

ഉപഭോക്താക്കൾക്ക് കൂടുതൽ ആരോഗ്യകരവും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന പുതിയ റേറ്റിങ് സംവിധാനം അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പോഷകമൂല്യം പരിശോധിച്ച് എ മുതൽ ഇ വരെ ഗ്രേഡ് നൽകുന്ന സംവിധാനത്തിന് ദുബായ് സെൻട്രൽ ലബോറട്ടറിയാണ് തുടക്കമിട്ടത്.
ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള ലളിതമായ ഗ്രേഡിങ് രീതിയിലൂടെ ഭക്ഷ്യവസ്തുക്കളുടെ പോഷകഗുണം ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകും. ഉൽപ്പന്നങ്ങളുടെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പോഷക വിവരങ്ങളുടെ കൃത്യത ലബോറട്ടറി പരിശോധനയിലൂടെ ഉറപ്പാക്കിയ ശേഷമാണ് എ, ബി, സി, ഡി, ഇ ഗ്രേഡുകൾ നൽകുന്നത്.
പുതിയ സംവിധാനം ഉപഭോക്താക്കൾക്ക് ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ വ്യക്തമായ തീരുമാനമെടുക്കാൻ സഹായിക്കും. വിപണിയിലെത്തിക്കുന്ന ഉൽപ്പന്നങ്ങളിലെ പോഷക വിവരങ്ങൾ കൃത്യവും ശാസ്ത്രീയവുമാണെന്ന് ഉറപ്പാക്കാൻ ഉൽപ്പാദകർക്കും വിതരണക്കാർക്കും ഇതിലൂടെ സാധിക്കും. ദുബായ് സെൻട്രൽ ലബോറട്ടറിയുടെ നിലവിലുള്ള മൈക്രോബയോളജിക്കൽ, കെമിക്കൽ പരിശോധനാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്.
Content Highlights: Dubai Municipality has introduced an A to E grading system to help consumers assess the nutritional value of food products.