'ഇറാഖിൻ്റെ ഭൂപ്രദേശത്ത് നിന്ന് അയൽരാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ വിദേശശക്തികൾ ശ്രമിച്ചതിന് തെളിവുകളുണ്ട്'

ഇറാഖിന്റെ മണ്ണിൽനിന്ന് ഗൾഫ് രാജ്യങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ബാഗ്ദാദ് അന്വേഷണം നടത്തിവരികയാണെന്ന് ഇറാഖ് വിദേശകാര്യമന്ത്രി ഫുവാദ് ഹുസൈൻ വ്യക്തമാക്കി

'ഇറാഖിൻ്റെ ഭൂപ്രദേശത്ത് നിന്ന് അയൽരാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ വിദേശശക്തികൾ ശ്രമിച്ചതിന് തെളിവുകളുണ്ട്'
dot image

ബാ​ഗ്ദാദ്: ഇറാഖിന്റെ ഭൂപ്രദേശം ഉപയോഗിച്ച് അയൽരാജ്യങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്താൻ വിദേശശക്തികൾ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് ഇറാഖ് വിദേശകാര്യമന്ത്രി ഫുവാദ് ഹുസൈൻ. ഇറാഖിന്റെ മണ്ണിൽനിന്ന് ഗൾഫ് രാജ്യങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ബാഗ്ദാദ് അന്വേഷണം നടത്തിവരികയാണ്. സൗദി അറേബ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ഇറാഖ് ശ്രമിക്കുന്നതെന്നും ഫുവാദ് ഹുസൈൻ പറഞ്ഞു. ശനിയാഴ്ച അൽ ജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാൻ അനുകൂല സായുധസംഘങ്ങളുടെ ആയുധങ്ങൾ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കുന്നതിനായി അവരുമായി ചർച്ചകൾ നടത്തിവരികയാണെന്നും ഇറാഖ് വിദേശകാര്യമന്ത്രി പറഞ്ഞു. ഈ നടപടികൾ ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് സംഭാഷണങ്ങളിലൂടെയാണ് മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സൗഹൃദവും സഖ്യവും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇറാഖിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രി ഫുവാദ് ഹുസൈൻ പറഞ്ഞു. ഇക്കാര്യം ഇറാനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അൽ ജസീറയോട് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി നിലച്ചതിനെത്തുടർന്ന് ഇറാഖിന് ഏകദേശം 60 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായതായി വിദേശകാര്യമന്ത്രി ഫുവാദ് ഹുസൈൻ അൽ ജസീറയോട് പറഞ്ഞു. സൗദി അറേബ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ തുറന്നതും സത്യസന്ധവുമായ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ഇറാഖ് ആഗ്രഹിക്കുന്നതെന്നും ഫുവാദ് ഹുസൈൻ പറഞ്ഞു.

ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാൻ അനുകൂല സായുധസംഘങ്ങൾ തങ്ങളുടെ എണ്ണ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിച്ചതായി സൗദി അറേബ്യ നേരത്തെ ആരോപിച്ചിരുന്നു. സെപ്റ്റംബറിൽ സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾ ഇറാഖിന്റെ ഭൂപ്രദേശത്തുനിന്നാണ് ഉണ്ടായതെന്ന് ബാഗ്ദാദ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സൗദി അറേബ്യക്കെതിരെ ആക്രമണം നടത്താൻ ഇറാഖിന്റെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ മാസം ഇറാഖ് പ്രധാനമന്ത്രി അലി അൽ സൈദി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് നേരത്തെ ക്കാര്യം ഉറപ്പുനൽകിയിരുന്നു.

'യുദ്ധമോ സമാധാനമോ അല്ലാത്ത' നിലവിലെ സാഹചര്യം മാന്യമായ രീതിയിൽ മറികടക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസി (ഐഎസ്എൻഎ)യാണ് അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത്. ഇതിനായി ഇന്ധനത്തിന്റെയും ഊർജത്തിന്റെയും ഉപഭോഗം നിയന്ത്രിക്കുന്നതിനും അവ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ശ്രദ്ധാപൂർവവും ഗൗരവത്തോടെയുമുള്ള ആസൂത്രണം ആവശ്യമാണെന്നും പെസെഷ്കിയാൻ പറഞ്ഞു. നിലവിലെ സാഹചര്യം മറികടക്കാനുള്ള തന്ത്രം ഇത്തരം ആസൂത്രണങ്ങൾക്ക് തടസ്സമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Iraqi Foreign Minister Fuad Hussein says Baghdad has evidence that foreign parties have used Iraqi territory to launch attacks against neighbouring countries, raising concerns over regional security

dot image
To advertise here,contact us
dot image