

ജോർജിയ: അമേരിക്കൻ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനിടെ കാണാതായ മെമ്മറി കാർഡ് കണ്ടെത്തിയതോടെ ജോർജിയയിലെ ഒരു സ്റ്റേറ്റ് ഹൗസ് സീറ്റിലെ ഫലം അപ്രതീക്ഷിതമായി കീഴ്മേൽ മറിഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന സീറ്റിലാണ്, മെമ്മറി കാർഡിലെ വോട്ടുകൾ കൂടി എണ്ണിയതോടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി അട്ടിമറി വിജയം നേടിയത്. വൻ സുരക്ഷാ വീഴ്ചയായ ഈ സംഭവത്തിൽ ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റാഫൻസ്പെർഗർ അന്വേഷണം പ്രഖ്യാപിച്ചു.
സെമിനോൾ കൗണ്ടിയിലെ വോട്ടിംഗ് സ്റ്റേഷനിലാണ് വലിയ പിഴവ് സംഭവിച്ചത്. പോളിങ് ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരും യഥാർത്ഥത്തിൽ രേഖപ്പെടുത്തിയ വോട്ടുകളും തമ്മിൽ വലിയ വ്യത്യാസമുള്ളതായി തിരഞ്ഞെടുപ്പിന് ശേഷമുള്ള പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. രേഖപ്പെടുത്തിയതിനേക്കാൾ 388 പേർ അധികമായി വോട്ട് ചെയ്തിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വോട്ടുകൾ രേഖപ്പെടുത്തിയ ഒരു മെമ്മറി കാർഡ് ഇലക്ഷൻ മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്യാൻ വിട്ടുപോയതായി മനസ്സിലായത്.
ജോർജിയയിലെ 154-ാം നമ്പർ സ്റ്റേറ്റ് ഹൗസ് ഡിസ്ട്രിക്റ്റിലാണ് ഈ പിഴവ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹാരി ജെയിംസ് 100-ൽ താഴെ വോട്ടുകൾക്ക് ഇവിടെ മുന്നിലായിരുന്നു. എന്നാൽ വെള്ളിയാഴ്ച മെമ്മറി കാർഡിലെ പുതിയ വോട്ടുകൾ കൂടി ഉൾപ്പെടുത്തിയതോടെ റിപ്പബ്ലിക്കൻ സിറ്റിങ് പ്രതിനിധിയായ ജെറാൾഡ് ഗ്രീൻ 262 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അപ്രതീക്ഷിതമായി മുന്നിലെത്തുകയായിരുന്നു.' പിഴവ് കേവലം അക്കങ്ങളെ മാത്രമല്ല ബാധിച്ചത്, ഒരു തിരഞ്ഞെടുപ്പിൽ ആര് നയിക്കുന്നു എന്നതിനെത്തന്നെ മാറ്റിമറിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾ കണ്ടെത്തും' അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ബ്രാഡ് റാഫൻസ്പെർഗർ വ്യക്തമാക്കി.
180 അംഗങ്ങളുള്ള ജോർജിയ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷത്തിന് 91 സീറ്റുകളാണ് വേണ്ടത്. രണ്ട് പതിറ്റാണ്ടായി തുടരുന്ന റിപ്പബ്ലിക്കൻ ആധിപത്യം തകർത്ത് ഇത്തവണ 92 സീറ്റുകൾ നേടി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുക്കുമെന്നായിരുന്നു സൂചന. എന്നാൽ ജെറാൾഡ് ഗ്രീനിന്റെ ഈ അപ്രതീക്ഷിത വിജയം ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷത്തെ ഒരു സീറ്റിൻ്റെ നേരിയ വ്യത്യാസത്തിലേക്ക് ചുരുക്കിയിരിക്കുകയാണ്. മറ്റൊരു സീറ്റിൽ കൂടി റൺഓഫ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അവിടുത്തെ ഫലവും സഭയുടെ നിയന്ത്രണത്തിൽ നിർണായകമാകും.
Content Highlights: A missing voting machine memory card in Georgia's Seminole County has flipped a State House election result, giving Republican Gerald Greene a 262-vote lead over Democrat Harry James.