തോല്‍വിയില്‍ നിന്നും പഠിക്കണം; പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവുവരുത്താന്‍ ട്രംപിനോട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

'യുദ്ധത്തില്‍ അയവുവരുത്താനുള്ള സമയമായി എന്ന് ഞാന്‍ പരസ്യമായും നേരിട്ടും ട്രംപിനോട് വ്യക്തമാക്കിയിട്ടുണ്ട്,' അമേരിക്കന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചകളെ കുറിച്ച് ആന്തണി ആല്‍ബനീസ് പറഞ്ഞു.

തോല്‍വിയില്‍ നിന്നും പഠിക്കണം; പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവുവരുത്താന്‍ ട്രംപിനോട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
dot image

കാന്‍ബെറ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിയെത്തുടര്‍ന്ന് ഇറാനുമായുള്ള യുദ്ധത്തില്‍ അയവുവരുത്താന്‍ അമേരിക്കയോട് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ്. ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ 'വളരെ നിര്‍ണായകമാണ്' എന്ന് വിശേഷിപ്പിച്ച അല്‍ബനീസ്, കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടി, സിഎച്ച്ഒജിഎം-ൽ (Commonwealth Heads of Government Meeting-CHOGM) പങ്കെടുത്ത നേതാക്കള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ഈ ഫലങ്ങളായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനോട് ആല്‍ബനീസ് വ്യക്തമാക്കി.

Australian Prime Minister Anthony Albanese
ആന്തണി അല്‍ബനീസ്.

ചൊവ്വാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിന്റെ നിയന്ത്രണം നേടുകയും ഭൂരിഭാഗം സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. 'ആഗോള സാമ്പത്തിക രംഗത്തെ പണപ്പെരുപ്പമാകട്ടെ, അല്ലെങ്കില്‍ സ്വതന്ത്ര വ്യാപാര അന്തരീക്ഷം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാകട്ടെ… യുദ്ധം അവസാനിക്കണമെന്നും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നുമാണ് സിഎച്ച്ഒജിഎമ്മിലെ ഓരോ രാജ്യവും ആഗ്രഹിക്കുന്നത്,' ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

US President Donald Trump and Australian Prime Minister Anthony Albanese.
ട്രംപും ആല്‍ബനീസും

ഇറാനുമായുള്ള യുദ്ധം ഓസ്‌ട്രേലിയയിലെ ജീവിതച്ചെലവുകളുടെ വര്‍ധനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അല്‍ബനീസ്, വിഷയം നയതന്ത്രതലത്തില്‍ വാഷിങ്ടണിന് മുന്നില്‍ ഉന്നയിക്കുന്നത് തുടരുമെന്ന് അറിയിച്ചു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

'യുദ്ധത്തില്‍ അയവുവരുത്താനുള്ള (de-escalation) സമയമായി എന്ന് ഞാന്‍ പരസ്യമായും നേരിട്ടും ട്രംപിനോട് വ്യക്തമാക്കിയിട്ടുണ്ട്,' അമേരിക്കന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചകളെ കുറിച്ച് ആന്തണി ആല്‍ബനീസ് പറഞ്ഞു. ഓസ്‌ട്രേലിയയുടെ ദേശീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി നയതന്ത്രപരമായ രീതിയില്‍ താന്‍ പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ സൈനിക ആക്രമണം ആരംഭിച്ചത്. ഏപ്രിലില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരികയും ജൂണില്‍ സമാധാന കരാറിനായി ധാരണാപത്രം (എംഒയു) ഒപ്പുവെക്കുകയും ചെയ്‌തെങ്കിലും ഈ ശ്രമങ്ങളൊന്നും വിജയിച്ചില്ല. സംഘര്‍ഷം പരിഹരിക്കപ്പെടാതെ ഇപ്പോഴും തുടരുകയാണ്.

Donald Trump and Benjamin Netanyahu.
ഡോണള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും

അതേസമയം, ഇറാനുമായുള്ള യുദ്ധമാണ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകാന്‍ കാരണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞിരുന്നു എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വാന്‍സിന്റെ പ്രതികരണം. നമ്മള്‍ പരാജയപ്പെടാന്‍ കാരണം യുദ്ധമാണെന്നും പ്രസിഡന്റ് തന്നെ ഇന്നലെ രാത്രി ഇക്കാര്യം വ്യക്തമാക്കിയതാണ് എന്നുമായിരുന്നു വാന്‍സ് പറഞ്ഞത്.

Also Read:

അടുത്ത ആറ് വര്‍ഷത്തേക്ക് സെനറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഈ യുദ്ധത്തിന്റെ പേരില്‍ സംഭവിച്ചതാണെങ്കിലും യുദ്ധം അതിന് അര്‍ഹമായിരുന്നുവെന്ന് വാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. 2024-ല്‍ ട്രംപ്-വാന്‍സ് സഖ്യത്തിന് വോട്ട് ചെയ്ത നിരവധി പേര്‍ 2026-ല്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്തതാണ് പ്രധാന പ്രശ്നമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

Content Highlight: Australian Prime Minister Anthony Albanese has urged the United States to ease its war with Iran following the Republican Party's setback in the US midterm elections. Describing the election results as "very significant", Albanese said the outcome had emerged as a major topic of discussion among leaders attending the Commonwealth Heads of Government Meeting (CHOGM). Speaking to the Australian Broadcasting Corporation (ABC), the Australian leader highlighted the importance of the midterm results, which could have significant implications for Washington's approach to the ongoing conflict with Iran.

dot image
To advertise here,contact us
dot image