹെർസോഗ് ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം കൈമാറിയത്. സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് ഇനി 28 ദിവസത്തെ സമയമാണ് ലഭിക്കുക. ആവശ്യമെങ്കിൽ 14 ദിവസം കൂടി കാലാവധി നീട്ടിനൽകാം.

'രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ രൂപീകരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രൂപീകരിക്കപ്പെടുന്ന സർക്കാർ രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കുമിടയിൽ ഐക്യവും പരസ്പരബന്ധവും മുറിവുണക്കലും സാധ്യമാക്കട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു' എന്നായിരുന്നു പ്രസിഡന്റ് ഐസക് ഹെർസോഗിൻ്റെ പ്രതികരണം.

'വലിയ ഉത്തരവാദിത്തബോധത്തോടെയും എന്റെ ചുമലുകളിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഭാരത്തിന്റെ ഗൗരവം പൂർണമായി തിരിച്ചറിഞ്ഞുമാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത്. ഇസ്രയേലിലെ മുഴുവൻ പൗരന്മാരുമാണ് എന്റെ മുന്നിലുള്ളത്' എന്നായിരുന്നു ഐസൻകോട്ട് പ്രതികരിച്ചത്. ഇസ്രയേൽ നിർണായകവും വെല്ലുവിളികൾ നിറഞ്ഞതുമായ അടിയന്തര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യം വിനാശകരമായ നയതന്ത്ര പ്രതിസന്ധിയിലൂടെയും കടന്നുപോകുകയാണെന്നും ഐസൻകോട്ട് വ്യക്തമാക്കി.

'ഇന്ന് ലഭിച്ചിരിക്കുന്ന നിയോഗത്തിലൂടെ ദേശീയ അടിയന്തര ഐക്യസർക്കാർ രൂപീകരിക്കാനുള്ള ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഇതിനായി സർഗാത്മകവും അസാധാരണവുമായ രാഷ്ട്രീയ നീക്കങ്ങൾ ആവശ്യമായി വരും. സമയം പാഴാക്കാനോ അനന്തമായ തിരഞ്ഞെടുപ്പ് ആവർത്തനങ്ങളിലേക്ക് പോകാനോ ഇസ്രയേലിന് കഴിയി'ല്ലെന്നും ഐസൻകോട്ട് കൂട്ടിച്ചേർത്തു.

ഇസ്രയേലിൽ പുതിയ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ആദ്യ അവസരം പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിന് നൽകുമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിവിധ പാർട്ടികളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് സർക്കാർ രൂപീകരിക്കാനുള്ള ആദ്യ അവസരം ഐസൻകോട്ടിന് നൽകാൻ ഹെർസോഗ് തീരുമാനിച്ചത്. ഇക്കാര്യം ഐസൻകോട്ടിനെയും നെതന്യാഹുവിനെയും അറിയിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഐസൻകോട്ടിന്റെ മുന്നണിക്കോ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നണിക്കോ പാർലമെന്റായ നെസറ്റിൽ കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല. ഇതേത്തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുമായി ഹെർസോഗ് ചർച്ചകൾ നടത്തിയിരുന്നു.

പുതിയ നെസറ്റിലെ അംഗങ്ങളെ പ്രതിനിധീകരിച്ച് എത്തിയ രാഷ്ട്രീയ പാർട്ടി സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചകൾക്കുശേഷം 67 പേരുടെ പിന്തുണയാണ് ഐസൻകോട്ടിന് ലഭിച്ചത്. നെതന്യാഹുവിന് 46 പേരുടെ പിന്തുണയും ലഭിച്ചു. സഖ്യസർക്കാർ രൂപീകരിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നേതാവിനെ തിരഞ്ഞെടുക്കാനുള്ള വിശാലമായ അധികാരം പ്രസിഡന്റിനുണ്ട്. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയുടെ നേതാവിനെത്തന്നെ സർക്കാർ രൂപീകരിക്കാൻ നിയോഗിക്കണമെന്ന നിർബന്ധവുമില്ല.

ഇസ്രയേലിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇതുവരെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. അതിനാൽ എല്ലാ സർക്കാരുകളും സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയിട്ടുള്ളത്. നെതന്യാഹുവിന്റെ വലതുപക്ഷ പാർട്ടിയായ ലിക്കുഡും തീവ്രവലതുപക്ഷ, അൾട്രാ ഓർത്തഡോക്സ് ജൂത വിഭാഗങ്ങളുമായുള്ള സഖ്യവും ചേർന്ന് 120 അംഗ നെസറ്റിൽ 53 സീറ്റുകളാണ് നേടിയത്. ഐസൻകോട്ടിന്റെ മധ്യപക്ഷ പാർട്ടിയായ യാഷറും അദ്ദേഹത്തിന്റെ മുന്നണിയിലെ മറ്റ് മൂന്ന് ജൂത പ്രതിപക്ഷ പാർട്ടികളും ചേർന്ന് 48 സീറ്റുകൾ നേടി.

അറബ് വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ്, ജോയിന്റ് ലിസ്റ്റ് എന്നീ രണ്ട് സഖ്യങ്ങൾ ചരിത്രത്തിലാദ്യമായി ആകെ 19 സീറ്റുകൾ നേടി. അറബ് വോട്ടർമാർക്കിടയിൽ രേഖപ്പെടുത്തിയ ഉയർന്ന പോളിങ് ഇതിന് സഹായകമായെന്നാണ് വിലയിരുത്തൽ. ഇതോടെ സർക്കാർ രൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന കക്ഷികളായി അറബ് സഖ്യങ്ങൾ മാറിയിരിക്കുകയാണ്. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് ജൂത പാർട്ടികളിൽ ഒന്നൊഴികെയുള്ളവയെല്ലാം അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Content Highlights: Israeli President Isaac Herzog has officially tasked Gadi Eisenkot with forming the next government, urging him to build a government that promotes national unity and reconciliation

dot image
To advertise here,contact us
dot image